ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടിക്കൊപ്പം: ചിത്രവുമായി സമാന്ത

Mail This Article
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് തെന്നിന്ത്യൻ സുന്ദരി സമാന്ത. ‘‘ഏറ്റവും പ്രിയപ്പെട്ട’’ എന്ന വാക്കുകളോടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. തൊട്ടടുത്ത സ്റ്റോറി ഫഹദ് ഫാസിലിനെക്കുറിച്ചായിരുന്നു. കൊച്ചിയിലെ ഒരു പരസ്യബോര്‍ഡിലെ ഫഹദ് ഫാസിലിന്‍റെ ചിത്രമാണ് സാമന്ത പങ്കുവച്ചത്. മറ്റൊരു ഫേവറൈറ്റ് എന്നാണ് ആ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. കൊച്ചിയില്‍ ഒരു പരസ്യ ചിത്രത്തിന്‍റെ ചിത്രീകരണത്തിൽ പങ്കെടുക്കാനെത്തിയതാണ് സാമന്ത.
മുന്‍പ് കാതല്‍ സിനിമയെയും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തിയും സമാന്ത എത്തിയിരുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാതലിനെക്കുറിച്ച് സാമന്ത നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. ‘‘മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്‍റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ പുറത്തു കടക്കാന്‍ എനിക്ക് ആവില്ല’’, എന്നായിരുന്നു സമാന്ത കുറിച്ചത്.

അതേസമയം മാര്‍ച്ച് ആദ്യ വാരം വരെ സമാന്ത കൊച്ചിയിലുണ്ട്. പരസ്യ ചിത്രീകരണവും ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സമാന്ത കേരളത്തിലെത്തിയിരിക്കുന്നത്.
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച ഖുഷിയാണ് സമാന്തയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. വരുൺ ധവാൻ നായകനാകുന്ന സിറ്റഡേൽ എന്ന വെബ് സീരിസ് ആണ് റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.