ADVERTISEMENT

‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ആവേശം ഏപ്രിൽ 11 ന് റിലീസ് ചെയ്യും. തെന്നിന്ത്യൻ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

“ഇതുപോലൊരു സിനിമയും കഥാപാത്രവും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. എന്റെ കഥാപാത്രമായ രംഗ സംസാരിക്കുന്നത് മലയാളവും കന്നഡയും കലർന്ന ഭാഷയിലായതിനാൽത്തന്നെ ഏറെ വ്യത്യസ്തവും സങ്കീര്‍ണവുമാണ്. എന്നെ തേടി വരുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോള്‍, വളരെ എന്റര്‍ടെയ്നിങ്ങ് ആയ ഈ ചിത്രം ചെയ്തുനോക്കണമെന്ന് എനിക്കുതോന്നി. ഓഫ്‌ബീറ്റ് സിനിമകൾക്കായി ഒടിടി പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ ഉണ്ട്, പക്ഷേ ആവേശം തിയറ്ററുകളിൽത്തന്നെ കാണേണ്ട ചിത്രമാണ്”–” പ്രീ-റിലീസ് പ്രസ് മീറ്റിൽ ഫഹദ് പറഞ്ഞു.

ആവേശത്തില്‍ ‘ഫഫ’ എന്ന പേര് ഉപയോഗിച്ചതിനെപ്പറ്റിയും ഫഹദ് സംസാരിച്ചു. ആദ്യം സുഹൃത്തുക്കളാണ് അങ്ങനെ വിളിച്ചിരുന്നതെന്നും, പിന്നീട് മറ്റുള്ളവരും അത് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. ആവേശത്തില്‍ ഈ ടൈറ്റില്‍ ഉപയോഗിക്കുന്നത് രസകരമായിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് തോന്നിയതിനാലാണ് 'റീഇന്‍ട്രൊഡ്യൂസിങ് ഫഫ' എന്ന ടൈറ്റില്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘‘അല്ലു അർജുന്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പ 2: ദ റൂളിന്റെ ഷൂട്ടിങ് തിരക്കിലായതിനാൽ ആവേശത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്ക് അധികമൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സിനിമ നല്ലതാണെങ്കില്‍ പ്രമോഷന്‍ കുറവാണെങ്കിലും ജനങ്ങള്‍ ഏറ്റെടുക്കും, സിനിമാപ്രവര്‍ത്തകരല്ല, മറിച്ച് സിനിമയാണ് പ്രേക്ഷകരോട് സംവേദിക്കണ്ടത്. കോമഡി, ആക്ഷൻ, ത്രില്ലർ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ വ്യത്യസ്തമായ ചിത്രമായതിനാല്‍ പ്രേക്ഷകര്‍ ആവേശത്തെ സ്വീകരിക്കുമെന്നാണ് വിശ്വാസം’’. ഫഹദ് പറയുന്നു.

രജനികാന്തിന്റെ വേട്ടയ്യനിലും, വടിവേലുവിന്റെ ഇതുവരെ പേരിട്ടിട്ടില്ലാത്ത രണ്ട് തമിഴ് സിനിമകളിലും ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്റെ ആദ്യചിത്രമായ രോമാഞ്ചം യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിട്ടുള്ളതെങ്കിലും ചിത്രത്തിന്റെ ഇതിവൃത്തം ഒഴിച്ച് മറ്റുള്ള കാര്യങ്ങള്‍ സാങ്കല്‍പ്പികം മാത്രമായിരുന്നെന്ന് സംവിധായകൻ ജിത്തു മാധവൻ വെളിപ്പെടുത്തി.

മാസ് ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രമാണ് ആവേശം, രോമാഞ്ചം ഇഷ്ടപ്പെടാത്തവര്‍ക്കുപോലും ആവേശം ഇഷ്ടപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോമാഞ്ചത്തിന്റെ റിലീസിന് തൊട്ടുപിറകെതന്നെ ആവേശത്തിനായുള്ള തയാറെടുപ്പ് നടത്തിയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. 

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍‌മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്നു.  ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. 

സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവര്‍ത്തിച്ചുകൊണ്ട്  വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെ, വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ.ആര്‍. അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ പി.കെ. ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് ആര്‍ജി വയനാടന്‍, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, പിആര്‍ഒ - എ.എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് സ്നേക്ക് പ്ലാന്റ്.

English Summary:

Fahadh Faasil about Aavesham movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com