ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

‘എമ്പുരാൻ’ സിനിമയെപ്പറ്റി പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി മുൻ ഡിജിപി ആർ. ശ്രീലേഖ. ‘എമ്പുരാൻ’ കണ്ടതിനു ശേഷം ചിത്രം വെറും എമ്പോക്കിത്തരം  ആണെന്ന രീതിയിൽ ശ്രീലേഖ ഒരു വിഡിയോ പങ്കുവച്ചിരുന്നു.  അതിനെ വിമർശിച്ച് നിരവധിപേരാണ് മുന്നോട്ട് വന്നത്. ‘എമ്പുരാൻ’ സിനിമ ദേശവിരുദ്ധമാണെന്നും ജനപിന്തുണയോടെ ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെയാണ് സിനിമയെന്നും ശ്രീലേഖ പറയുന്നു.  ബിജെപിയിലേക്കു പോയാൽ കേരളത്തിലെ മുഖ്യമന്ത്രിയായാൽ പോലും ഭരിക്കാൻ സമ്മതിക്കില്ലെന്നും കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ കള്ളക്കടത്ത് സംഘങ്ങൾക്ക് മാത്രമേ കഴിയൂ എന്നുമുള്ള സന്ദേശമാണ് സിനിമ നൽകുന്നതെന്ന് ശ്രീലേഖ പറഞ്ഞു.  

“എന്റെ കഴിഞ്ഞ വിഡിയോയിൽ ‘എമ്പുരാൻ’ എന്ന സിനിമയെകുറിച്ചുള്ള അവലോകനമായിരുന്നു.  വിഡിയോ കണ്ട ചാനലിൽ വളരെയധികം പേർ നല്ല കമന്റുകൾ എഴുതിയിട്ടുണ്ട്. പക്ഷേ അതിനിടയിലൂടെ ചിലർ വളരെ മോശം കമന്റുകൾ എഴുതിയിട്ടുണ്ട്.  എല്ലാ കമന്റും ഞാൻ വായിച്ചു ഒന്നിനും മറുപടി എഴുതണ്ട എന്ന് വിചാരിച്ചു. കാരണം ഒരുപാട് കമന്റുകൾ പിന്നെയും വരുമെന്ന് എനിക്കറിയാവുന്നതുകൊണ്ടും സമയം ലഭിക്കാത്തതുകൊണ്ടും ഒക്കെയാണ് ഞാൻ മറുപടി എഴുതാത്തത്. ഇതിനുമുമ്പ് വിവാദമായ പല വിഡിയോസും ഞാൻ ചെയ്തിട്ടുണ്ട്. എന്റെ 142ാം എപ്പിസോഡ് ആയ ലൗ ജിഹാദ് വിഡിയോ വളരെയധികം വിവാദമായി.  വളരെ മോശം കുറെ കമന്റുകൾ വന്നിട്ടുണ്ടായിരുന്നു. 75ാം എപ്പിസോഡ്ആയ ദിലീപിനെ കുറിച്ച് ഞാൻ ചെയ്ത വിഡിയോയും വളരെയധികം മോശം കമന്റുകൾ കേൾക്കേണ്ടി വന്നു. 

എന്റെ സ്വന്തം മൂത്ത സഹോദരനെ പോലെ ഞാൻ കരുതുന്ന  ഒരു ഇക്കയുണ്ട്.  അദ്ദേഹം വിളിച്ചു ചോദിച്ചു എന്തിനാ ലേഖ ഇതുപോലെയുള്ള വിദ്വേഷം പരത്താൻ ഉതകുന്ന തരത്തിലുള്ള വിഡിയോ ഒക്കെ ഇടുന്നതെന്ന്. ഞാൻ ഈ ചാനൽ തുടങ്ങിയതിനു ശേഷം ഒരു വിഷയത്തെകുറിച്ചും ഞാൻ രണ്ടാമത് ഒരു വിശദീകരണം പറയേണ്ട ഒരു അവസ്ഥ വന്നിട്ടില്ല. ‘എമ്പുരാൻ’ എന്ന സിനിമയെ കുറിച്ച് ഞാൻ പറഞ്ഞതിൽ ചില സ്ഥലത്തെങ്കിലും ഒരു ക്ലാരിറ്റി കുറവ് ഉണ്ടായതായിട്ട് എനിക്ക് തോന്നി.

