മമ്മൂട്ടിയോടും മോഹൻലാലിനോടും സ്നേഹാന്വേഷണം നടത്തി നരേന്ദ്ര മോദി; വിഡിയോ
Mail This Article
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. കല്യാണമണ്ഡപത്തിലേക്ക് എത്തിയ മോദി, അതിഥികളായി എത്തിയ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഷാജി കൈലാസ് എന്നിവരോടെല്ലാം കുശലം പറഞ്ഞു. മണ്ഡപത്തിലെത്തി വധൂവരന്മാരെ ആശിർവദിച്ചു.
ഭാഗ്യ സുരേഷിന്റെ താലികെട്ടു ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി, തൊട്ടടുത്ത് വിവാഹം നടന്ന 10 വധൂവരന്മാർക്കും ആശംസ അറിയിച്ചു. വധുവരന്മാർക്ക് അക്ഷതം നൽകി പ്രധാനമന്ത്രി അനുഗ്രഹിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മകൾ ഭാഗ്യയെയും വരൻ ശ്രേയസിനെയും ആശീർവദിക്കാൻ എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് മാത്രമല്ല വധൂവരന്മാർക്കും സഹപ്രവർത്തകർക്കും ഉൾപ്പടെ സ്നേഹവും സന്തോഷവും പകർന്നു തന്നിട്ടാണ് പ്രധാനമന്ത്രി മടങ്ങിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണ് ഇതെന്നും സുരേഷ് ഗോപി പറയുന്നു.
‘‘സന്തോഷം മാത്രമേയുള്ളൂ, അതിരുകളില്ലാത്ത സന്തോഷം. എനിക്ക് മാത്രമല്ല എന്റെ കുടുംബത്തിനും മറ്റു വധൂവരന്മാർക്കും സഹപ്രവർത്തകർക്കും ഒരുപാട് സന്തോഷം വർഷിച്ചിട്ടാണ് പ്രധാനമന്ത്രി പോയത്. ഇത് ഒരിക്കലും മറക്കാൻ കഴിയില്ല. എല്ലാവർക്കും നന്ദി.’’ സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു ഭാഗ്യ സുരേഷും ശ്രേയസ് മോഹനും വിവാഹിതരായത്. പ്രധാന മന്ത്രി നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന വൻ താരനിരയാണ് ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഗുരുവായൂർ എത്തിയത്.
വിവാഹച്ചടങ്ങിനു ശേഷം ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹ റിസപ്ഷനിലും മമ്മൂട്ടി മോഹൻലാൽ ജയറാം, ദിലീപ്, ബിജു മേനോൻ, ഗായിക ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു