‘അവൻ നല്ല ആർട്ടിസ്റ്റ് ആണ്, പക്ഷേ’: നിഗൂഢതകളുമായി ‘തണുപ്പ്’ ട്രെയിലർ

Mail This Article
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പ്' സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. അടിമുടി ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന കാഴ്ചകളാണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്. പുതിയതായി ഒരിടത്തേക്ക് താമസിക്കാനെത്തുന്ന ദമ്പതികളും അവർക്ക് ചുറ്റുമുള്ള കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന് സൂചന നൽകുന്നു.
എവിടേക്ക് പോകണം എന്നറിയാതെ ആശയക്കുഴപ്പം നേരിടുന്ന രണ്ട് കഥാപാത്രങ്ങളെയും ട്രെയ്ലറിൽ കാണാം. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മണികണ്ഠൻ പി.എസ്. ഛായാഗ്രഹണം നിർവഹിക്കുന്ന തണുപ്പിന്റെ ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ. മന്ദാകിനി സിനിമയിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകൻ ബിബിൻ അശോക് ആണ് ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത്. ചിത്രത്തിലെ മാമ്പൂ മണമിതാ .... എന്ന പാട്ട് ഇതിനോടകം ഹിറ്റ് ചാർട്ടിലിടം നേടിക്കഴിഞ്ഞു. വിവേക് മുഴക്കുന്ന് ആണ് ഗാനരചയിതാവ്. നിരവധി ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ തണുപ്പ് ഒക്ടോബർ നാലിന് പ്ലാനറ്റ് പിക്ചേർസ് തിയറ്ററുകളിൽ എത്തിക്കും.