ADVERTISEMENT

നയന്‍താര ധനുഷ് വിവാദത്തില്‍ പ്രതികരണവുമായി ധനുഷിന്‍റെ പിതാവ് കസ്തൂരി രാജ രംഗത്ത്. നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി തേടി ധനുഷിനു പിന്നാലെ നടന്നുവെന്ന നടിയുടെ അവകാശവാദം തെറ്റാണെന്ന് കസ്തൂരി രാജ പറയുന്നു. ധനുഷ് തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ തിരക്കിലാണ്. നയന്‍താരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാന്‍ സമയമില്ലെന്നും കസ്തൂരി രാജയെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘‘ഞങ്ങള്‍ക്ക് ജോലിയാണ് പ്രധാനം. അതുമായി മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ വേട്ടയാടുന്നവരോടും ഞങ്ങളെക്കുറിച്ച് പലതും പറഞ്ഞു നടക്കുന്നവരോടും ഉത്തരം പറയാന്‍ സമയയമില്ല. എന്നെപ്പോലെ, എന്‍റെ മകനും ജോലിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നയൻതാര പറഞ്ഞതുപോലെ, രണ്ട് വർഷം കാത്തിരുന്നുവെന്നത് സത്യമായ കാര്യങ്ങളല്ല. തനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നാണ് അവന്‍ പറഞ്ഞത്.’’–കസ്തൂരി രാജയുടെ വാക്കുകൾ.

വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. നാനും റൗഡി താന്‍ പുറത്തിറങ്ങുന്നതുവരെ വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള പ്രണയം താന്‍ അറിഞ്ഞിരുന്നില്ലെന്നും കസ്തൂരി രാജ അവകാശപ്പെട്ടു.

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് വിവാദങ്ങൾക്കു തുടക്കമാകുന്നത്. നയൻതാരയെ നായികയാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. 

അതുകൊണ്ടു തന്നെ ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷിന്റെ നിർമാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയൻതാര പറയുന്നു. മാത്രവുമല്ല, ഈ ആവശ്യം പരിഗണിക്കുന്നത് മനഃപൂർവം വൈകിക്കുകയും അതേ തുടർന്നാണ് ഡോക്യുമെന്ററിയുടെ റിലീസ് നീണ്ടുപോകാൻ കാരണമെന്നും നയൻതാര വെളിപ്പെടുത്തുകയുണ്ടായി. 

English Summary:

Dhanush's father Kasthuri Raja reacts to spat with Nayanthara over documentary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com