ADVERTISEMENT

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ കണ്ടുകെട്ടി എന്ന് പറയുന്ന സ്വത്തുക്കള്‍ തന്റേതല്ലെന്ന് നടി ധന്യ മേരി വര്‍ഗീസ്. തട്ടിപ്പു കേസിൽ ഉൾപ്പെട്ടിട്ടുള്ള സാംസണ്‍ സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍, ഓഹരിയുടമ, അല്ലെങ്കില്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിടാന്‍ അര്‍ഹതയുള്ള വ്യക്തി അല്ല താനെന്നും കമ്പനിയുടെ സ്വത്തുക്കളിലും തനിക്കു യാതൊരു അവകാശവുമില്ലെന്നും നടി പറയുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ഔദ്യോഗിക പ്രസ്താവന ഇറക്കിയാണ് ധന്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ ധന്യയുടെ പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്തകള്‍ എത്തിയത്. ഇതിന് പിന്നാലെയായിരുന്നു നടിയുടെ പ്രതികരണം.

നടിയുടെ ഔദ്യോഗിക അറിയിപ്പ്:

‘‘സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സംബന്ധിച്ചുള്ള ഇഡി കൊച്ചിയുടെ 29-11-2024 പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, എന്റെ പേര് അനാവശ്യമായി ഈ വിഷയത്തിൽ ചേർത്തിരിക്കുകയാണെന്നു വ്യക്തമാക്കേണ്ട സമയമാണിത്. ആ പ്രസ്താവനയിൽ വ്യക്തതയുടെ അഭാവം കാരണം, എന്റെ പേര് തെറ്റായി കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നു പ്രചരിക്കുകയുണ്ടായി. ഞാൻ സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ, ഓഹരിയുടമ, അല്ലെങ്കിൽ ഏതെങ്കിലും രേഖകളിൽ ഒപ്പിടാൻ അർഹതയുള്ള വ്യക്തി അല്ല എന്നതാണ് യാഥാർഥ്യം.

പ്രസ്തുത പ്രസ്താവനയിൽ 180 ദിവസത്തേക്ക് കമ്പനിയുമായി ബന്ധപ്പെട്ട മൂന്നു സ്വത്തുക്കൾ താത്ക്കാലികമായി സീൽ ചെയ്തിരിക്കുന്നുവെന്ന് പ്രസ്താവിക്കപ്പെടുന്നു. ഇതിനെ കുറിച്ചുള്ള യഥാർത്ഥ സ്ഥിതി ചുവടെ വ്യക്തമാക്കുന്നു:

1. Samson and Sons Builders എന്ന കമ്പനി ഉടമസ്ഥതയിലുള്ള കരകുളത്തുള്ള വസ്തു

2. സാംസൺ ആൻഡ് സൺസ് കമ്പനിയുടെ ഭൂമിയുടെ അവകാശം ഉന്നയിച്ചിട്ടുള്ള മോഹന്‍കുമാര്‍ എന്ന വ്യക്തിയുടെ പേരിൽ ഉള്ള വസ്തു

3. എന്റെ ഭർത്താവിന്റെ സഹോദരൻ സാമുവൽ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫ്ലാറ്റ്.

ഈ മൂന്നു സ്വത്തുക്കളും ഞാനുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല. എനിക്കതിൽ യാതൊരു അവകാശവുമില്ലാത്തതാകുന്നു.

സീൽ ചെയ്ത സ്വത്തുക്കളുടെ വിശദമായ പട്ടിക കമ്പനിക്കു നൽകിയ നോട്ടീസിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, പൊതുപ്രസ്താവനയിൽ അല്ല. ആയതിനാൽ, ചില മാധ്യമങ്ങൾ ഇതിനെ തെറ്റായി മനസിലാക്കി എന്റെ സ്വത്തുക്കൾ സീൽ ചെയ്തുവെന്ന വാർത്ത പ്രസിദ്ധീകരിച്ചു. ഇത് മുൻനിരയിലുള്ള വാർത്താ ഏജൻസികൾ എന്തുകൊണ്ട് സത്യാവസ്ഥ പരിശോധിക്കാതെ പ്രസിദ്ധീകരിച്ചുവെന്ന് ഞാന്‍ ചിന്തിക്കുന്നു. ഈ തെറ്റായ പ്രചരണം എന്റെ പേരിൽ അനാവശ്യമായി കുറ്റം ചുമത്താനും എനിക്ക് എന്റെ സത്യസന്ധത തെളിയിക്കാൻ തടസ്സം സൃഷ്ടിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നു മനസിലാക്കുന്നു.

ഇതിന് മറുപടി നൽകുന്നതിനായി, ഞാൻ നിയമ നടപടികൾ സ്വീകരിച്ച് മാധ്യമങ്ങളെ അവരുടെ പിഴവ് തിരുത്താൻ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു. ഇതുകൂടാതെ, ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയോടെ വിശദമായ പുനഃപ്രസിദ്ധീകരണം നൽകാൻ ഇഡിയോട് അപേക്ഷിക്കുന്നതുമാണ്.

ഈ അവസ്ഥയിൽ എന്റെ പക്കൽ വന്നുനിന്ന് സത്യാവസ്ഥ അറിയാൻ ശ്രമിക്കുകയും പിന്തുണ നൽകുകയും ചെയ്ത എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു.

നന്ദി, ധന്യ മേരി വർഗീസ്.’’

ഫ്ലാറ്റുകൾ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും ജോണിന്റെ സഹോദരന്‍ സാമുവലിനും എതിരെ നിയമനടപടികള്‍ തുടര്‍ന്നു വന്നിരുന്നു. കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണും കേസുമായി ബന്ധപ്പെട്ട് 2016ല്‍ അറസ്റ്റിലായിരുന്നു. 2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപ തട്ടിച്ചെന്നും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപ തട്ടിച്ചെന്നുമുള്ള പരാതിയിലാണ് കേസ്. 

തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലും ഒളിവില്‍ പോയ ഇവരെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്മെന്റ്, നോവ കാസില്‍, മെരിലാന്‍ഡ്, ഗ്രീന്‍കോര്‍ട്ട് യാഡ്, എയ്ഞ്ചല്‍ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.

English Summary:

Actress Dhanya Mary Varghese claims that the properties confiscated in the flat fraud case do not belong to her.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com