രാത്രി രണ്ടരയ്ക്ക് ദിലീപ് വിളിച്ചു, ഉറങ്ങാൻ കഴിയുന്നില്ലെന്ന് എന്നോടു പറഞ്ഞു: മുകേഷ് പറയുന്നു

Mail This Article
തന്റെ ഇരട്ട സഹോദരനെ നടൻ ദിലീപ് കണ്ടെത്തിയ കഥപറഞ്ഞ് മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിൽ ആണ് തമിഴ് നാട്ടിൽ ഒരു പോസ്റ്റർ കണ്ടു രാത്രി രണ്ടര മണിക്ക് ദിലീപ് വിളിച്ച കഥ മുകേഷ് പറഞ്ഞത്. ‘‘ചേട്ടാ ചേട്ടനെപ്പോലെ ഒരാളുടെ പോസ്റ്റർ ഞാൻ കണ്ടു, രാഷ്ട്രീയക്കാരൻ ആണ്, അത് ചേട്ടനല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല’’ എന്ന് ദിലീപ് തന്നെ വിളിച്ചു പറഞ്ഞുവെന്ന് മുകേഷ് പറയുന്നു. പിറ്റേന്ന് രാവിലെയും വിസ്മയം അടക്കാൻ കഴിയാതെ ദിലീപ് വിളിച്ചെന്നും അവിടെ ചെന്ന് പോസ്റ്റർ കാണാൻ നിർബന്ധിച്ചപ്പോൾ അത് താൻ തന്നെയാണ്, നീ ഇതിപ്പോ ആരോടും പറയണ്ട, ഒരു സിനിമയിൽ രാഷ്ട്രീയക്കാരൻ ആയി അഭിനയിച്ചതിന്റെ പോസ്റ്റർ ആണ് എന്ന് ദിലീപിനോട് ഒടുവിൽ തുറന്നു പറഞ്ഞുവെന്നും മുകേഷ് വെളിപ്പെടുത്തി.
‘‘ഒരു ദിവസം രാത്രി ഞാൻ കൊല്ലത്ത് ഉള്ളപ്പോൾ രാത്രി ഒരു രണ്ടര മണിയൊക്കെ ആയിക്കാണും, എനിക്ക് ഒരു ഫോൺ കോൾ വന്നു. ദിലീപിന്റെ കോൾ ആണ്. അത്ര അത്യാവശ്യം ഇല്ലെങ്കിൽ ദിലീപ് രാത്രി രണ്ടരമണിക്ക് വിളിക്കില്ലല്ലോ എന്ന് ഞാനും ആലോചിച്ചു. ഞാൻ കോൾ എടുത്തു. ദീലിപ് പറയുകയാണ്, ‘‘ചേട്ടാ ഉറക്കം വരുന്നില്ല, ഉറങ്ങാൻ പറ്റുന്നില്ല. ഞാൻ ഇപ്പോൾ ഷൂട്ടിങ് കഴിഞ്ഞു വന്നതേ ഉള്ളൂ, നാളെ രാവിലെ വിളിക്കാം എന്ന് വിചാരിച്ചതാണ്. പക്ഷേ ഇത് ചേട്ടനോട് പറയാതെ എനിക്കിന്ന് ഉറങ്ങാൻ പറ്റില്ല’’. ഞാൻ ചോദിച്ചു എന്താണ് ഇത്ര സീരിയസ് കാര്യം. ‘‘ചേട്ടനെ പോലെ തമിഴ്നാട്ടിൽ ഒരാളുണ്ട്, അദ്ദേഹം രാഷ്ട്രീയക്കാരനാണ്.’’ ഞാൻ ചോദിച്ചു ‘‘നീ നേരിട്ടു കണ്ടോ?’’
