ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

‘എമ്പുരാൻ’ എന്ന സിനിമ അതിന്റെ രാഷ്ട്രീയപരമായ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റി കഴിഞ്ഞുവെന്ന് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ. ഇനി സിനിമ കട്ട് ചെയ്തു പ്രദർശിപ്പിച്ചാലും ആ സിനിമ മനുഷ്യരുടെ മനസ്സിൽ ഉയർത്തിവിട്ട ചിന്തകൾ മായ്ക്കാൻ പറ്റില്ലെന്നും മൈത്രേയൻ പറയുന്നു.  തെക്കേ ഇന്ത്യയിൽ ആയതുകൊണ്ട് മാത്രമാണ് ഇത്തരമൊരു സിനിമ നിർമിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ കുറേകാലമായി വടക്കേ ഇന്ത്യക്കാർ നിർമിച്ചു വിടുന്ന ‘കശ്മീർ ഫയൽസി’നും ‘കേരളം സ്റ്റോറി’ക്കും നല്ലൊരു മറുപടിയാണ് ‘എമ്പുരാൻ’ എന്ന സിനിമയിലൂടെ നൽകിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകരോ നായകനോ ഈ കഥകളൊന്നും അറിയാതെ ആണ് അഭിനയിച്ചതെന്ന് താൻ കരുതുന്നില്ലെന്നും മൈത്രേയൻ പറയുന്നു.

“എമ്പുരാൻ എന്ന സിനിമ ഞാൻ ഇതുവരെ കണ്ടില്ല. ഞാൻ അത് കാണും എന്ന് എഴുതി പ്രഖ്യാപിച്ചതാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയം കൈകാര്യം ചെയ്ത കാരണം കൊണ്ട് സിനിമയ്ക്ക് എന്റെ മുഴുവൻ പിന്തുണയും ഉണ്ട്. സാധാരണഗതിയിൽ ഞാൻ ഇത്തരത്തിലുള്ള സിനിമകൾ കാണില്ല. എന്റർടെയ്നർ എന്നു പറഞ്ഞാണ് ഇത്തരത്തിലുള്ള സിനിമകളൊക്കെ ഇറക്കാറുള്ളത്. പക്ഷേ ഇതൊരു രാഷ്ട്രീയമായി, ഇങ്ങനെയൊരു വശം കൂടി ഉണ്ടായതുകൊണ്ട് അവർക്കൊരു പിന്തുണ എന്ന നിലയിൽ തിയറ്ററിൽ പോയി കാണാനായി ആലോചിക്കുന്നുണ്ട്. രാഷ്ട്രീയമായ പിന്തുണ അവർക്ക് കൊടുക്കണം എന്നുള്ളതുകൊണ്ട് മാത്രമാണ് ആ സിനിമ കാണുന്നത്.  നമുക്ക് സപ്പോർട്ട് കൊടുക്കാനേ കഴിയൂ.  കഴിഞ്ഞ കുറെ വർഷമായി വടക്കേ ഇന്ത്യക്കാർ മുസ്‌ലിം സമുദായത്തിനെ ഒരുപോലെ കുറ്റവാളികളാക്കി മാറ്റിയിരിക്കുന്ന അതിനുവേണ്ടി പ്രചരിപ്പിച്ചിട്ടുള്ള കശ്മീർ ഫയൽസും അതിനുവേണ്ടി ഉണ്ടാക്കിയ കേരള സ്റ്റോറിക്കും ഇത്രയും നല്ല ഒരു മറുപടി കൊടുക്കാനായി കഴിഞ്ഞു എന്നുള്ളത് ചെറിയ കാര്യമാല്ല. അത് നമ്മൾ അങ്ങനെ തന്നെ മനസ്സിലാക്കേണ്ടതുണ്ട്.  

ഓരോ ദിവസം കഴിയുതോറും വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും തമ്മിലുള്ള വ്യത്യാസം വർധിച്ചുകൊണ്ടിരിക്കുകയാണ്. ശരിക്കു പറഞ്ഞാൽ ഇപ്പോ നമ്മൾ തെക്കേ ഇന്ത്യയിൽ കാര്യമായിട്ടൊന്നും അനുഭവിക്കുന്നില്ല.  യുപിയിൽ ആണെങ്കിൽ ഇങ്ങനെ ഒരു സിനിമ എടുക്കാൻ സാധിക്കില്ല. അത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.  ഇങ്ങനെയൊരു സിനിമ എടുക്കാൻ ആലോചിക്കാൻ പോലും കഴിയില്ല. കശ്മീർ ഫയലും കേരള സ്റ്റോറിയും ഒക്കെ തന്നെ ആയിരിക്കും അവിടെനിന്നും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ക്രിട്ടിക്കൽ ക്രിട്ടിസിസം ഉള്ള ഒരു നിലപാടെടുത്ത സിനിമ ഉണ്ടാക്കാനായി ആരും തയാറാകില്ല. സെക്കുലർ ആയുള്ള മതേതര വീക്ഷണത്തോടുകൂടി ഇരിക്കുന്ന ഒരു രാജ്യത്തിനകത്ത് നമുക്ക് അതൊക്കെ തുറന്നു പറയാനുള്ള ഒരു അന്തരീക്ഷം ഇന്നും ഈ തെക്കേ ഇന്ത്യയിൽ ഉണ്ട്. അതുകൊണ്ടാണ് ഈ സിനിമ എടുക്കാൻ കഴിഞ്ഞത്. സിനിമയുടെ ഗമയോ അതിന്റെ ശരിയോ അല്ലെങ്കിൽ അത് സാങ്കേതികമായി കൊള്ളാമോ ഇല്ലയോ എന്നുള്ളതല്ല, ഞാൻ അതിന്റെ രാഷ്ട്രീയം മാത്രമാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള ഒരു സിനിമ അഡ്രസ് ചെയ്ത വിഷയം ഏതാണ്ട് 20 വർഷത്തോളമായി മൂടിവയ്ക്കപ്പെട്ടിരുന്നതാണ്. 