സിനിമ അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ല അതിന് ഞാൻ ആവശ്യമില്ലാതെ ഒരു ഹൈപ്പ് ഞാനും കൂടെ ചേർന്ന് കൊടുക്കേണ്ട കാര്യമില്ല. ആ സിനിമ പൊതുവേ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കും എതിരാണ്. ഐയുഎഫ് പാർട്ടി വളരെ മോശം പാർട്ടി ആയിട്ട് കാണിക്കുന്നുണ്ട്, ആർപിഐഎം പാർട്ടിയെ അതിനേക്കാൾ മോശമായിട്ട് കാണിക്കുന്നുണ്ട്. ഇവർ രണ്ടുപേരും കൂടെ ഒരു ഗ്രൂപ്പ് ആണെന്നും ആർപിഐ നേതാവിന് ഇങ്ങനെ തിരുവാതിര കളി ഇഷ്ടമാണെന്നും എല്ലാ സ്ത്രീകളും കൂടെ ചേർന്ന് തിരുവാതിര കളിച്ച് എന്തെങ്കിലുമൊക്കെ പറയുന്നത് കേട്ട് രസിക്കുന്നവനാണെന്നും ഒക്കെ ഉള്ള ഒരു ധ്വനി അതിനകത്ത് വരുത്തിയിട്ടുണ്ട്.

മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് എങ്ങനെയാണു ഈ സിനിമ ഇഷ്ടമായതെന്ന് എനിക്ക് എത്ര ഓർത്തിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ചിലപ്പോൾ അതിനകത്ത് വികലമായ രീതിയിൽ ഗുജറാത്തിൽ നടന്നതിനെ കാണിക്കുന്നത് കൊണ്ട് ആയിരിക്കാം.  ചിലപ്പോൾ ബിജെപിയെ താഴ്ത്തി കാണിക്കുന്ന സിനിമയാണ് അതുകൊണ്ട് ഞങ്ങൾ ഇത് പ്രൊട്ടക്ട് ചെയ്തേ മതിയാവു എന്നായിരിക്കും.   നമ്മളെല്ലാവരും ഒരേ രാജ്യത്ത് ജനിച്ചവർ അവരെ ജാതിയുടെയോ മതത്തിന്റെയോ പേരിൽ മാറ്റി നിർത്തേണ്ട കാര്യമില്ല.  വളരെയധികം സഹോദര്യത്തോടുകൂടി സന്തോഷത്തോടുകൂടി ജീവിക്കുന്ന രാജ്യമാണ് ഇത്.  

ഐക്യത്തോടെ സഹോദര്യത്തോടുകൂടി ജീവിക്കുന്ന ഒരു അവസ്ഥയിൽ ഇതുപോലൊരു സിനിമ എടുത്തിട്ടുകൊണ്ട് എല്ലാരെയും മോശമായിട്ട് കാണിച്ച് ഈ അധോലോക നായകന്മാർ അല്ലാതെ ബാക്കി എല്ലാവരെയും മോശക്കാർ എന്ന് കാണിക്കുന്ന രീതി സിനിമയക്ക് ഭൂഷണമല്ല. ‘ലൂസിഫറി’ൽ രാഷ്ട്രീയം പച്ചയായിട്ട് കാണിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി എന്നാണ് ഞാൻ കഴിഞ്ഞ വീ‌ിഡിയോയിൽ പറഞ്ഞത്.  അല്ലാതെ ലൂസിഫർ എനിക്ക് ഇഷ്ടമായി എന്ന് ഞാൻ പറഞ്ഞിട്ടില്ല.  മയിൽ വാഹനം ഒരു തമിഴനാണെന്നും അയാൾ കുട്ടികളെ ഉപദ്രവിക്കുന്ന ആളാണെന്നും അതിനകത്ത് കാണിക്കുന്നുണ്ട്.   ഒരു കമ്മിഷണറെ കൊന്നിട്ട് അയാൾ ജയിലിൽ ഒന്നും പോയില്ലേ, അയാൾ ഇപ്പോഴും പുറത്തത് ഇങ്ങനെ കറങ്ങി നടക്കുവാണോ, അതിന് കേസ് ഇല്ലേ എന്ന് ആരെങ്കിലും ഒന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?  

