‘വീർ സവർക്കർ’ ഗോവയിലെ ഉദ്ഘാടന ചിത്രം; മലയാളത്തിൽ നിന്നും 4 സിനിമകൾ
Mail This Article
55-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ നാല് മലയാള സിനിമകള്‍ പ്രദർശിപ്പിക്കും. ആടുജീവിതം, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, ലെവൽക്രോസ് എന്നിവയാണ് ഇന്ത്യൻ പനോരമയിലെ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴിൽനിന്ന് ജിഗർതണ്ട ഡബിൾ എക്സും തെലുങ്കിൽനിന്ന് കൽക്കി 2898 എ.ഡി എന്ന ചിത്രവും പ്രദർശിപ്പിക്കും.
ഇതിൽ മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ് മഞ്ഞുമ്മൽ ബോയ്സും കൽക്കിയും ഉൾപ്പെട്ടിരിക്കുന്നത്. വിക്രാന്ത് മാസി നായകനായ 12ത് ഫെയിൽ എന്ന ചിത്രവും ഈ പട്ടികയിലുണ്ട്. അതേസമയം നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള ചിത്രങ്ങളില്ല.
രൺദീപ് ഹൂഡ സംവിധാനംചെയ്ത് നായകനായി അഭിനയിച്ച സ്വതന്ത്ര വീർ സവർക്കർ ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടനചിത്രം. നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയിൽ 25 ഫീച്ചർ ചിത്രങ്ങളും 20 നോൺ ഫീച്ചർ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.
384 ചിത്രങ്ങളിൽ നിന്നാണ് ഫീച്ചർ വിഭാഗത്തിലെ 25 സിനിമകൾ തിരഞ്ഞെടുത്തത്. നോൺ ഫീച്ചർ വിഭാഗത്തിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത് 262 സിനിമകളിൽനിന്നും. ഘർ ജൈസാ കുഛ് ആണ് ഇന്ത്യൻ പനോരമയിൽ നോൺ ഫീച്ചർ വിഭാഗത്തിലെ ഉദ്ഘാടനചിത്രം.