'ഇതുപോലെ അഹാനയെ കണ്ടിട്ടില്ല'; ദിയയെക്കുറിച്ച് പറയുമ്പോൾ തൊണ്ടയിടറി, കണ്ണു നിറഞ്ഞ് താരം

Mail This Article
സഹോദരി ദിയ കൃഷ്ണയുടെ വിവാഹാഘോഷ ദിനങ്ങൾ കോർത്തിണക്കി അഹാന കൃഷ്ണ പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുന്നു. ആഘോഷങ്ങൾക്കും ആരവങ്ങൾക്കും അപ്പുറം സ്വന്തം സഹോദരിയുടെ വിവാഹം എന്നത് എത്രമാത്രം വൈകാരികമായ അനുഭവമാണെന്ന് തുറന്നു കാണിക്കുന്നതാണ് അഹാനയുടെ വിഡിയോ.
കൈ പിടിച്ചു വളർത്തിയ കുഞ്ഞനുജത്തി വിവാഹിതയായി പുതിയൊരു വീട്ടിലേക്ക് പോകുന്നുവെന്ന യാഥാർഥ്യം സന്തോഷകരമാണെങ്കിലും അനുജത്തിയെ വീട്ടിൽ മിസ് ചെയ്യുമെന്ന് അഹാന പറയുന്നു. വിവാഹത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് ദിയയെക്കുറിച്ച് നിറഞ്ഞ കണ്ണുകളോടെ വൈകാരികമായി സംസാരിക്കുന്ന അഹാനയെ വിഡിയോയിൽ കാണാം. പലപ്പോഴും വരികൾ മുഴുമിപ്പിക്കാൻ കഴിയാതെ നിശബ്ദയായി നിന്നു പോകുകയാണ് അഹാന. ദിയയെക്കുറിച്ചുള്ള അഹാനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇതിനൊപ്പം ബാല്യകാല വിഡിയോകളും ചിത്രങ്ങളും ഉൾപ്പെടുത്തി ഒരു ഷോർട്ട് വിഡിയോയും അഹാന സ്വന്തം പേജിൽ പങ്കുവച്ചിരുന്നു. ഏറെ പ്രശസ്തമായ 'കണ്ണാംതുമ്പി പോരാമോ' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ വിഡിയോയും ആരാധകർക്കിടയിൽ ചർച്ചയായി. 'എന്റെ ഹൃദയത്തിന്റെ ഒരു കൊച്ചു കഷണം ഈ വ്ലോഗിലുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് അഹാന ദിയയെക്കുറിച്ചുള്ള റീൽ പങ്കുവച്ചത്.
അഹാന ഇതുവരെ പങ്കുവച്ചതിൽ ഏറ്റവും ഹൃദയസ്പർശിയായ വിഡിയോ ആണിതെന്ന് ആരാധകർ പറയുന്നു. ദിയയുടെ ഹർദിയും സംഗീതും വിവാഹവും അതിന്റെ എല്ലാ വികാരങ്ങളോടും കൂടെയാണ് അഹാന അവതരിപ്പിച്ചിരിക്കുന്നത്. ദിയയെക്കുറിച്ച് അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും സംസാരിക്കുന്നതും അഹാന ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. ഇതു കാണുമ്പോൾ എന്തുകൊണ്ടാണ് കണ്ണു നിറയുന്നതെന്ന് ആരാധകരിൽ പലരും കുറിച്ചു. അഹാനയെപ്പോലൊരു സഹോദരിയെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നാണ് ആരാധകരുടെ കമന്റ്. ഇതാണ് ദിയയുടെ വിവാഹത്തെക്കുറിച്ചുള്ള ബെസ്റ്റ് വിഡിയോ എന്നും ആരാധകർ പറയുന്നു.