പ്രത്യേകിച്ചും ഗോധ്ര പ്രശ്നം, ഗോധ്ര വിഷയം ചർച്ച ചെയ്യുന്നിടത്തേക്ക് സമൂഹത്തെ എത്തിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. ഞാൻ അതിനെ അല്പം പോലും കുറച്ചു കാണുന്നില്ല. സത്യത്തിൽ സിനിമയുടെ രാഷ്ട്രീയമായ ആവശ്യം കഴിഞ്ഞു. അത് വെട്ടിത്തിരുത്തുന്നത് കൊണ്ടൊന്നും ഇനി അത് പരിഹരിച്ച്‌ 

പോകത്തില്ല. രാഷ്ട്രീയമായുള്ള ആ ചർച്ച ഉണർത്തി എന്നുള്ളതാണ് ആ സിനിമ വിജയിച്ചു കഴിഞ്ഞു എന്നു പറയുന്നത്. ഇപ്പോൾ ഈ നിശബ്ദമാക്കുന്നതും കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നതും കല്ലു കൊള്ളേണ്ടടത്ത് കൊണ്ടു എന്നുള്ളതുകൊണ്ടാണ്. 

പടത്തിന് വേണ്ടി പണം മുടക്കിയ ഗോകുലം ഗോപാലിനെ പോലുള്ളവർക്ക് മുന്നോട്ട് പോകാൻ പോലും പറ്റാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുമെന്നും പലതും പൊങ്ങി വരാൻ സാധ്യതയുണ്ടെന്നും നമ്മൾ മനസ്സിലാക്കണം. അവർക്ക് ധനനഷടം ഉണ്ടാകും. എനിക്ക് രാഷ്ട്രീയം അറിയുന്നതു കൊണ്ട് പറയുന്നതാണ്.  പക്ഷേ ആ സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയ മുരളിയും അതെടുത്ത പൃഥ്വിരാജും അതിനകത്ത് അഭിനയിച്ച മോഹൻലാൽ എന്നിവരും ഒക്കെ അറിഞ്ഞിട്ട് തന്നെയാണ് അത് ചെയ്തത്.  അറിയാതെ അത് ചെയ്യാൻ കഴിയില്ല, അവർ സിനിമ സിനിമ കണ്ടില്ല എന്നൊക്കെ പറയുന്നത് വെറുതെ ആണ്. ആ സിനിമ അതിന്റെ രാഷ്ട്രീയമായ ആവശ്യം നിർവഹിച്ചു കഴിഞ്ഞു. ആ സിനിമ ഇനി നമുക്ക് മനസ്സിൽ നിന്ന് തൂത്തു കളയാൻ കഴിയില്ല. 

തുറന്നുവിട്ട ഭൂതത്തിനെ  ഇനി കുടത്തിൽ അടക്കാൻ കഴിയില്ല. ഗോധ്ര പ്രശ്നം തന്നെയാണ് യഥാർഥത്തിലെ അതിലെ ഏറ്റവും വലിയ പ്രശ്നം. ഗുജറാത്ത് വംശഹത്യ നടത്തിയതാണെന്ന് നമ്മളെല്ലാം കണ്ടതാണ്, ഞാനുൾപ്പടെ എല്ലാവരും അതിൽ നിസ്സഹായരായി പോയതാണ്. 

രാഷ്ട്രീയമായി വടക്കേ ഇന്ത്യക്കാർ ഉണ്ടാക്കി കേരളത്തിലേക്ക് അയച്ച കേരള സ്റ്റോറി, കശ്മീർ ഫയൽസ് എന്നീ സിനിമകൾക്കുള്ള മറുപടി ഈ സിനിമ നിർവഹിച്ചു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായി അതിനെ വികസിപ്പിക്കാൻ കഴിയുക എന്നു പറയുന്നത് മറ്റൊരു വശമാണ്. ഇനി ആ സിനിമ ആളുകൾ കാണുകയോ കാണാതിരിക്കുകയോ എന്നതല്ല, അതിനുവേണ്ടി പണം ഇൻവെസ്റ്റ് ചെയ്തവരും അത് നടത്തിക്കൊണ്ടു പോകുന്നവർക്കും അതിനകത്തുനിന്ന് തടിയൂരി പോരാൻ കഴിയുമോ എന്നുള്ളത് മാത്രമേ നമുക്ക് നോക്കേണ്ട കാര്യമുള്ളൂ.   ഈ സ്ക്രിപ്റ്റ് എഴുതിയ മുരളിയെയും സംവിധാനം ചെയ്യാനായിട്ട് ധൈര്യം കാണിച്ച പൃഥ്വിരാജിനേയും മോഹൻലാലിനേയും ഞാൻ അഭിനന്ദിക്കുന്നു.’’–മൈത്രേയന്റെ വാക്കുകൾ.

English Summary:

Maitreyan Support Empuraan Movie

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com