ദിലീപ് പറഞ്ഞു, ‘‘നാളെ കാണും. അയാളുടെ വീടൊക്കെ അന്വേഷിക്കാൻ ഞാൻ ഏൽപിച്ചിട്ടുണ്ട്. ഞാൻ ചോദിച്ചു ‘‘പിന്നെ ഇപ്പൊ എന്താ പറയാൻ കാര്യം?’’ ദിലീപ് പറഞ്ഞു ‘‘ഒരു പോസ്റ്റർ കണ്ടു. വലിയ ഏതോ നേതാവ് ആണ് ഇലക്‌ഷന് നിൽക്കുന്നു. ചേട്ടൻ അല്ലെന്ന് ആരും പറയില്ല, ഇതിൽ എന്തോ ഉണ്ട്, ചേട്ടൻ വീട്ടിൽ ചോദിക്കണം അല്ലെങ്കിൽ സ്വന്തക്കാരോടോ ഏറ്റവും അടുത്ത ആൾക്കാരോടോ ചോദിക്കണം, ഇതിൽ എന്തോ തകരാർ ഉണ്ട്, ചേട്ടാ കയ്യ് ഒക്കെ എങ്ങനെയാ മാറിപ്പോകുന്നത്, ചേട്ടന്റെ കയ്യും കഴുത്തും തടിയുമൊക്കെ എല്ലാം അത് തന്നെ. തമിഴൻ ആണ് ഇലക്‌ഷന് നിൽക്കുന്നു. വലിയ ഏതോ രാഷ്ട്രീയക്കാരനാണ്. അത് എന്തായാലും ചേട്ടൻ അല്ലെന്ന് എനിക്കറിയാം. അല്ലെങ്കിൽത്തന്നെ ഈ പ്രദേശത്തു ചേട്ടന് എന്താണ് ബന്ധം, ചേട്ടൻ ഉറങ്ങിക്കോ നാളെ രാവിലെ ഞാൻ ബാക്കി പറയാം. ഇന്നിപ്പോ പറയാതിരിക്കാൻ നിവർത്തിയില്ലാത്തതുകൊണ്ടാണ് വിളിച്ചത്.’’ ദിലീപ് ഫോൺ വച്ചു.
ഞാൻ വിചാരിച്ചു, ഇതെന്താ സംഭവം, ഇത്രയും സാദൃശ്യം എന്ന് ദിലീപ് പറയുമ്പോൾ എന്തോ ഉണ്ടല്ലോ, അല്ലെങ്കിൽ്തന്നെ പാതിരാത്രി വിളിച്ചു പറയേണ്ട കാര്യമില്ലല്ലോ. ഞാൻ കിടന്ന് ഉറങ്ങി. രാവിലെ ഏഴര മണിക്ക് ഞാൻ എഴുന്നേറ്റപ്പോൾ ദിലീപ് മൂന്നുപ്രാവശ്യം വിളിച്ചിരിക്കുന്നു. ഞാൻ അങ്ങോട്ട് വിളിച്ചു. അപ്പോൾ ദിലീപ് പറഞ്ഞു ‘‘ചേട്ടാ അയാളുടെ വീട് കണ്ടെത്തിയില്ല, ചേട്ടന് സൗകര്യം ഉണ്ടെങ്കിൽ ഒന്ന് പൊള്ളാച്ചി വരെ വരണം. പൊള്ളാച്ചിക്ക് അടുത്താണ് ഇയാളുടെ വീട്, നമുക്ക് കണ്ടുപിടിക്കാം, നമ്മൾ അവിടെ ചെല്ലുമ്പോൾ ചേട്ടനും കൂടി ഉണ്ടെങ്കിൽ അവർക്കൊരു ഞെട്ടൽ ആയിരിക്കും, അതൊരു വലിയ സംഭവം ആയിമാറും. എനിക്ക് ഫോണിൽ ക്യാമറ ഇല്ല. ഞാൻ എന്റെ ലാപ്ടോപ്പ് കൊണ്ടുപോയിട്ട് അത് തിരിച്ചു വച്ച് ഫോട്ടോ എടുത്ത് പലരെയും കാണിച്ചു. എല്ലാവരും പറഞ്ഞു ഇത് ചേട്ടൻ തന്നെ എന്ന്. ചേട്ടൻ ഒന്നു വാ.’’
