ADVERTISEMENT

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നടൻ സിദ്ദീഖിനെ (വോട്ട് - 157)  ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദിഖിനെതിരെ മത്സരിച്ചത്. 

ജഗദീഷും ജയൻ ചേർത്തലയുമാണ് (245, 215) വൈസ് പ്രസിഡന്റുമാർ‌. മഞ്ജു പിള്ള പരാജയപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് (വോട്ട് 198) വിജയിച്ചു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 337 പേരാണ് ആകെ വോട്ട് ചെയ്തത്.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: കലാഭവൻ ഷാജോൺ- 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു-279, സുരേഷ് കൃഷ്ണ-275, ടിനി ടോം-274 അനന്യ-271, വിനു മോഹനർ-271, ടൊവിനോ തോമസ്-268, സരയൂ, അൻസിബ. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് മത്സരിച്ചവരിൽ പരാജയപ്പെട്ടത്. 10 അംഗ എക്സിക്യൂട്ടീവിലേക്കു 12 പേരാണ് മത്സരിച്ചത്. 

‘അമ്മ’യുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികളിൽ 4 പേർ സ്ത്രീകളായിരിക്കണം. മമ്മൂട്ടി യുകെയിൽ ആയതിനാൽ യോഗത്തിന് എത്തിയില്ല. വോട്ടിങ് ഒരുമണിക്ക് അവസാനിക്കുന്നതിന് തൊട്ടുമുൻപ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എത്തിയിരുന്നു.

മത്സരിച്ച 2 സ്ത്രീകളെ മാറ്റി നിർത്താൻ ശ്രമം, തർക്കം

ഇതിനിടെ വനിത അംഗങ്ങളെച്ചൊല്ലി തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ തർക്കം സമവായത്തിലെത്തി. എട്ടു പേരെ തിരഞ്ഞെടുത്ത ശേഷം എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച 2 സ്ത്രീകളെ മാറ്റി നിർത്താനായിരുന്നു അമ്മ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അൻസിബയും സരയുവും വോട്ടു ലഭിച്ചതിൽ താഴെ ആയതുകൊണ്ടാണ് അവരെ തിരഞ്ഞെടുക്കാത്തത് എന്നായിരുന്നു കമ്മിറ്റി പറഞ്ഞത്. 4 വനിതാ അംഗങ്ങളാണ് സമിതിയിൽ വേണ്ടത്. ഇവരെ പിന്നീട്  അമ്മ എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെടുക്കുമെന്നും കമ്മിറ്റി പറഞ്ഞു. 

എന്നാൽ ഇതിനെ എതിർത്ത് ബാബുരാജ്, ജയൻ ചേർത്തല, പി.പി.കുഞ്ഞികൃഷ്ണൻ എന്നിവർ രംഗത്തെത്തി. 3 സ്ത്രീകൾ എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച സാഹചര്യത്തിൽ അവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങളും രംഗത്തെത്തി. മത്സരിച്ച 3 പേരും എക്സിക്യൂട്ടീവിൽ ഉൾപ്പെടുമെന്നാണു മനസിലാക്കിയതെന്നും അതനുസരിച്ച് അവരെ മാറ്റി നിർത്താൻ പറ്റില്ലെന്നും ജനറൽ സെക്രട്ടറി പദവിയിലേക്ക് വിജയിച്ച സിദ്ദീഖും വ്യക്തമാക്കി. </

ഇതിനിടെ, കാര്യങ്ങൾ വ്യക്തമാക്കാൻ ജഗദീഷ് രംഗത്തെത്തി. എക്സിക്യൂട്ടീവ് സമിതിയായിരിക്കും ഒരാളെ കൂടി തിരഞ്ഞെടുക്കുക എന്ന് ജഗദീഷ് പറഞ്ഞതോടെ തർക്കം രൂക്ഷമായി. ഒടുവിൽ ഒരു പേരു മാത്രം എക്സിക്യൂട്ടീവ് യോഗത്തിനു തീരുമാനിക്കാമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. തർക്കത്തിനൊടുവിൽ സമവായമായതോടെ പ്രസിഡന്റ് മോഹൻലാൽ പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മഞ്ജു പിള്ള, കുക്കു പരമേശ്വരൻ എന്നിവരുടെ പേരുകൾ പരിഗണിക്കണമെന്ന് നടി ഉഷയും പ്രിയങ്കയും ഉൾപ്പെടെയുള്ളവർ നിലപാടെടുത്തു. ഷീലു എബ്രഹാമിന്റെ പേരു കൂടി ഉൾപ്പെടുത്തണമെന്ന് കുക്കു പരമേശ്വരൻ വ്യക്തമാക്കി. എന്നാൽ ജനറൽ ബോഡിയിൽ ഇക്കാര്യം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ജോയ് മാത്യുവും രംഗത്തെത്തി. വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച മഞ്ജു പിള്ള 137 വോട്ടുകളും ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിച്ച കുക്കു പരമേശ്വരൻ  123 വോട്ടുകളും നേടി. രമേഷ് പിഷാരടി, റോണി ഡേവിഡ്  എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് മത്സരിച്ചവരിൽ പരാജയപ്പെട്ടത്.

25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പുതിയ ഭാരവാഹികൾ ഇവർ:

∙മോഹൻ ലാൽ - പ്രസിഡന്റ് (തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ)

∙സിദ്ദീഖ് - ജനറൽ സെക്രട്ടറി, വോട്ട് - 157 (പരാജയപ്പെട്ടത് - കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ)

∙വൈസ് പ്രസിഡന്റുമാർ - ജഗദീഷ്, ജയൻ ചേർത്തല - വോട്ട് - 245, 215. (പരാജയപ്പെട്ടത് മഞ്ജു പിള്ള)

∙ജോയിന്റ് സെക്രട്ടറി - ബാബുരാജ്, വോട്ട് - 198 (പരാജയപ്പെട്ടത് - അനൂപ് ചന്ദ്രൻ)

∙ട്രഷറർ- ഉണ്ണി മുകുന്ദൻ (തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ)

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

കലാഭവൻ ഷാജോൺ - 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു - 279, സുരേഷ് കൃഷ്ണ - 275, ടിനി ടോം - 274, അനന്യ -271, വിനു മോഹനർ -271, ടൊവിനോ തോമസ് -268, സരയൂ, അൻസിബ.

English Summary:

AMMA Association New Members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com