കോടികൾ മുടക്കിയാലും കിട്ടാത്ത പ്രമോഷൻ; എലോൺ മസ്കിന്റെ ഒറ്റ ട്വീറ്റിലൂടെ വൈറലായി ഒരു തമിഴ് സിനിമ

Mail This Article
കോടികൾ മുടക്കിയാലും കിട്ടാത്ത പ്രമോഷൻ ആണ് 2017-ൽ പുറത്തിറങ്ങിയ ‘തപ്പാട്ടം’ സിനിമയ്ക്ക് ഈ അടുത്ത് കിട്ടിയത്. സംഭവം മറ്റൊന്നുമല്ല, കോടീശ്വരനും എക്സ് പ്ലാറ്റ്ഫോമിന്റെ ഉടമയുമായ എലോൺ മസ്കിന്റെ ഒരു ട്വീറ്റ് ആണ്, ഈ കൊച്ചു സിനിമയെ പ്രശസ്തിയുടെ നെറുകയിലെത്തിച്ചത്. ഓപ്പൺ എഐയുമായുള്ള ആപ്പിൾ കമ്പനിയുടെ സഹകരണത്തെ ട്രോളിയുള്ള മീം പോസ്റ്റിന് എലോൺ മസ്ക് ഉപയോഗിച്ചത് ഈ സിനിമയിലെ ഒരു രംഗമാണ്.
ചിത്രത്തിന്റെ ഒരു പോസറ്ററിൽ ഉപയോഗിച്ച കരിക്ക് കുടിക്കുന്ന രംഗം അന്നേ വൈറലായിരുന്നു. പിന്നീട് അന്നത്തെ പ്രമോഷൻ പരിപാടികളിലും ഇതേ രംഗം അനുകരിക്കപ്പെട്ടു. തമിഴ് ചിത്രത്തിന് ലഭിച്ച ആഗോള അംഗീകാരമാണിതെന്ന് ഇൗ ചിത്രത്തിലെ നായകൻ നടൻ ദുരൈ സുധാകർ പറഞ്ഞു. ‘ഞാൻ ഇത് ഒരു അംഗീകാരമായി എടുക്കുന്നു. ഈ ചിത്രം ഒരു ചെറിയ ബജറ്റ് ചിത്രമാണ്. ഈ സിനിമയുടെ ഫോട്ടോ പങ്കിട്ടതിന് ഇലോൺ മസ്‌കിന് നന്ദി. ഞങ്ങളുടെ ചിത്രത്തെ ലോകം മുഴുവൻ ശ്രദ്ധേയമാക്കിയ സോഷ്യൽ മീഡിയയ്ക്കും മീം സൃഷ്‌ടിച്ചവർക്കും മാധ്യമങ്ങൾക്കും ഞാൻ നന്ദി പറയുന്നു’ ദുരൈ സുധാകറിന്റെ വാക്കുകൾ.
ദുരൈ സുധാകർ, ഡോണ റൊസാരിയോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. മുജിബുർ റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ചെറിയ ബജറ്റിൽ നിർമാണം പൂർത്തീകരിച്ച സിനിമയാണ്.