ത്രില്ലറുമായി രഞ്ജൻ പ്രമോദ്; ‘ഒ ബേബി’ ടീസർ
Mail This Article
‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒ ബേബി’ ടീസർ എത്തി. കഴിഞ്ഞ സിനിമകളിൽ നിന്നും വ്യത്യസ്തമായി ത്രില്ലറുമായാണ് രഞ്ജൻ പ്രമോദ് ഇത്തവണ എത്തുന്നത്. ദിലീഷ് പോത്തനും ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും അണി ചേരുന്ന ‘ഒ,ബേബി’യുടെ ടീസർ ഏറെ നിഗൂഢത നിറഞ്ഞതാണ്. ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.
രഞ്ജൻ പ്രമോദും ദിലീഷ് പോത്തനും കൈ കോർക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മുഖ്യധാര മലയാളസിനിമയിലെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഇരുവരും ആദ്യമായിട്ടാണ് ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, നടൻ എം ജി സോമന്റെ മകൻ സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രഞ്ജന്‍ പ്രമോദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: അരുണ്‍ ചാലില്‍. വരുൺ കൃഷ്ണ, പ്രണവ് ദാസ് ചേർന്നാണ് പാട്ടുകൾക്ക് സംഗീതം ചിട്ടപ്പെടുത്തിയത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ലിജിൻ ബാംബിനോ. സൗണ്ട് ഡിസൈൻ: ഷമീർ അഹമ്മദ്, എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ: രാഹുൽ മേനോൻ, കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ: ഏ കെ മനോജ്. സംഘട്ടനം: ഉണ്ണി പെരുമാൾ. പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ചിത്രം ജൂണിലാകും തിയറ്ററിലെത്തുക.