രക്തത്തിൽ കുളിച്ച് ഒരു സിംഹത്തെപ്പോലെ ആശുപത്രിയിലെത്തി; സെയ്ഫിനൊപ്പമുണ്ടായിരുന്നത് തൈമൂർ: ഡോക്ടർ പറയുന്നു

Mail This Article
അക്രമിയുടെ കുത്തേറ്റ നടൻ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മകൻ തൈമൂർ അലി ഖാനും ഒപ്പമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്ത് ഡോക്ടർമാർ. രക്തത്തിൽ കുളിച്ച അവസ്ഥയിലാണ് സെയ്ഫ് ആശുപത്രിയിൽ എത്തിയത്. കുട്ടികളുടെ ആയയായി ജോലി ചെയ്യുന്ന ഏല്യാമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. സംഭവ ദിവസം സെയ്‌ഫിനെ ആശുപത്രിയിലെത്തിച്ചത് മൂത്ത മകൻ ഇബ്രാഹിമാനെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ഓട്ടോറിക്ഷയിലെത്തിയ താരം നടന്നാണ് ആശുപത്രിയിലേക്ക് കയറിയത്. അത്രയും ഗുരുതരമായ പരിക്കുകൾ ഉണ്ടായിട്ടും ധൈര്യം കൈവിടാതെ സമചിത്തതയോടെയാണ് സെയ്ഫ് പെരുമാറിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത്, ലീലാവതി ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിരജ് ഉത്തമാനി പറഞ്ഞത് ഇങ്ങനെ: "ആശുപത്രിയിൽ വന്നപ്പോൾ സെയ്ഫ് അലി ഖാനെ ആദ്യം കണ്ടത് ഞാനായിരുന്നു. രക്തത്തിൽ കുളിച്ചാണ് അദ്ദേഹം വന്നത്. പക്ഷേ ഒരു സിംഹത്തെപ്പോലെ തന്റെ ഏഴുവയസുകാരൻ മകനെയും കൂട്ടിയാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. സെയ്ഫ് അലി ഖാൻ ഒരു യഥാർത്ഥ ഹീറോയാണ്. ഇപ്പോൾ അദ്ദേഹത്തെ ഐസിയുവിൽ നിന്ന് സാധാരണ മുറിയിലേക്ക് മാറ്റി. അണുബാധയുണ്ടാകാത്തിരിക്കാൻ സെയ്ഫിന്റെ മുറിയിലേക്ക് സന്ദർശകരുടെ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.''
സെയ്ഫ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഡോക്ടർമാർ പറഞ്ഞു. നട്ടെല്ലിന് കേവലം 2 മില്ലീമീറ്റർ മാത്രം അകലെയായിരുന്നു കത്തി കൊണ്ടുള്ള മുറിവ്. കത്തി കൂടുതൽ ആഴത്തിൽ കയറിയിരുന്നെങ്കിൽ സുഷുമ്നാ നാഡിക്ക് കേടുപാടുകൾ സംഭവിക്കുമായിരുന്നു. "സെയ്ഫ് ഭാഗ്യവാനാണ്, അദ്ദേഹം രക്ഷപ്പെട്ടത് 2 മില്ലീമീറ്ററിന്റെ വ്യത്യാസത്തിലാണ്. കത്തി തറച്ചത്, സുഷുമ്‌നാ നാഡിക്ക് കേവലം 2 മില്ലിമീറ്റർ മാത്രം അകലെയായിരുന്നു, പരിക്കേൽക്കാമായിരുന്നു," ഡോക്ടർമാർ പറഞ്ഞു.
“സെയ്ഫിന് ഇപ്പോൾ നന്നായി നടക്കാൻ കഴിയും, കുഴപ്പമൊന്നുമില്ല. വലിയ വേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ല. ഐസിയുവിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റുന്നത് ഇപ്പോൾ സുരക്ഷിതമാണ്. ഞങ്ങൾ നിർദ്ദേശിച്ച ഒരേയൊരു കാര്യം, മുതുകിലെ മുറിവുകൾ കാരണം, പ്രത്യേകിച്ച് അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ അദ്ദേഹം കുറച്ച് സമയം വിശ്രമിക്കണം എന്നുമാത്രമാണ്. സന്ദർശകരെ കർശനമായി നിയന്ത്രിച്ചിരിക്കുകകയാണ്," സെയ്ഫിനെ ഓപ്പറേഷൻ ചെയ്ത ന്യൂറോ സർജൻ ഡോ നിതിൻ ഡാംഗെ പറഞ്ഞു.
മോഷണശ്രമത്തിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. കുടുംബാംഗങ്ങളെ അക്രമിയിൽ നിന്നു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു താരത്തിന് പരിക്കേറ്റത്. അക്രമി സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. മുംബൈയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ വെള്ളിയാഴ്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. കേസിൽ അന്വേഷണം തുടരുകയാണ്.