ADVERTISEMENT

കൂടെപ്പിറപ്പായ അനിയത്തി വിദ്യ മൂന്നാം വയസ്സിൽ മരിച്ചതിനു പിന്നാലെ അന്തർമുഖനായി മാറിയ ഒരു കുട്ടി. പിതാവ് സൂപ്പർഹിറ്റ് സംവിധായകനായി വിലസുന്ന കാലത്തും സിനിമകളോട് വല്ലാതെ അടുപ്പം കാണിച്ചില്ല. കോളജിലെത്തിയപ്പോഴേക്കും മനസ്സുമാറി സിനിമയ്ക്കരികിലെത്തി. പക്കത്തെ പയ്യൻ ഇമേജിലും പാസത്തിലും തുടങ്ങി റൊമാൻസും ആക്‌ഷനും നൃത്തവും എല്ലാം ചേർത്ത് ആ നടികർ ആടിപ്പാടിയപ്പോൾ രസികർ ആഘോഷിച്ചു. തമിഴക സിനിമയിൽ കോടിക്കിലുക്കത്തിന്റെ റെക്കോർഡുകൾ ഭേദിച്ച ദളപതി, ‘എൻ നെഞ്ചിൽ കുടിയിരുക്കും..’ എന്നു പറഞ്ഞു തുടങ്ങുമ്പോഴേ ആർപ്പു വിളിയോടെ ഓടിയടുക്കുന്ന ലക്ഷക്കണക്കിനു പേരുടെ അണ്ണനും തമ്പിയും ഉയിരും ഉലകവുമായി മാറി. 80ൽ പരം സിനിമകൾ ചെയ്തു. മുഖത്തെ ചെറുചലനങ്ങൾക്കു പോലും ആരാധകരുള്ള വിജയ് 50–ാം വയസ്സിലേക്കു ചുവടെടുത്തു വയ്ക്കുമ്പോൾ രാഷ്ട്രീയത്തിലടക്കം പല നിർണായക നീക്കങ്ങൾ ദളപതി സ്റ്റൈലിലുണ്ടാവാം. ഏതായാലും ഇനി കാണാനിരിക്കുന്ന കാഴ്ചകളിൽ സസ്പെൻസും ട്വിസ്റ്റും ആക്‌ഷനുമെല്ലാം ഉണ്ടാകുമെന്നുറപ്പ്.

തങ്കത്തമിഴ് മകൻ

എസ്.എ.ചന്ദ്രശേഖരന്റെ മകനായതു കൊണ്ട് സിനിമയിൽ വന്നെന്നു പരിഹസിക്കാമെങ്കിലും വിജയ് തന്നിലെ നടനെ പരുവപ്പെടുത്തിയെടുത്തത് കണ്ണീരും വിയർപ്പും ഒഴുക്കിത്തന്നെ. 10–ാം വയസ്സിൽ ‘വെട്രി’യിലൂടെ സിനിമയിലെത്തി 1988 വരെ ബാലതാരമായി തുടർന്നു. സംവിധായകനും നിർമാതാവുമായ പിതാവ് തന്നെയാണു മകനെ നായക‍പദവിയിലേക്കുയർത്തി ആദ്യകാല ചിത്രങ്ങൾ ഒരുക്കിയത്.