‘എമ്പുരാൻ’ സിനിമ വരുമ്പോഴും അവൻ അവിടെ തന്നെ ഉണ്ട്. അവന്റെ ഇപ്പോഴത്തെ ജോലി എന്താണ്?  ഖുറേഷി അബ്രാം  പ്രവർത്തനവുമായിട്ടു ഇങ്ങനെ പര്യടനം നടത്തുകയാണ്. ലോക നായകൻ ആയിട്ടുള്ള ആളെ കേരളത്തിലേക്ക് വിളിച്ചുവരുത്തി. ബിജെപിയുമായിട്ട് സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ല, ആ മുഖ്യമന്ത്രിയെ നമുക്ക് ഇവിടെ നിന്ന് ഒഴിവാക്കികൊണ്ട് പകരം മുഖ്യമന്ത്രിയുടെ ചേച്ചിയായിട്ടുള്ള സ്ത്രീയെ ഇവിടുത്തെ പാർട്ടിയുടെ നേതാവാക്കി അവരെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി കൊണ്ടുവരണം എന്നാണ് പറയുന്നത്.  അപ്പോ അതിനു വേണ്ടിയിട്ടാണ് വീണ്ടും മുണ്ടുടുത്തു മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി ആയി തിരിച്ചു വരുന്നതും അവിടെ ഉണ്ടാകുന്ന ഒരു പ്രശ്നത്തിൽ ഇടപെട്ട് പ്രിയദർശിനി അവരെ കൊണ്ടുവന്ന് ഈ കാര്യങ്ങളിലൊക്കെ ചെയ്യിക്കുന്നതും ഒക്കെയാണ് കാണിക്കുന്നത്.

ഖുറേഷി അബ്രാം എന്ന്പറയുന്ന ആളുടെ നന്മ എന്തുകൊണ്ട് കണ്ടില്ല അയാൾ ലഷ്കറെ തോയിബ ട്രെയിൻ ചെയ്തിട്ടുള്ള കുട്ടികളെ രക്ഷപ്പെടുത്തുകയാണ്. പൃഥ്വിരാജ് ചെയ്യുന്ന സയീദ്  മസൂദ് എന്ന പറയുന്ന കഥാപാത്രം 13ഓ 14ോ വയസ്സുള്ളപ്പോൾ ഗുജറാത്തിലെ കലാപത്തിന്റെ ഇടയിൽ പെട്ടതാണ്.  അവൻ എങ്ങനെ പാക്കിസ്ഥാനിലെ ക്യാമ്പിൽ ട്രെയിനിങ്ങിന് ചെന്നു എന്നുള്ളത് ആരും പറയുന്നില്ല. അപ്പോ ലഷ്കർ ഇ  തൊയ്ബയുടെ കരം വളരെ സ്ട്രോങ്ങ് ആയി ഭാരതത്തിൽ ഉണ്ട്. അവർ  ഇതൊക്കെ നോക്കിക്കൊണ്ടിരിക്കുകയാണ്.  ഭാരതത്തിൽ നിന്ന് ഒരുപാട് കുട്ടികളെ പാക്കിസ്ഥാനിലെ ടെററിസ്റ്റ് ക്യാമ്പുകൾ പിടിച്ചുകൊണ്ടുപോയി ട്രെയിൻ ചെയ്യും എന്നാണ് കാണിക്കുന്നത്. അവരെ ഇന്ത്യക്കെതിരെയുള്ള മുദ്രാവാക്യം മുഴക്കാനും ഭീകരവാദം പഠിപ്പിക്കാനും ഇന്ത്യയാണ് നിങ്ങളുടെ എല്ലാവരെയും കൊന്നത്  എന്നുള്ളത് പറഞ്ഞു പറഞ്ഞു  പഠിപ്പിച്ച് അവരെ തിരിച്ച് വലിയ ജിഹാദികളായിട്ട് ഭാരതത്തിലേക്ക്  ബോംബ് പൊട്ടിക്കാനും അവിടെ പോയി മരിക്കാനും ഒക്കെ ആയിട്ട് വിടുന്നതായിട്ട് കാണിക്കുന്നുണ്ട്.  ഈ ആളുകളെയാണ് ഖുറേഷി അബ്രാം രക്ഷിക്കുന്നത്.  

