‘വലിക്കും, എന്നാൽ സമാധാനപ്രിയൻ’; കഞ്ചാവ് കേസിൽ പിടിയിലായ മേക്കപ്പ്മാനെ പിന്തുണച്ച് ‘കള’ സംവിധായകൻ

Mail This Article
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാൻ ആർ.ജി. വയനാടനെ പിന്തുണച്ച് സംവിധായകൻ രോഹിത് വി.എസ്. കഞ്ചാവ് ഉപയോഗിക്കുമെങ്കിലും വയനാടൻ പ്രശ്നക്കാരനല്ലെന്നാണ് സമൂഹമാധ്യമ പേജിലൂടെയുള്ള രോഹിത്തിന്റെ വെളിപ്പെടുത്തൽ. താൻ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് ആർ.ജി.വയനാടൻ എന്നും രോഹിത് കുറിച്ചു.
രോഹിതിന്റെ വാക്കുകൾ: ‘‘അതെ... അവൻ (കഞ്ചാവ്) വലിക്കാറുണ്ട്. എന്നാൽ, ഞാൻ ഇതുവരെ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവൻ. ഒരിക്കലും വയലൻസ് കാണിച്ചിട്ടില്ല.’’ കള, ഇബ്‍ലിസ്, അഡ്‌വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വി.എസ്.
വാഗമണ്ണിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് രഞ്ജിത്ത് ഗോപിനാഥൻ എന്ന ആർ.ജി.വയനാടനെ എക്സൈസ് സംഘം പിടി കൂടിയത്. 45 ഗ്രാം ഹൈബ്രിഡ് ഇയാളിൽ നിന്ന് കണ്ടെടുത്തു.
വാഗമൺ, കാഞ്ഞാർ പ്രദേശങ്ങളിലെ സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം പ്രശ്നങ്ങളുണ്ടാക്കുന്നെന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് പ്രദേശം എക്സൈസ് നിരീക്ഷണത്തിലായിരുന്നു. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫിസിലും നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്തിട്ടുണ്ട്.