ADVERTISEMENT

‘വേട്ടൈയ്യൻ’ സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് വെളിപ്പെടുത്തി നടൻ അലൻസിയർ. ഒരു ദിവസം മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നതെന്നും രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പം ഒന്നിച്ച് അഭിനയിക്കാൻ സാധിക്കും എന്ന ആഗ്രഹത്തിലാണ് ആ സിനിമയ്ക്ക് ഡേറ്റ് നൽകിയതെന്നും അലൻസിയർ പറയുന്നു. ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്. 

‘‘നിങ്ങൾ‌ എന്റെ ജീവിതത്തിൽ നടന്ന കാര്യം അറിഞ്ഞിരുന്നോ?. നിങ്ങൾ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയിൽ അഭിനയിച്ച കാര്യമൊക്കെ ചോദിച്ചു. എന്നാൽ ഞാൻ ‘വേട്ടൈയ്യനി’ൽ അഭിനയിച്ച കാര്യം നിങ്ങൾ അറിഞ്ഞോ?. രജിനികാന്ത്, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം ഞാൻ അഭിനയിച്ചു. മുംബൈ വരൈ ഫ്ലൈറ്റ് ടിക്കറ്റ് തന്നാണ് എന്നെ കൊണ്ടുപോയത്. ഒരു തുറന്ന പുസ്തകം പോലെ പറയുകയാണ്.

എനിക്ക് ഒരു രൂപ ശമ്പളം കിട്ടിയില്ല. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും തന്നു. ഞാൻ അവിടെ ചെന്നിട്ട് ജഡ്ജി വേഷത്തിൽ ഇരിക്കണം. തമാശയാണ്. ഇനി ഇത് പറഞ്ഞതുകൊണ്ട് തമിഴിൽ എനിക്ക് വേഷം കിട്ടുമെന്ന് തോന്നുന്നില്ല. അമിതാഭ് ബച്ചനും രജിനികാന്തും അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കാണണമെന്ന് മോഹിച്ച് മാത്രം പോയതാണ്. അല്ലാതെ തമിഴിൽ അഭിനയിക്കണമെന്നോ, തമിഴ് കീഴടക്കണമെന്നോ എന്നൊന്നും എനിക്ക് താല്പര്യമില്ല. 

ഞാൻ ജഡ്ജി വേഷവും കെട്ടി ചേംബറിൽ ഇരിക്കുമ്പോൾ, ഒരു വശത്ത് രജിനി സാറും അപ്പുറത്ത് ഇരിക്കുന്നത് അമിതാഭ് ബച്ചൻ സാറും. എനിക്ക് ഷോട്ടില്ല, ഇവരുടെ പെർഫോമൻസ് ഒന്ന് നേരിട്ട് കാണണം. പറന്നുപോകുന്ന ഹെലികോപ്റ്ററിനെ ഒക്കെ കയറുകൊണ്ട് കടിച്ചു പിടിച്ചു നിർത്തുന്നതൊക്കെ പ്രീഡിഗ്രി സമയത്ത് കണ്ടിട്ടുണ്ട്. ഇദ്ദേഹം എങ്ങനെ പെർഫോം ചെയ്യുന്നുവെന്ന് നേരിട്ട് കാണാൻ േവണ്ടിയാണ് ഈ സിനിമയ്ക്ക് ഡേറ്റ് കൊടുത്തത്. ആകെ ഒരു ദിവസം മാത്രമായിരുന്നു എനിക്ക് ഷൂട്ട് ഉണ്ടായിരുന്നത്.

രജനി സർ അപ്പോൾ പെർഫോം ചെയ്തു. ഒരു സ്റ്റൈലെസ്ഡ് ആക്ടിങ്, ആ ബോഡി ലാം​ഗ്വേജ് കൊണ്ട് പെർഫോം ചെയ്ത് കോർട്ടിൽ നിന്നും പുറത്തേക്ക് പോകുന്നതാണ് സീൻ. പിന്നെ അടുത്തയാളുടെ പെർഫോമൻസാണ്. ഒരു സിംഹം ​ഗർജിക്കുന്നതുപോലെയുള്ള അമിതാഭ് ബച്ചന്റെ ശബ്ദം. ജഡ്ജി ഞെട്ടി. അപ്പോൾ എനിക്ക് മനസിലായി, ഇവരോടൊപ്പം പിടിച്ച് നിൽക്കാൻ എനിക്ക് പറ്റില്ല. 

കാരണം എനിക്ക് ഇത്രയും സ്റ്റൈലെസ്ഡ് ആക്ടിങ് അറിയില്ല, ഗാംഭീര്യമുള്ള ശബ്ദവും ഇല്ല. ഞാനിവിടെ ദിലീഷ് പോത്തന്റെ കൂടെയും ശരണിന്റെ കൂടെയും രാജീവ് രവിയുടെ കൂടെയും മര്യാദയ്ക്ക് അഭിനയിച്ചു നടന്നുകൊള്ളാം.’’–അലൻസിയറിന്റെ വാക്കുകൾ.

English Summary:

Actor Alencier revealed that he did not receive any remuneration for acting in the movie 'Vettaiyyan'.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com