സയീദ് മസൂദ് എന്ന് പറയുന്ന പയ്യനെ ഖുറേഷി എന്തിനാണ് രക്ഷിക്കുന്നത്? രക്ഷിച്ച് വിദ്യാഭ്യാസം നൽകി ഭാരതീയ പൗരനായിട്ട് വളർത്തിയെടുത്ത് ദേശസേവനം ചെയ്യാൻ വേണ്ടിയിട്ടാണോ അയാൾ രക്ഷിക്കുന്നത്, അല്ല അയാൾ അയാളുടെ ഗ്യാങ്ങിലേക്ക് റിക്രൂട്ട് ചെയ്യുകയാണ്. അയാളുടെ കള്ളക്കടത്ത് സംഘം ഉണ്ടല്ലോ സ്വർണവും ഡയമണ്ടും ഒക്കെ കള്ളക്കടത്തുന്ന ഒരു സംഘം, അതിലേക്ക് അയാൾക്ക് ഇതുപോലെയുള്ള ആളുകളെ വേണം. അപ്പോ അതുകൊണ്ട് അങ്ങനെ റിക്രൂട്ട് ചെയ്ത് അയാളുടെ രീതിയിൽ ഭാരതത്തിൽ ഇതുപോലെയുള്ള ടെററിസം നടത്താൻ വേണ്ടി റിക്രൂട്ട്  ചെയ്‌തു എടുക്കുകയാണ്. പിന്നീട് സയീദ് മസൂദും ഇതുപോലെയുള്ള കുറെ കുട്ടികളെ രക്ഷപ്പെടുത്തുന്നതായി കാണിക്കുന്നുണ്ട്.  ഒരു പെൺകുട്ടിയെ കൂടെ അതിനകത്ത് ഉൾപ്പെടുത്തുന്നുണ്ട് കഷ്ടം. 

