ADVERTISEMENT

'ഭയാനകമായ ഒരുകാര്യം സംഭവിക്കുന്നതിനേക്കാൾ അതും പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് യഥാർഥ ഭീതി' എന്ന് ലോകസിനിമയ്ക്ക് നിരവധി ക്ലാസിക് ത്രില്ലറുകൾ സമ്മാനിച്ച സംവിധായകൻ ആൽഫ്രെഡ് ഹിച്ച്കോക്ക് പറഞ്ഞിട്ടുണ്ട്. മൂന്നു പതിറ്റാണ്ടുകൊണ്ട് നിരവധി ഹിറ്റ് സിനിമകളും സീരിയലുകളും സംവിധാനം ചെയ്ത സുരേഷ് ഉണ്ണിത്താൻ ഒരുക്കിയ പുതിയ ഹൊറർ ത്രില്ലറായ 'ക്ഷണം' കാണുമ്പോൾ മനസ്സിൽ വരുന്നത് ഈ വാക്കുകളാണ്. ആദ്യന്തം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം. 

 

പ്രമേയം...

 

ഒരു ചലച്ചിത്രത്തിന്റെ ലൊക്കേഷൻ തേടി ഒരു ഹിൽസ്റ്റേഷനിലെ വീട്ടിൽ എത്തുന്ന ഫിലിംസ്കൂൾ വിദ്യാർഥികൾക്ക് അവിടം പ്രേതബാധയുള്ളതായി അനുഭവപ്പെടുന്നു. അവിടെ വച്ചവർ പാരാസൈക്കോളജിയിൽ പണ്ഡിതനായ ഒരു പ്രഫസറെ കണ്ടുമുട്ടുന്നു. അയാളിലൂടെ പരേത ആത്മാക്കളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്നു. അവർ ഓജോ ബോർഡിലൂടെ വിളിച്ചുവരുത്തുന്ന, മോക്ഷം കിട്ടാതലയുന്ന ഒരു ആത്മാവിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ആ ചെറുപ്പക്കാരും ഒത്തുചേരുന്നു. അവിടുന്നങ്ങോട്ടുള്ള സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ക്ഷണം എന്ന സിനിമ. 

 

kshanam

സാങ്കേതികവശങ്ങൾ...

 

പൊതുവെ കമേഴ്‌സ്യൽ സിനിമാസ്വാദകർ മുഖം തിരിഞ്ഞു നിൽക്കുന്ന ഒരു ജോനറാണ് ഹൊറർ. എന്നാൽ 'ക്ഷണ'ത്തിൽ എത്തുമ്പോൾ ആദ്യപകുതി ഹൊററും രണ്ടാംപകുതി ത്രില്ലറും ചേർത്ത തിരക്കഥയാണ് മികച്ച ദൃശ്യാസ്വാദനത്തിന് അടിത്തറ പാകുന്നത്.ചിത്രത്തിന്റെ ഫൊട്ടോഗ്രഫിയും വിഎഫ്എക്സും സൗണ്ട് ഡിസൈനിങ്ങും മികച്ചതെന്ന് തിയറ്റർ അനുഭവത്തിലൂടെ ബോധ്യമാകും. 

 

രണ്ടരമണിക്കൂറും പ്രേക്ഷകനെ സീറ്റിൽ പിടിച്ചിരുത്തുന്നതിൽ ചിത്രം വിജയിക്കുന്നുണ്ട്. ഇതിൽ പ്രധാന പങ്കുവഹിക്കുന്നതും ചടുലമായ സൗണ്ട് ഇഫക്റ്റും ഛായാഗ്രഹണവുമാണ്. നൈറ്റ് ഷോട്ടുകളുടെ ഭീകരത പരമാവധി ഒപ്പിയെടുക്കാൻ ഛായാഗ്രാഹകനും അതിനുള്ള പശ്ചാത്തലമൊരുക്കാൻ കലാസംവിധായകനും സാധിച്ചിട്ടുണ്ട്. ഗോപി സുന്ദർ ആദ്യമായി ഒരു ഹൊറര്‍ ചിത്രത്തിനു പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ക്ഷണത്തിനുണ്ട്. ചിത്രത്തിലെ ഗാനങ്ങളും മികച്ചതാണ്.

 

അഭിനയം...

 

തമിഴ് നടൻ ഭരത്, അജ്മൽ അമീർ എന്നിവരാണ് ചിത്രത്തിൽ പ്രധാന നായകകഥാപാത്രങ്ങളായി എത്തുന്നത്. ഇരുവരും തങ്ങളുടെ വേഷം ഭദ്രമാക്കുന്നുണ്ട്. അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ലാൽ മാജിക്ക് ഈ ചിത്രത്തിലും കാണാം. 

 

പെർഫോമൻസ് സ്‌പേസ് നോക്കിയാൽ കൂടുതൽ നായികാപ്രാധാന്യമുള്ള ചിത്രമാണ് ക്ഷണം. പുതുമുഖം സ്നേഹ അജിത് തന്റെ ആദ്യ കഥാപാത്രം മികച്ചതാക്കിയിട്ടുണ്ട്. അതുപോലെ ക്ലാസ് ഓഫ് 83, ബിഗ് ബുൾ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ലേഖ പ്രജാപതിയും ചിത്രത്തിൽ പ്രധാനപ്പെട്ട സ്ത്രീകഥാപാത്രമായി എത്തുന്നു. സഹപാഠികളായ ചലച്ചിത്ര വിദ്യാർത്ഥികളെ അവതരിപ്പിച്ച ചെറുപ്പക്കാരും തങ്ങളുടെ വേഷം ഭദ്രമാക്കിയിട്ടുണ്ട്. ബൈജു സന്തോഷ്‌, ദേവൻ തുടങ്ങിയ സീനിയർ നടന്മാരോടൊപ്പം അഥിതി വേഷത്തിൽ സംവിധായകൻ ലാല്‍ജോസും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

 

രത്നച്ചുരുക്കം..

 

പൊതുവെ ഹൊറർ സിനിമകൾ ആ ട്രാക്കിൽതന്നെ കഥ പറയുകയാണ് പതിവ്. എന്നാൽ ഒരേസമയം അതീന്ദ്രിയ കാഴ്ചകളിലൂടെ പേടിപ്പിക്കുകയും അതോടൊപ്പം ലോജിക്കലെന്ന് തോന്നുന്ന സമാന്തരകഥയിലൂടെ ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന അപൂർവം സിനിമകളിൽ ഒന്നായി മാറുകയാണ് ക്ഷണം. വ്യത്യസ്ത സിനിമകൾ തേടുന്ന പ്രേക്ഷകർക്ക് തൃപ്തികരമായ ഒരു കാഴ്ചാഭവമാകും ഈ ചിത്രം എന്നുറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com