നെഗറ്റിവ് റിവ്യു പറയുന്ന ആറാട്ടണ്ണനെ എന്തിന് ‘ബസൂക്ക’യിൽ അഭിനയിപ്പിച്ചു: മറുപടിയുമായി ഹക്കീം ഷാ

Mail This Article
‘ബസൂക്ക’ സിനിമയിൽ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനെ അഭിനയിപ്പിച്ചതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ ഹക്കീം ഷാ. റിവ്യു പറയുന്നവരെ സിനിമയിൽ അഭിനയിപ്പിക്കുന്നതിൽ എന്താണ് തെറ്റെന്ന് ഹക്കീം ചോദിക്കുന്നു, സിനിമയിലെ ആ രംഗത്തിന് ഉചിതമായ കഥാപാത്രത്തെയാണ് സംവിധായകൻ തിരഞ്ഞെടുത്തതെന്നും വ്യക്തിപരമായി ആ നിമിഷം ഒരുപാട് ആസ്വദിച്ചെന്നും ഹക്കീം ഷാ പറഞ്ഞു.
‘‘അതൊരു സംവിധായകന്റെ തീരുമാനമാണ്. എന്തുകൊണ്ടെന്നും അത് എങ്ങനെയാണ് അവിടെ വന്നതെന്നുമൊക്കെ അദ്ദേഹമാണ് പറയേണ്ടത്. പക്ഷേ ഞാൻ ഭയങ്കരമായി ആസ്വദിച്ച നിമിഷങ്ങളായിരുന്നു അത്. റിവ്യു പറയുന്ന ആളുകൾക്ക് സിനിമയിൽ വരാൻ പറ്റില്ലെന്നില്ലല്ലോ? അവരുടെ റിവ്യൂസിനെ അല്ലല്ലോ പ്രമോട്ട് ചെയ്യുന്നത്.
അയാളുടെ ഫേസ് വാല്യുവിനെയോ ഫെയ്മിനെയോ അയാൾക്കുള്ള പബ്ലിക് ഇമേജിനെയും ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്. ഇവിടെ ഇൻസ്റ്റഗ്രാം റീൽസ് എടുക്കുന്ന എത്രയോ ആളുകൾ സിനിമയിൽ അഭിനയിക്കുന്നു. അവർക്കു സമൂഹത്തിലുളള ഇമേജിനെ അതുപോലെ തന്നെ സിനിമയിലും ഉപയോഗിക്കുന്നു. അപ്പോൾ അതിൽ തെറ്റൊന്നുമില്ല.
സിനിമയുടെ നിമിഷത്തിൽ അത് എത്രത്തോളം അബദ്ധമായിരുന്നു, ലക്ഷ്യത്തിൽ നിന്നും എത്രത്തോളം വ്യതിചലിച്ചുപോയി എന്നു കാണിക്കാൻ പറ്റുന്ന ഒരവസരമായിട്ടാണ് അദ്ദേഹം അഭിനയിച്ച രംഗം കണ്ടപ്പോൾ തോന്നിയത്. ഇതായിരുന്നു മികച്ച തീരുമാനമെന്നാണ് എനിക്കു തോന്നുന്നത്.’’–ഹക്കീം ഷായുടെ വാക്കുകൾ.
സിനിമ റിലീസ് ചെയ്യുന്ന ആദ്യ ദിവസം തന്നെ നെഗറ്റിവ് റിവ്യു പറയുന്ന സന്തോഷ് വർക്കിയെപ്പോലുള്ള യൂട്യൂബേഴ്സിനെ ഒരുതരത്തിലും പ്രമോട്ട് ചെയ്യരുതെന്ന് നിർമാതാക്കളുടെയും തിയറ്ററുകാരുടെയും സംഘടന പറയുന്നുണ്ടെന്നും അങ്ങനെ ആരോപണം നേരിടുന്ന ആളുകളെ തന്നെ സിനിമയിൽ അഭിനയിപ്പിക്കുന്നത് ശരിയാണോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.