‘നാളൈയതീർപ്പ്‘(1992),‘സെന്തൂരപ്പാണ്ടി‘(1993),‘രസികൻ‘(1994),‘ദേവ‘,‘വിഷ്‌ണു‘(1995) തുടങ്ങിയവയൊക്കെ അദ്ദേഹം വിജയ്‌യെ നായകനാക്കി ഒരുക്കിയവയാണ്. ആദ്യ മൂന്നു ചിത്രങ്ങളിലും നായകനു വിജയ് എന്നു തന്നെ പേരിട്ടു. മകന്റെ പേര് തമിഴ് മക്കളുടെ നെഞ്ചിൽ പതിയാനുള്ള തന്ത്രം വിജയിച്ചെന്നു തന്നെ പറയാം. ‘വൺസ്‌മോർ‘(1997) എന്ന ചിത്രത്തിലൂടെയാണ് ‘ഇളയദളപതി‘എന്ന വിശേഷണം ചാർത്തിക്കിട്ടിയത്. ‘തുള്ളാതെ മനവും തുള്ളും‘(1999) എന്ന ചിത്രം വഴിത്തിരിവായി. 2000ൽ ഇറങ്ങിയ ‘പ്രിയമാനവളെ‘, ഖുഷി എന്നിവയോടെ താരസിംഹാസനം വിജയ് ഉറപ്പിച്ചു. പിന്നീടങ്ങോട്ട് ബോക്സോഫീസിൽ തരംഗമായി മാറി.

കോടി ദളപതി

തുടർച്ചയായി രണ്ടു ചിത്രങ്ങൾ നൂറു കോടി ക്ലബ്ബിൽ എത്തിച്ച ആദ്യതാരമാണു വിജയ്. അതും ഒരേ സംവിധായകന്റെ ചിത്രങ്ങൾ. എ.ആർ. മുരുകദോസുമായി ഒന്നിച്ച ‘തുപ്പാക്കി’ ആദ്യം 100 കോടി ക്ലബ്ബിൽ എത്തിച്ചു. ‘തുപ്പാക്കി’ നൂറു കോടിയിൽ എത്താൻ 30 ദിവസം എടുത്തുവെങ്കിൽ അടുത്ത മുരുകദോസ് ചിത്രമായ കത്തി വെറും 15 ദിവസം കൊണ്ട് ആ റെക്കോർഡ് തിരുത്തി. കേരളത്തിലും ഏറ്റവുമധികം ആരാധകരുള്ള നടനാണു വിജയ്. ‘പൂവേ ഉനക്കാകെ’ എന്ന ചിത്രമാണ് ആദ്യം വിജയ്‌യെ കേരളത്തിൽ ശ്രദ്ധേയനാക്കിയത്. തുടർന്നു വന്ന ‘തുള്ളാത മനവും തുള്ളും’ എന്ന ചിത്രം 200 ദിവസമാണു കേരളത്തിൽ ഓടിയത്. എസ്.ജെ. സൂര്യയുടെ ഖുഷി കൂടി വലിയ ഹിറ്റായതോടെ മലയാളത്തിന്റെ സ്വന്തം ദളപതിയായി വിജയ് മാറി. 

mohanlal-vijay

പിന്നെ ഗില്ലി, പോക്കിരി, തുപ്പാക്കി, കത്തി തുടങ്ങിയ ചിത്രങ്ങൾ തിയറ്ററുകളിൽ ഉൽസവമേളം തീർത്തു. ഫാസിലിന്റെ സംവിധാനത്തിൽ ‘കാതലുക്ക് മര്യാദൈ‘(1997), സിദ്ദിഖിന്റെ സംവിധാനത്തിൽ ‘ഫ്രണ്ട്‌സ്‘(2001), ‘കാവലൻ‘(2011) എന്നിവയൊക്കെ മലയാളത്തിൽനിന്ന് വിജയ്‌യെ നായകനാക്കി തമിഴിലെത്തിയ ചിത്രങ്ങളാണ്. ‘കാതലുക്ക് മര്യാദൈ‘യിലൂടെയാണു മികച്ച നടനുള്ള സംസ്‌ഥാന പുരസ്‌കാരം ആദ്യമായി വിജയ്‌ക്കു ലഭിച്ചത്. ആക്‌ഷൻ–റൊമാൻസ്–കോമഡി എന്നിവയുടെ കൃത്യമായ ചേരുവയാണ് ഹിറ്റായ ഓരോ വിജയ് ചിത്രങ്ങളും. കലക്‌ഷൻ റെക്കോർഡുകൾ ഭേദിച്ച് ‘ഗില്ലി’യും ‘പോക്കിരി’യും അടക്കം കത്തിപ്പടർന്നപ്പോൾ തമിഴകത്തെ സൂപ്പർ സ്റ്റാറുകളുടെ പല റെക്കോർഡുകളും തകർന്നു വീണു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ലിയോ’ 600 കോടി രൂപയ്ക്കു മേൽ വരുമാനമാണു നേടിയത്.

