ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദുൽഖർ സൽമാൻ, റോഷൻ ആൻഡ്രൂസ്, ബോബി–സഞ്ജയ്.... ഈ പേരുകളാണ് സോണി ലിവിൽ റിലീസ് ചെയ്ത സല്യൂട്ട് എന്ന ചിത്രം പ്രേക്ഷകർ കാത്തിരുന്നതിന് കാരണം. ആ കാത്തിരിപ്പ് വെറുതെയായില്ല. ഏറ്റവും ചുരുങ്ങിയ വാക്കിൽ വിശേഷിപ്പിച്ചാൽ 'ക്ലീൻ ത്രില്ലർ' ആണ് സല്യൂട്ട്. പതിയെ തുടങ്ങി പിടിമുറുക്കുന്ന സിനിമ. എന്നാൽ ത്രില്ലർ സിനിമകളുടെ സ്ഥിരം സമവാക്യങ്ങളിലൂടെയല്ല സല്യൂട്ടിന്റെ സഞ്ചാരം. ക്ലൈമാക്സിലുമുണ്ട് ആ മാറി നടത്തം. അതു തന്നെയാണ്, സല്യൂട്ട് എന്ന ചിത്രത്തെ ത്രില്ലടിപ്പിക്കുന്ന കാഴ്ചാനുഭവമാക്കി മാറ്റുന്നത്. 

 

കുറ്റാന്വേഷണ സിനിമയ്ക്കൊരു പ്രത്യേകതയുണ്ട്. കാണുന്ന പ്രേക്ഷകരും അവിടെ അന്വേഷണ ഉദ്യോഗസ്ഥരാകും. നായക കഥാപാത്രത്തിനു മുമ്പെ കുറ്റവാളിയെ കണ്ടെത്താനുള്ള വാശിയോടാകും ഓരോ പ്രേക്ഷകരും ആ സിനിമ കാണാനിരിക്കുക. പ്രേക്ഷകരുടെ ആ അന്വേഷണാത്മകതയെ സല്യൂട്ട് എന്ന ചിത്രം കൃത്യമായി അഭിസംബോധന ചെയ്യുന്നു. 'മാർട്ടിൻ–ഷീബ കൊലപാതക കേസ്, ക്രൈം നമ്പർ 252/17'– ഈ കേസാണ് ഡി.വൈ.എസ്.പി അജിത് കരുണാകരൻ, എസ്.ഐ അരവിന്ദ് കരുണാകരൻ എന്നിവർക്കൊപ്പം പ്രേക്ഷകരെയും പിടിച്ചിരുത്തുന്നത്. മാരനല്ലൂർ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഈ കൊലപാതക കേസിലെ കുറ്റവാളിയെ കണ്ടെത്താൻ കഴിയാത്ത സമ്മർദ്ദത്തിലാണ് പൊലീസ്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏതു വിധേനയും ഈ കേസ് തെളിയിക്കാനുള്ള ബാധ്യത പൊലീസിൽ എത്തിച്ചേരുന്നു. ഈ സമ്മർദ്ദത്തിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.   

salute-trailer

 

salute

മനോജ് കെ.ജയനാണ് ഡി.വൈ.എസ്.പി അജിത് കരുണാകരനായി എത്തുന്നത്. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന അരവിന്ദ് എന്ന പൊലീസ് കഥാപാത്രം ഡി.വൈ.എസ്.പി അജിത്തിന്റെ അനുജനും കൂടിയാണ്. ചേട്ടനാണ് അരവിന്ദിന്റെ ഹീറോ. കാക്കിയിടാൻ പ്രേരിപ്പിച്ച ചേട്ടനൊപ്പം ഒരു കേസ് അന്വേഷിക്കുന്നതിന്റെ ആവശേവും ആത്മാർത്ഥതയും അരവിന്ദിനുണ്ട്. എന്നാൽ, മാർട്ടിൻ–ഷീബ കൊലപാതക കേസ് ഈ സഹോദരങ്ങളെ തമ്മിൽ അകറ്റുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരേ സമയം ഇമോഷണൽ ത്രില്ലറാകുന്നതിന്റെ രസം കൂടി പകർന്നു കൊണ്ടാണ് സല്യൂട്ടിന്റെ മുമ്പോട്ടു പോക്ക്. അവിടെയാണ് ബോബി–സഞ്ജയ് എന്ന തിരക്കഥാകൃത്തുക്കളുടെ മികവും പ്രതിഭയും പ്രേക്ഷകർ വീണ്ടും അനുഭവിക്കുക. അതിനൊപ്പം മനോജ് കെ.ജയൻ–ദുൽഖൽ സൽമാൻ കോംബോ കൂടിയാകുമ്പോൾ ആ കാഴ്ചയ്ക്ക് രസം കൂടും. 

 

