റോട്ടർഡാമിൽ പുരസ്കാര നിറവിൽ മലയാള സിനിമ

Mail This Article
യുവസംവിധായകനായ മിഥുൻ മുരളിയുടെ ‘കിസ് വാഗൺ’ എന്ന മലയാള ചിത്രത്തിന് റോട്ടർഡാം രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ രണ്ടു പുരസ്‌കാരങ്ങൾ. രാജ്യാന്തര നിരൂപകരുടെയും മാധ്യമപ്രവർത്തകരുടെയും ഫെസ്റ്റിവൽ ജൂറിയുടെയും വിലയിരുത്തിലൂടെ നൽകുന്ന സ്പെഷൽ ജൂറി, ഫിപ്രസി എന്നീ സുപ്രധാന പുരസ്‌കാരങ്ങളാണ് ഇന്നലെ നടന്ന ചടങ്ങിൽ ചിത്രം കരസ്ഥമാക്കിയത്. ഫെസ്റ്റിവലിലെ ടൈഗർ മത്സരവിഭാഗത്തിലെ ഏക ഇന്ത്യൻ സിനിമയായിരുന്നു മിഥുന്റെ "കിസ്സ് വാഗൺ".
പട്ടാളഭരണമുള്ള ഒരു സാങ്കൽപിക നഗരത്തിൽ പാർസൽ സർവീസ് നടത്തുന്ന ഐല എന്ന പെൺകുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. പാർസൽ ഡെലിവെറിയുടെ ഭാഗമായി അവൾ നടത്തുന്ന സാഹസികമായ യാത്രകൾ, ചലനാത്മകമായ ശബ്ദ-ദൃശ്യ അകമ്പടികളോടെ വലിയൊരു കഥാലോകത്തെ തുറന്നു കാട്ടുന്നു. നിഴൽനാടകങ്ങളുടെ (shadow play) രൂപഘടന ഇമേജറികളിൽ ഉൾക്കൊണ്ട്, ക്യാമറ ഉപയോഗിക്കാതെ, ഡിജിറ്റലായി നിർമിച്ച രണ്ടായിരത്തോളം ഷോട്ടുകളുടെയും ഓഡിയോ-വിഡിയോ ഘടകങ്ങളുടെയും മൂന്നു മണിക്കൂർ നീളുന്ന ഒരു ബൃഹത്തായ മിശ്രിതമാണീ രസകരമായ എപിക് ആഖ്യാനചിത്രം. ആ നിലയ്ക്കും ഒരുപക്ഷേ ആദ്യമായാകും ഇതുപോലൊരു ഫീച്ചർ ഫിലിം ശ്രമം.
‘‘അധികാരത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ദൃശ്യപരവും ആകർഷകവുമായ അന്വേഷണം പ്രകടിപ്പിക്കുന്ന മൂന്നു മണിക്കൂർ നീണ്ട ഇതിഹാസതുല്യമായ ചിത്രം’’ എന്നാണ് റോട്ടർഡാം ഫെസ്റ്റിവൽ ഡയറക്ടർ വാന്യ കലുഡ്ജെർസിക് അഭിപ്രായപ്പെട്ടത്. കിസ് വാഗണിന്റെ നാല് പ്രദർശനങ്ങൾ ആണ് ഫെസ്റ്റിവലിൽ നടന്നത്.
‘കിസ് വാഗൺ’ സിനിമയ്ക്ക് ഫിപ്രസി പുരസ്‌കാരം നൽകാനുള്ള തീരുമാനം ഏകകണ്ഠേന ആയിരുന്നുവെന്ന് ജൂറി പറഞ്ഞു, ‘‘ശൈലികൾ, ജോണറുകൾ, തീമുകൾ എന്നിവയുടെ സങ്കീർണമായ കൊളാഷ്, ഡിജിറ്റൽ നിർമിത ഷോട്ടുകൾ തുടങ്ങിയവയുടെ ഉപയോഗത്താൽ സിനിമ എന്നത് നിരന്തരം പുതുക്കുന്ന പരിധികളിലില്ലാത്ത ഇടമാണെന്ന് ഈ ചിത്രം നമ്മെ ഓർമിപ്പിച്ചു. ഒപ്പം സ്വാതന്ത്ര്യമില്ലായ്മ, ലിംഗപരമായ അടിച്ചമർത്തൽ എന്നീ ഗുരുതരമായ വിഷയങ്ങളെ നർമവും അദ്ഭുതവും നിഗൂഢതയും സമന്വയിപ്പിക്കുന്ന രീതിയിൽ സമീപിക്കുന്നതിലെ തീക്ഷ്ണതയും പുതുമയും പ്രശംസനീയമാണ്’’ എന്നാണ് ജൂറി അഭിപ്രായപ്പെട്ടത്. വിചിത്രവും ഹിപ്നോട്ടിക്കുമായ അമ്പരിപ്പിക്കുന്ന ചിത്രമെന്ന് മാർകോ മുള്ളർ ചെയർമാനായ ജൂറി ‘സ്പെഷൽ ജൂറി’ പുരസ്കാര വിതരണത്തിനിടെ അഭിപ്രായപ്പെട്ടു..
ചിത്രത്തിൽ അനിമേഷനും എഡിറ്റിങ്ങും സൗണ്ട് ഡിസൈനും മ്യൂസിക്കും കൈകാര്യം ചെയ്തിരിക്കുന്നത് മിഥുൻ തന്നെയാണ്. ഡി. മുരളിയാണ് പ്രൊഡ്യൂസർ. നവാഗത സംവിധായകനും സംസ്ഥാന അവാർഡ് ജേതാവുമായ കൃഷ്ണേന്ദു കലേഷാണ് ചിത്രത്തെ റോട്ടർഡാമിൽ അവതരിപ്പിച്ചത്. 2022-ൽ ഇറങ്ങിയ കൃഷ്ണേന്ദുവിന്റെ "പ്രാപ്പെട" എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറും റോട്ടർഡാമിൽ ആയിരുന്നു. പ്രാപ്പെടയുടെ പോസ്റ്റ് പ്രൊഡക്‌ഷനിൽ മിഥുൻ മുരളി പങ്കാളിയായിരുന്നു.