vijay-movie

നൃത്തം, സംഗീതം, ആക്‌ഷൻ

അമ്മ ശോഭ ഗായികയായിരുന്നു. ഗർഭിണിയായിരുന്ന കാലത്ത് ശോഭ ഇളയരാജയുടെ ഗാനമേള ട്രൂപ്പിലായിരുന്നു. ദിവസവും സ്‌റ്റേജ് പ്രോഗ്രാമുകളുണ്ടാവും. നിറവയറുമായാണു പാടാൻ ചെല്ലാറ്. ഗർഭത്തിലിരിക്കെ തന്നെ അമ്മയുടെ പാട്ടുകൾ കേട്ടു ശീലിച്ചതുകൊണ്ടാവാം വിജയ് പാട്ടുപഠിക്കാതെ പാട്ടുകാരനായത്. കുട്ടിക്കാലം മുതൽ കാലത്ത് രാവിലെ അഞ്ചിനെഴുന്നേറ്റ് ചെന്നൈ ബീച്ചിൽ ഫൈറ്റ് അഭ്യസിക്കാൻ കൊണ്ടുപോകാറുണ്ടായിരുന്നു. ജാഗ്വർ തങ്കം ആയിരുന്നു പരിശീലകൻ. ചടുലമായ നൃത്തച്ചുവടുകളാൽ അൽഭുതപ്പെടുത്തുന്ന വിജയ് ഡാൻസ് പഠിച്ചിട്ടേയില്ല. പാട്ടുകൾ ഏറെ പാടിയിട്ടുണ്ടെങ്കിലും പാട്ടിൽ ഗുരുക്കന്മാരുമില്ല. ഒരിക്കൽ കണ്ടാൽ മതി, ഒറ്റത്തവണ കേട്ടാൽ മതി, അതേപടി അനുകരിക്കാനുള്ള കഴിവ് കുട്ടിക്കാലം മുതൽ വിജയ്‌ക്കുണ്ട്.

സംഗീത ആരാധിക

വിജയ്‌യുടെ ജീവിതത്തിലേക്ക് സംഗീത എത്തിയതും സിനിമാ സ്റ്റൈലിലാണ്. യുകെയിൽ ബിഎസ്‌സിക്കു പഠിക്കുന്ന കാലത്ത് അവധി കിട്ടുമ്പോഴൊക്കെ സംഗീത ചെന്നൈയിലെത്തും. വിജയ്‌യെ കാണുകയായിരുന്നു ലക്ഷ്യം. കണ്ടേ മടങ്ങൂ എന്ന മട്ടിൽ നേരിട്ടു സെറ്റിലെത്തിയാലും വിജയ് ഒന്നും സംസാരിക്കില്ല. ഒടുവിൽ ഒരുദിവസം അച്‌ഛനമ്മമാർക്കൊപ്പം സംഗീത വീട്ടിലെത്തി. വിജയ്‌യുടെ ആരാധിക ആണെന്നും ഒന്നു സംസാരിക്കാൻ പറയണമെന്നുമായിരുന്നു അപേക്ഷ. സംഗീതയുടെ കുടുംബവുമായി സൗഹൃദം ഉണ്ടായതോടെ വിജയ്ക്കു സംഗീതയെ കൂട്ടായി ചേർക്കാൻ തീരുമാനിച്ചതു പിതാവ് ചന്ദ്രശേഖറായിരുന്നു. അങ്ങനെ സംഗീത വിജയ്‌യുടെ ഭാര്യയായി. ജേസൺ സഞ്‌ജയും ദിവ്യ സാഷയുമാണു മക്കൾ.