ഞാൻ പറഞ്ഞു, ‘‘നീ സമാധാനിക്ക്, നിനക്ക് എവിടെയായിരുന്നു ഷൂട്ടിങ്?’’ പൊള്ളാച്ചിയിലെന്ന് ദിലീപ് പറഞ്ഞു. പൊള്ളാച്ചിയിൽ എവിടെയെന്ന് ചോദിച്ചപ്പോൾ മാർക്കറ്റിലായിരുന്നുവെന്നും ദിലീപ് പറഞ്ഞു.
നീ പോസ്റ്റർ എല്ലാം കണ്ടത് മാർക്കറ്റിൽ തന്നെയാണോ? എന്നും ഞാൻ ചോദിച്ചു. ‘‘അതെ, മാർക്കറ്റിന്റെ പുറത്ത് വലിയ കട്ട്ഔട്ട് വച്ചിരിക്കുന്നു, നല്ല കളർ പടമാണ്’’–ദിലീപ് പറഞ്ഞു. ‘‘നീ രാത്രി മുഴുവൻ ഉറങ്ങിയില്ല അല്ലേ’’, അവൻ പറഞ്ഞു ഇല്ല. എന്നാൽ നീ പോയിക്കിടന്ന് ഉറങ്ങുവെന്ന് ഞാൻ പറഞ്ഞു. ‘‘അപ്പോ ചേട്ടനും അറിയാം അല്ലേ അയാളെ?, കള്ളാ, എന്നിട്ട് നമ്മളോട് പറഞ്ഞില്ലല്ലോ, ഇദ്ദേഹത്തെ വച്ച് ഡബിൾ റോൾ ഒക്കെ എടുത്തു കഴിഞ്ഞാൽ നൂറു ശതമാനം ആൾക്കാർ ഞെട്ടും. അത്ര സാമ്യം ആണ്’’– ദിലീപ് വീണ്ടും ആശ്ചര്യപ്പെട്ടു.
ഞാൻ പറഞ്ഞു ‘‘നീ വേറെ ആരോടും പറയണ്ട ഞാൻ സത്യം പറയാം, കഴിഞ്ഞ ആഴ്ച ഞാൻ ഒരു തമിഴ് പടത്തിൽ അഭിനയിച്ചിരുന്നു, സി. സുന്ദറിന്റെ ‘‘അയിന്താം പടൈ’’ എന്നാണ് പേര്. സി. സുന്ദറിന്റെ മൂത്ത ചേട്ടൻ ആയിട്ടാണ് ഞാൻ അഭിനയിച്ചത്. അവിടെ ഞാൻ ഇലക്‌ഷന് നിൽക്കുന്നതായിട്ട് ഒരു സീൻ എടുത്തു അതിന്റെ പോസ്റ്റർ ഒട്ടിച്ചതാണ്. അത് ഞാൻ തന്നെയാടാ, തമിഴനല്ല, നീ ഇതാരോടും പറയണ്ട ആ സസ്പെൻസ് അങ്ങനെ നിൽക്കട്ടെ. അതെന്റെ ഇരട്ട സഹോദരനാണെന്ന് ഞാൻ സമ്മതിച്ചു എന്ന് എല്ലാരോടും പറ. എന്റെ ഇരട്ട സഹോദരൻ ആണ് ഞങ്ങൾ പ്രസവിച്ചപ്പോഴേ വേർപെട്ടുപോയി, അയാളുടെ വീട് ചേട്ടന് അറിയാം ഒരു ദിവസം കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞുവെന്നും പറ. കുറച്ചു നാള് കൂടി ഇത് ഇങ്ങനെ നിൽക്കട്ടെ’’. ഇത് കേട്ടതും ‘‘എന്റെ ചേട്ടാ’’ എന്നായിരുന്നു ദിലീപിന്റെ മറുപടി.’’–മുകേഷ് പറയുന്നു.