ആട്ടിയകയറ്റിയ ഗർവിനോടു നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം; ‘അമ്മ’ ആസിഫിനൊപ്പം
Mail This Article
ആസിഫ് അലി–രമേശ് നാരായണൻ വിവാദത്തിൽ ആസിഫ് അലിക്കു പിന്തുണ പ്രഖ്യാപിച്ച് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. ‘‘ആട്ടിയകയറ്റിയ ഗർവിനോടു നീ ചിരിച്ച ചിരിയാണ് യഥാർഥ സംഗീതം. അമ്മ ആസിഫിനൊപ്പം’’–ആസിഫ് അലിയുടെ ചിത്രം പങ്കുവച്ച് ‘അമ്മ’ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിൽ കുറിച്ചു.
‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദീഖും ഇതേ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും പ്രേക്ഷകരും ഉൾപ്പടെ നിരവധിപ്പേരാണ് വിഷയത്തിൽ ആസിഫ് അലിക്കു പിന്തുണയുമായി എത്തിയത്.
എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽനടൻ ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട പുരസ്‌കാര ദാന ചടങ്ങിൽ ആണ് സംഭവം. രമേശ് നാരായണന് പുരസ്‌കാരം നല്കാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണെന്നുമാണ് ആളുകൾ പ്രതികരിക്കുന്നത്.