vijay-sangeetha

മകനും പിതാവിന്റെ വഴിയിൽ

മകൻ ജേസൺ സഞ്ജയ് ലൈക പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. തന്റെ മകന് സംവിധാനത്തിൽ താൽപര്യമുണ്ടെന്ന് വിജയ് സൂചന നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. വിജയ് സേതുപതിയാണു നായകനെന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അച്ഛനും അമ്മയ്‌ക്കുമൊപ്പം വിജയ്
അച്ഛനും അമ്മയ്‌ക്കുമൊപ്പം വിജയ്

ജേസൺ തിരക്കഥ വിവരിച്ചപ്പോൾ തന്നെ പൂർണമായും സംതൃപ്തരായെന്നു നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് വ്യക്തമാക്കി. ചെന്നൈയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജേസൺ ടൊറന്റോ ഫിലിം സ്കൂളിൽ ഫിലിം പ്രൊഡക്‌ഷൻ ഡിപ്ലോമയും തുടർന്ന് ലണ്ടനിൽ തിരക്കഥാരചനയിൽ ബിഎ (ഓണേഴ്സ്) ബിരുദവും നേടിയിട്ടുണ്ട്.

vijay-son

നാടിന്റെ നായകനാകുമോ..?

തമിഴ്നാട്ടിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനത്തിൽ, വീടിനു മുന്നിലെ പടുകൂറ്റൻ ഗേറ്റ് തുറന്ന് വിജയ് സൈക്കിളിൽ പാഞ്ഞപ്പോൾ മുതൽ ചൂടുപിടിച്ചതാണു ദളപതിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള പല പ്രവചനങ്ങൾ. അഭിനയിക്കുന്ന സിനിമകളിലെ തീപാറുന്ന ഡയലോഗുകൾ വഴി ജിഎസ്ടിയെയും മരുന്നു വിലയെയും രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെയും കുത്തി നോവിക്കാൻ തുടങ്ങിയതോടെ പലർക്കും പൊള്ളി. തമിഴകം അപ്പോഴേ ഏതാണ്ട് ഉറപ്പിച്ചു; ദളപതി വരും തമിഴ്നാടിനെ നയിക്കാൻ. ഏറ്റവും ഒടുവിൽ, നാളെയുടെ വോട്ടർമാരായ വിദ്യാർഥികളെ ചേർത്തു പിടിച്ച് അഭിനന്ദിച്ച് എങ്ങനെയുള്ള വോട്ടർമാരാകണമെന്ന് അവരെ ഉപദേശിച്ചപ്പോഴും വീണ്ടും സജീവമായി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം. 

ഒടുവിൽ, സസ്പെൻസിനു വിരാമമിട്ട് വിജയ്‌ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. ‘വിജയ് മക്കൾ ഇയക്കം’ എന്ന ആരാധക സംഘടന സജീവമാണെങ്കിലും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ്, അരങ്ങേറ്റ ചിത്രത്തിന്റെ (വെട്രി) പേരുൾപ്പെടുത്തി ‘തമിഴക വെട്രിക് കഴകം’ (തമിഴക വിജയ സംഘം) എന്ന പാർട്ടി റജിസ്റ്റർ ചെയ്തു കഴിഞ്ഞു. 2021ൽ 9 ജില്ലകളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആരാധക സംഘടന 115 സീറ്റുകളിൽ വിജയിച്ചെങ്കിലും നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായില്ല. ചിത്രീകരണം പുരോഗമിക്കുന്ന ‘ഗോട്ട് (ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം)’ എന്ന ചിത്രത്തിനു ശേഷം സംസ്ഥാന പര്യടനം നടത്തി 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണു പദ്ധതി.

English Summary:

Actor Vijay turns 50

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com