മനോഹരമാണ് സ്ക്രീനിലെ മനോജ് കെ.ജയൻ–ദുൽഖൽ സൽമാൻ കെമിസ്ട്രി. ദുൽഖർ തന്റെ പതിവ് സ്റ്റൈലിഷ് പ്രകടനത്തിലൂടെ മുന്നേറുമ്പോൾ അനുഭവപരിചയത്തിന്റെ തിളക്കം മനോജ് കെ.ജയന്റെ പ്രകടനത്തിൽ കാണാം. അജിത് കരുണാകരൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അധികാരം, വാത്സല്യം, നിസഹായത, വാശി എന്നിവയെല്ലാം കയ്യടക്കത്തോടെ മനോജ് കെ.ജയൻ തിരശീലയിലെത്തിച്ചിരിക്കുന്നു. ഒരു ഇടവേളയ്ക്കു ശേഷം മനോജ് കെ.ജയന്റെ ഉഗ്രൻ പ്രകടനം സല്യൂട്ടിൽ പ്രേക്ഷകർക്ക് ആസ്വദിക്കാം. 'എന്നെ കണ്ട് പഠിച്ചോ... തെറ്റില്ല' എന്ന് അനുജനോട് ആത്മവിശ്വാസത്തോടെ പറയുന്ന ചേട്ടനായും 'ഒരു ക്രിമിനലിന്റെ മാസ്റ്റർമൈൻഡിൽ തീരേണ്ടതല്ല നമ്മുടെ കരിയർ' എന്ന് അസ്വസ്ഥതയോടെ ഓർമ്മപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായും പല ഷെയ്ഡുകളിൽ മനോജ് കെ.ജയനെ സല്യൂട്ടിൽ കാണാം. 

 

വെറുമൊരു കുറ്റാന്വേഷണ ചിത്രത്തിനപ്പുറത്തേക്ക് നമ്മുടെ ഭരണകൂട വ്യവസ്ഥ പല കാലങ്ങളായി അനുവർത്തിക്കുന്ന നീതിനിഷേധത്തിന്റെ കാണാപ്പുറങ്ങളിലേക്ക് കൂടി സല്യൂട്ട് സഞ്ചരിക്കുന്നു. അധികാരമുള്ളവരുടെ സമ്മർദ്ദത്തിന്റെ ഫലമായി സ്വതന്ത്രമായ ആകാശവും അഭിമാനത്തോടെയുള്ള ജീവിതവും നഷ്ടപ്പെടുന്ന ചിലർ ഒരു വശത്ത്. ഭരണകൂടത്തിന്റെ ചട്ടുകമായി പ്രവർത്തിക്കേണ്ടി വരുന്നതിന്റെ സമ്മർദ്ദവും പിരിമുറുക്കവും ഭയവും പേറേണ്ടി വരുന്ന പൊലീസുകാർ മറു ഭാഗത്ത്. ഇവർക്കു സമാന്തരമായി ഈ രണ്ടു കൂട്ടരെയും സമർത്ഥമായി വിഡ്ഢികളാക്കിക്കൊണ്ട് നിയമത്തിൽ നിന്ന് തെന്നിമാറുന്ന ക്രിമിനലുകൾ മറ്റൊരു പക്ഷത്ത്. എല്ലാവർക്കുമുണ്ടാകും അവർ ചെയ്യുന്നതിന് ചില ന്യായങ്ങൾ. സങ്കീർണമായ ഈ വ്യവസ്ഥിതിയെ മനോഹരമായ ത്രില്ലറിലേക്ക് ചേർത്തുവച്ചിട്ടുണ്ട് റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ. ശക്തമായ തിരക്കഥയെ കൃത്യമായും സൂക്ഷ്മമായും സംവിധായകൻ സിനിമയിലേക്ക് പകർത്തി വച്ചിരിക്കുന്നു. അക്കാര്യത്തിൽ സംവിധായകന് ഒപ്പം നിന്നത് ക്യാമറമാൻ അസ്്ലം കെ.പുരയിൽ എഡിറ്റർ ശ്രീകർ പ്രസാദ്, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരാണ്. 

 

അന്വേഷണത്തിന് രസം കൂട്ടാൻ അനാവശ്യമായി ഒരു പാട്ടോ മാസ് ബിജിഎമ്മോ ഇല്ലാതെ വൃത്തിയായി പശ്ചാത്തലസംഗീതം നിർവഹിച്ചിട്ടുണ്ട് ജേക്സ് ബിജോയ്. അതുപോലെ കാഴ്ചയുടെ രസച്ചരട് മുറിക്കാത്ത കട്ടുകളും കാഴ്ചകളുമായി എഡിറ്ററും ഛായാഗ്രാഹകനും നിലയുറപ്പിക്കുന്നതോടെ സല്യൂട്ട് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമ ആവുകയാണ്. സിനിമയുടെ തുടക്കത്തിലെ മന്ദഗതി രണ്ടാംപകുതിയിലേക്ക് എത്തുമ്പോൾ ചടുലമാകുന്നു. തെന്നിപ്പോകുന്ന കുറ്റവാളിക്കൊപ്പം സിനിമയുടെ ഗതിവേഗം കൂട്ടുന്ന ഫീലിലാണ് എഡിറ്റിങ് മുന്നേറുന്നത്. അലൻസിയർ, ബിനു പപ്പു, ഡയാന പെന്റി, ഇന്ദ്രൻസ്, ഗണപതി, സുധീർ കരമന, സായ്കുമാർ, സാനിയ ഇയ്യപ്പൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിങ്ങനെ ഗംഭീര താരനിരയുണ്ട് ചിത്രത്തിൽ. വളരെ ചെറിയൊരു വേഷമാണെങ്കിലും ഇന്ദ്രൻസ്, സുധീർ കരമന, സായ്കുമാർ എന്നിവരുടെ സാന്നിധ്യവും പ്രകടനവും മികച്ചതായി. ചുരുക്കത്തിൽ അനാവശ്യ സംഘട്ടനമോ കുത്തിനിറയ്ക്കപ്പെട്ട തമാശകളോ ക്ലീഷെ മാസ് മസാലകളോ ഇല്ലാത്ത ക്ലീൻ ത്രില്ലറാണ് സല്യൂട്ട്. ഒന്നുറപ്പാണ്, സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകരെ ഏറ്റവും അലോസരപ്പെടുത്തുക ആ കൊലപാതകിയുടെ മുഖമായിരിക്കും.    

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com