ഇവരെയൊക്കെ രക്ഷപ്പെടുത്തികൊണ്ട് വരുന്നത്, അവർക്ക് ഭാരതത്തിൽ സേവനം ചെയ്യാനോ രാഷ്ട്ര നന്മയക്കോ വേണ്ടിയിട്ടല്ല, അവരുടെ ഗ്യാങ്ങിലേക്ക് കൊണ്ടുവരാൻ വേണ്ടിയിട്ടാണ്. അവരുടെ ഗ്യാങ് ശക്തപ്പെടുത്താൻ ഇതുപോലെ ഐഎസ് ട്രെയിൻഡ് ആയിട്ടുള്ള കുട്ടികളെ അവർക്ക് ആവശ്യമുണ്ട്. അതുകൊണ്ട് പാക്കിസ്ഥാനിൽ നിന്ന് വരുന്ന വണ്ടികളെല്ലാം ഇവർ നിരീക്ഷിച്ച് അവരെ ബോർഡറിൽ വച്ച് തടഞ്ഞ് പാക്കിസ്ഥാനികളെ കൊന്നിട്ട് ഈ കുട്ടികളെ അവരുടെ ഗ്യാങ്ങിലേക്ക് എടുക്കുകയാണ് എന്നാണു സിനിമ നൽകുന്ന സൂചന. മുഖ്യമന്ത്രി ജതിൻ രാംദാസ് പാർട്ടിയിൽ നിന്ന് മാറി സ്വന്തമായിട്ട് ഒരു പാർട്ടി തുടങ്ങി അത് ബിജെപിയുമായി ചേർന്ന് നിന്നുകൊണ്ട് അടുത്ത ഇലക്ഷന് മത്സരിക്കുന്നു എന്ന് പറയുമ്പോൾ അയാളെ തട്ടിക്കൊണ്ടു പോവുകയും കൊല്ലുകയും ചെയ്യുകയാണ്. ഇപ്പോഴും മുഖ്യമന്ത്രിയായിട്ടിരിക്കുന്ന ഒരാളെ തട്ടിക്കൊണ്ടുപോയി അയാളെ ഹെലികോപ്റ്ററിൽ വെച്ച് കൊലപ്പെടുത്തുകയാണ്. കൊല്ലുന്നത് ചൈനീസ് ട്രയാഡ് ആണെന്നാണ് കാണിക്കുന്നത്.  പക്ഷേ അതിൽ നിന്ന് കിട്ടുന്ന സന്ദേശം എന്താണ്, ഒരു മുഖ്യമന്ത്രി ആണെങ്കിൽ പോലും നിങ്ങൾ ബിജെപി റെപ്രസന്റ് ചെയ്യുന്ന അഖണ്ഡസേവാ മോർച്ച എന്ന് പറയുന്ന പാർട്ടിയുമായിട്ട് ചേർന്നിട്ടുണ്ട് എന്നുണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ തട്ടിക്കൊണ്ടു പോവുകയും കൊല്ലുകയും ചെയ്യും എന്നുള്ള ഒരു ധാരണ കൊടുക്കുന്ന രീതിയിലാണ്  കാണിക്കുന്നത്.

സർക്കാർ നിലനിൽക്കുന്നത് ഇതുപോലെയുള്ള ഗ്യാങ്ങുകളുടെയും കാർട്ടൽസിന്റെയും  ഇല്ലുമിനാറ്റിയുടെയും ഒക്കെ പിൻബലത്തോടുകൂടിയേ ആകാവൂ എന്നുള്ള ഒരു ധാരണ

കൊടുത്തുകൊണ്ട് അങ്ങനെ നിൽക്കുന്നവരെ ഞങ്ങൾ പ്രൊട്ടക്ട് ചെയ്യും എന്ന ഒരു സന്ദേശം ആദ്യം തൊട്ട് അവസാനം വരെ കൊടുക്കുന്നുണ്ട്.  വെടിയും ഇടിയും ഒച്ചയും കരച്ചിലും അലർച്ചയും ആ പാട്ടുകളും ആ മ്യൂസിക്കും അതിന്റെ ഇടയിലൂടെ ഉണ്ടാകുന്ന ഈ ബഹളവും പൊട്ടിത്തറിയും ഒക്കെ കാണാൻ വേണ്ടി മാത്രമാണോ സിനിമയക്ക് പോകുന്നത് ? അത് മാത്രം ആസ്വദിച്ചാൽ മതിയോ ? മോശമായിട്ടുള്ള രീതിയിൽ എല്ലാ കള്ളക്കടത്തും എല്ലാ കൊള്ളയും കൊലയും ചെയ്ത്  മനുഷ്യരെ എല്ലാം ഉപദ്രവിച്ച് ദ്രോഹിച്ച് രാജ്യ ദ്രോഹം ചെയ്യുന്ന ക്ഷുദ്രശക്തികളുടെ ഒക്കെ പിൻബലത്തോടുകൂടിയാണ് സർക്കാരുകൾക്ക് ഭരിക്കാൻ ആവുക എന്നുള്ള ഒരു ആശയം തരാൻ വേണ്ടി ഉണ്ടാക്കിയെടുത്ത ഒരു സിനിമയാണെന്നാണ് ഞാൻ കഴിഞ്ഞ പ്രാവശ്യം പറഞ്ഞത്. 

