ADVERTISEMENT

ശ്രീകുമാരൻ തമ്പിയുമായുള്ള ആത്മബന്ധം തുറന്നു പറഞ്ഞ് നടന്‍ സുരേഷ് ഗോപി. രാധികയുമായുള്ള തന്റെ വിവാഹ കാര്യത്തിൽ ഉലച്ചിൽ ഉണ്ടായപ്പോൾ ഇടപെട്ടത് ശ്രീകുമാരൻ തമ്പിയാണെന്നും അദ്ദേഹത്തിന്റെ ഒറ്റ വാക്കിലാണ് രാധികയുടെ മുത്തശ്ശിയായ ആറന്മുള പൊന്നമ്മ വിവാഹം ഉറപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. രാധികയെ കണ്ടെത്തിയതിനുശേഷമാണ് തന്റെ ഒരിഷ്ടം ഇല്ലായ്മ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാൻ ആഗ്രഹിച്ചതു നടക്കേണ്ട എന്ന് ചില ആൾക്കാർ തീരുമാനിച്ചു. രാധികയെ കണ്ടെത്തിയതിനു ശേഷമാണ് എന്റെ ഒരിഷ്ടം ഒഴിവാക്കിപ്പിച്ചത്. ഒഴിവാക്കിപ്പിച്ചതല്ല, ഇല്ലായ്മ ചെയ്തത്. അതിൽ ഞാൻ ആരെയും കുറ്റം പറയില്ല. കാരണം ഏറ്റവും വലിയ അനുഗ്രഹമാണ് എനിക്ക് അതുവഴി കിട്ടിയത്. അതുകൊണ്ട് അവരെ കുറ്റം പറയുന്നത് ദൈവദോഷമാണ്.’’ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ‘കാരുണ്യ മാൻ ഓഫ് ദി ഇയർ 2023’ പുരസ്കാരം എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരസ്കാരങ്ങൾ നൽകാനാണ് സാധാരണ ഇങ്ങനെയുള്ള വേദികളിൽ ഞാൻ പോകാറുള്ളത്. എന്റെ പ്രാർഥനയുടെ ഭാഗമായി, പ്രാർഥനാപൂർവം ഞാൻ ചെയ്യുന്ന പ്രവൃത്തിയുടെ ഭാഗമായി, എനിക്ക് ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ചു നൽകുന്നുണ്ട് എന്ന് നിങ്ങളുടെ മുന്നിൽ വന്ന് നന്ദിപൂർവം ഞാൻ സ്മരിക്കുക മാത്രമാണ് ചെയ്യുക. ശ്രീകുമാരൻ തമ്പി സാറുമായി ഒരുപാട് നാളായുള്ള ബന്ധമാണ്. തമ്പി സാർ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിലുടനീളം നടന്നിട്ടുണ്ട്. 

1983 ലാണ് ചാൻസ് അന്വേഷിച്ച് ഞാൻ ശ്രീകുമാരൻ തമ്പി സാറിന്റെ വീട്ടിൽ ചെല്ലുന്നത്. അന്ന് അദ്ദേഹം പറഞ്ഞു, ‘‘ഞാനിങ്ങനെ സൂപ്പർ താരങ്ങളുടെ ഡേറ്റിനു വേണ്ടി കാത്തിരിക്കുന്ന ഒരു സംവിധായകനും നിർമാതാവുമാണ്. ഒരുപാടു തവണ കൈപൊള്ളിയിട്ടുണ്ടെങ്കിലും അവരെക്കൊണ്ടു തന്നെ സിനിമ ചെയ്ത് ആ പൊള്ളലെല്ലാം മാറ്റണം എന്നു കരുതിയാണ്  കാത്തിരിക്കുന്നത്. അവരിൽ ആരെങ്കിലും ഡേറ്റ് തന്നാൽ സുരേഷ്  ഗോപിക്ക് അതിൽ ഒരു വേഷം തരാം എന്നു മാത്രമേ പറയാൻ സാധിക്കൂ’’. അങ്ങനെ പറഞ്ഞു തുടങ്ങിയ ബന്ധമാണ്. ഞാൻ അവിടെനിന്ന് അത്രയും സന്തോഷമില്ലാതെയാണ് ഇറങ്ങിയതെങ്കിലും അദ്ദേഹം എന്നെ വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞു. ‘‘എടാ സുരേഷേ, ഞാൻ തന്റെ ജീവിതത്തിലും കരിയറിലും എന്താകുമെന്ന് എനിക്കൊരു നിശ്ചയവുമില്ല, പക്ഷേ താൻ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഉദ്യമത്തിലൂടെ തനിക്ക് അനുഗ്രഹമായി വരാനിരിക്കുന്ന ഒരു സിനിമാ ജീവിതം ഉണ്ട് .താൻ അത് തുടങ്ങിക്കഴിഞ്ഞ് അധികം വൈകാതെ തന്നെ മലയാള സിനിമയുടെ ഒരു സൂപ്പർസ്റ്റാറായി മാറിയിരിക്കും, അതെനിക്ക് ഇപ്പോൾ കാണാനും കഴിയുന്നുണ്ട്.’’ ഇങ്ങനെ അദ്ദേഹം പറഞ്ഞതു മുതൽ തുടങ്ങിയ ഒരു ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിൽ ഓരോ നിമിഷവും അന്വർഥം ആയിക്കൊണ്ടിരിക്കുകയാണ്. 

ഒരു സിനിമാനടന് വൈവാഹിക ജീവിതം എന്നത് എന്റെ കാലത്തൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ കല്യാണം കഴിക്കാനായി വീട്ടിലേക്ക് പെൺകുട്ടികൾ അതിക്രമിച്ച് കടന്നു കയറുന്ന ഒരു കാലവും ഉണ്ടായിരുന്നു. പക്ഷേ അങ്ങനെയല്ലല്ലോ ഒരു വിവാഹ ജീവിതം. ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന്, അവൾ പെൺകുട്ടിയായി തന്നെ 80, 90 വയസ്സ് വരെ ദമ്പതികളായി തുടർന്ന്, പെൺകുട്ടിയായും ചെക്കനായും തന്നെ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ കഴിയുക എന്നതൊക്കെ ഒരു ഈശ്വരാനുഗ്രഹം ആണെന്നാണ് ഞാൻ കരുതുന്നത്. 

suresh-gopi-radhika-wedding
സുരേഷ് ഗോപിയും രാധികയും

ആ യാത്രയ്ക്ക് നിശ്ചയം കുറിക്കുന്നതിന് ഒരുപാട് മര്യാദകളുണ്ട്. നാട്ടുനടപ്പ് അനുസരിച്ചല്ല, അല്ലാതെ തന്നെ ശാസ്ത്രീയമായി ഒരുപാട് കാര്യങ്ങളുണ്ട്. അച്ഛനും അമ്മയും ആഗ്രഹിച്ചതുപോലെ നടത്തിയെടുക്കുന്നതിന്റെ ഭാഗമായി എന്റെ വലിയൊരു ആഗ്രഹം ത്യാഗം ചെയ്യേണ്ടി വന്നു എന്നൊന്നും പറഞ്ഞുകൂടാ. ആഗ്രഹിച്ചിരുന്നു, അത് നടക്കേണ്ട എന്ന് ആൾക്കാർ തീരുമാനിച്ചു. രാധികയെ കണ്ടെത്തിയതിനു ശേഷമാണ് എന്റെ ഒരിഷ്ടം ഒഴിവാക്കിപ്പിച്ചത്. ഒഴിവാക്കിപ്പിച്ചതല്ല, ഇല്ലായ്മ ചെയ്തത്. അതിൽ ഞാൻ ആരെയും കുറ്റം ഒന്നും പറയില്ല. കാരണം ഏറ്റവും വലിയ അനുഗ്രഹമാണ് എനിക്ക് അതുവഴി കിട്ടിയത്. അതുകൊണ്ട് അവരെ കുറ്റം പറയുന്നത് ദൈവദോഷമാണ്. 

പക്ഷേ അന്ന് ഈ കല്യാണം കുത്തി കലക്കാൻ വന്ന ആൾക്കാർ മൂലം ആറന്മുള പൊന്നമ്മ എന്ന, രാധികയുടെ മുത്തശ്ശിയുടെ മനസ്സ് ഒന്ന് ആടിപ്പോയി. രാധിക അച്ഛനില്ലാത്ത കുട്ടിയാണ്. അതുകൊണ്ടുതന്നെ രാധികയോട് ‘നമുക്ക് ഈ കല്യാണം വേണ്ട, സിനിമാ നടന്മാർ വേണ്ട’ എന്ന് അവരുടെ അമ്മാവന്മാർ പറഞ്ഞു. അന്ന് ഞങ്ങളെ ഒന്നിപ്പിച്ചത് ശ്രീകുമാരൻ തമ്പി സാറാണ്. സർ അവരുടെ മുത്തശ്ശിയുടെ വീട്ടിൽ പോയി ഇങ്ങനെ പറഞ്ഞു. ‘‘അമ്മയ്ക്ക് അമ്മയുടെ ജീവിതം എന്നു പറയുന്നത് സിനിമയാണ്. സിനിമയിലൂടെയാണ് അമ്മയുടെ ജീവിതം വളർന്നത്. അമ്മയുടെ ഭർത്താവ് പോലും ജീവിച്ചത് സിനിമയിലെ പണം കൊണ്ടാണ്. അമ്മയുടെ മകൻ ഡോക്ടർ ആയതും സിനിമാ പണം കൊണ്ടാണ്. അങ്ങനെ നാട്ടുകാർ പലതും പറഞ്ഞു എന്ന് കരുതി നമ്മൾക്ക് സിനിമയോട് ഒരു ദൂരം പാടില്ല. സിനിമയിൽനിന്ന് നിങ്ങൾക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും ഉത്തമനായ ഒരു സിനിമാ നടൻ തന്നെയാണ് സുരേഷ് ഗോപി’’. ഇത് സർ പറഞ്ഞതിന്റെ പശ്ചാത്തലത്തിൽ, എല്ലാ അമ്മാവന്മാരും വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞ് അമ്മൂമ്മ നിശ്ചയിച്ച ബന്ധമാണ് ഞങ്ങളുടേത്. 

പിന്നീടും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. വലിയ ദുരന്തങ്ങളും ഞങ്ങൾ രണ്ടുപേരും ചേർന്ന് നേരിട്ടിട്ടുണ്ട്. ഇനി പ്രസവിക്കുകയേ ഇല്ല എന്നു പറഞ്ഞിടത്ത്, അത്രയും വിഷമിച്ച ഒരു സമയത്ത് നാലു കുഞ്ഞുങ്ങളെയാണ് ഞങ്ങൾക്കു ലഭിച്ചത്. പേടിച്ചുപോയി, കാരണം ഒരു നഷ്ടം എന്നു പറയുന്നത്, അവിടം കൊണ്ട് തീർന്നോ എന്നു പറയുന്നിടത്താണ്. അത്രയും വലിയ ഒരു വ്യാകുലത. അത്രയും ആർത്തിയോടെയാണ് ഓരോ കുഞ്ഞുങ്ങളെയും ഞങ്ങൾ ഏറ്റെടുത്തത്. അങ്ങനെ ഈശ്വരൻ എനിക്ക് അനുഗ്രഹിച്ചുതന്ന മക്കളാണ് അവർ. 

radhika-son-daughter
മക്കൾക്കൊപ്പം രാധിക

അവരെ ഞാൻ വളർത്തിയിട്ടില്ല എന്നതാണ് സത്യം. കുഞ്ഞുങ്ങളെ വളർത്തുക എന്ന ചുമതലയും ഭാരവും എല്ലാം ഏറ്റെടുത്തത് അവളാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ പല പ്രശ്നങ്ങളിലേക്കും എനിക്ക് ആഴത്തിൽ ഇറങ്ങാൻ കഴിഞ്ഞു. സത്യത്തിൽ ഈ അവാർഡ് കൊടുക്കേണ്ടത് അവൾക്കാണ്. അവൾ മൗനത്തിലൂടെ അനുവദിച്ച കാര്യങ്ങൾക്കാണ് ഞാൻ ഈ അവാർഡിലൂടെ അർഹത നേടിയത്. വീട്ടിൽ ഇരിക്കുന്ന മഹതിക്കാണ് ഈ അവാർഡ് എന്ന് ഇപ്പോൾ ഈ വേദിയിൽ ഞാൻ അറിയിക്കുകയാണ്. 

നമ്മളോട് വിരോധം ഉള്ളവരും ശത്രുക്കളും ഒക്കെ നമ്മളെ ഇപ്പോൾ കുറച്ച് സങ്കടപ്പെടുത്തും, വേദനിപ്പിക്കും. എങ്കിലും അവരെല്ലാം തെറ്റിദ്ധാരണ മാറ്റിവച്ച് ഒരു നാൾ നമ്മുടെ കൂടെ വരും. ആ വിശ്വാസത്തിലാണ് രാഷ്ട്രീയ ജീവിതം ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നത്. അതങ്ങനെ തന്നെയാകും എന്ന ചങ്കുറപ്പ് എനിക്കുണ്ട്.  

radhika-gokul
മകൻ ഗോകുൽ സുരേഷിനൊപ്പം രാധിക

ജനനന്മയ്ക്കുവേണ്ടിയാവണം ഭരണം. രാഷ്ട്രീയകക്ഷികളുടെ നന്മയ്ക്കു വേണ്ടി ആവരുത്. അങ്ങനെയുള്ള മനുഷ്യർ ഭരണത്തിൽ ഏറുന്ന രാഷ്ട്രീയ ഭരണം വരണം. കണ്ണുകൊണ്ട് കാണുകയും ഹൃദയം കൊണ്ട് മനസ്സിലാക്കുകയും വേണം. ആ ഹൃദയം കൊണ്ടുത്തരുന്നത് കരസ്പർശനത്തിലൂടെയും ലാളനത്തിലൂടെയും തലോടലിലൂടെയും ഭരണനിർവഹണത്തിലൂടെ കൊണ്ടുവരണം. അത് സൃഷ്ടിച്ച് അതിന് നൈര്യന്തര്യം ചാർത്തുന്ന മഹാന്മാരും മഹതികളും മാത്രമേ ഈ പണിക്ക് ഇറങ്ങാവൂ എന്നു നിശ്ചയിച്ചാൽ, പിന്നെ നിങ്ങൾ കാണുന്നതിൽ 99 ശതമാനം ആളുകളെയും നമുക്ക് നല്ല തല്ല് കൊടുത്തു പറഞ്ഞയയ്ക്കേണ്ടി വരും.’’

English Summary:

Suresh Gopi about his personnal life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com