സ്വതന്ത്രമായിട്ട് ജനപിന്തുണ മാത്രം കൊണ്ട് ഭരിക്കുന്ന ഒരു കേന്ദ്രസർക്കാരാണ് നമുക്കിപ്പോ ഇന്ത്യയിൽ ഉള്ളത് എന്നുള്ളതിന് നമുക്ക് അഭിമാനിക്കാം. സുതാര്യമായിട്ട് പ്രവർത്തിക്കുന്ന ഒരു സർക്കാർ ഭാരതത്തിൽ നിലനിൽക്കുമ്പോൾ അതുപോലെ ഒരു സർക്കാർ നമുക്ക് കേരളത്തെ വേണ്ട, കേരളത്തിൽ ഇതുപോലെയുള്ള കാർട്ടൽസിന്റെ നേതൃത്വത്തിൽ ഭരിക്കുന്ന സർക്കാർ മതി എന്നുള്ള ആശയം നമ്മുടെയൊക്കെ മനസ്സിൽ കുത്തി നിറക്കാൻ വേണ്ടിയിട്ട് അതാണ് ലൂസിഫറിനകത്തും അവർ കാണിച്ചത്.  ഒരു പത്രത്തെ പോലും ഈ അധോലോക മാഫിയ വാങ്ങിക്കുന്നു. സർക്കാർ അധോലോക മാഫിയയുടെ പണത്തിൽ പ്രവർത്തിക്കുന്നു. എമ്പുരാൻ വന്നപ്പോൾ അവർ വീണ്ടും ഇത് കേന്ദ്രത്തിലെ ശക്തിയുമായിട്ട് ചേരുന്നവനെ കൊല്ലുന്നു അവൻ മുഖ്യമന്ത്രി ആയാലും അവനെ ഞങ്ങൾ തട്ടിക്കൊണ്ടുപോയി കൊല്ലും എന്നൊക്കെ മെസ്സേജ് നൽകി നമ്മുടെ ഡെമോക്രസിയെ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു സിനിമ ഇഷ്ടമായി എന്ന് പറയാൻ ആർക്കാണ് തോന്നുക. സിനിമ എന്ന് പറയുന്നത് ചുമ്മാ രസിക്കാനാണ്, അത് സിനിമ കണ്ടാൽ പോരെ ആസ്വദിച്ചാൽ പോരെ എന്ന് വിചാരിച്ചിരിക്കുന്നവരുടെ മനസ്സിന്റെ അവബോധ മനസ്സിനകത്ത് ഈ മാഫിയകളും ഈ ഗുണ്ടാസംഘങ്ങളും ഇതൊക്കെ ശരിയാണ് അവർ ചെയ്യുന്ന കൊലകളും കൊള്ളയും കള്ളക്കടത്തും ഒക്കെ ശരിയാണ്, ഇതൊക്കെയാണ് ഭരണം,  അത് നമ്മൾ അംഗീകരിക്കണം എന്ന് പറഞ്ഞു പരത്തുന്ന വലിയ സന്ദേശം അതിനകത്ത് ഉള്ളതുകൊണ്ടാണ് ഈ സിനിമ മോശം എന്ന് ഞാൻ പറഞ്ഞത്.’’–ശ്രീലേഖ പറയുന്നു.

English Summary:

Former DGP R. Sreelekha has clarified her statements regarding the movie 'Empuraan'.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT