ട്രാക്ക് മാറ്റി ജിസ് ജോയ്; അടിമുടി ത്രില്ലർ; റിവ്യു
Mail This Article
അടുത്തറിഞ്ഞാൽ ഒരോ മനുഷ്യന്റെ ഉള്ളിലും നന്മയുണ്ട് എന്ന തിരിച്ചറിവാണ് ഇന്നലെ വരെയിറങ്ങിയ ജിസ് ജോയ് സിനിമകളെല്ലാം. എന്നാൽ സോണിലിവിൽ റിലീസ് ചെയ്ത ‘ഇന്നലെ വരെ’ എന്ന ചിത്രം ഹോസ്റ്റേജ് ത്രില്ലർ വിഭാഗത്തിലുള്ള സിനിമയാണ്. ചോര ചിന്താത്ത, എന്നാൽ ആദ്യാവസാനം ആകാംക്ഷനിറയ്ക്കുന്ന ഒരു ത്രില്ലർ സിനിമയൊരുക്കാനാണ് സംവിധായകൻ ജിസ് ജോയും തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും ഇത്തവണ ശ്രമിക്കുന്നത്. കൂട്ടിന് ജിസ് ജോയുടെ പ്രിയനായകൻ ആസിഫ് അലിയുമുണ്ട്. മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്ത കഥാസന്ദർഭങ്ങളാണ് ‘ഇന്നലെ വരെ’യുടെ പുതുമ.
ഫീൽ ഗുഡ് സിനിമകളുടെ സ്ഥിരം റൂട്ടിലോടുന്ന ബസ്സിൽനിന്നിറങ്ങി ത്രില്ലർ റൂട്ടിലോടുന്ന ബസ്സിൽകയറുകയാണ് ഇത്തവണ സംവിധായകൻ ജിസ് ജോയ്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും പോലുള്ള സിനിമകളിൽനിന്ന് വ്യത്യസ്തമായി തികച്ചും നെഗറ്റീവ് ടച്ചുള്ള കഥാസന്ദർഭങ്ങളാണ് ‘ഇന്നലെ വരെ’യിൽ ജിസ് ജോയ് ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി, നിമിഷ സജയൻ, ആന്റണിവർഗീസ് എന്നിവരുടെ കരുത്തുറ്റ പ്രകടനമാണ് ‘ഇന്നലെവരെ’യുടെ കരുത്ത്.
ആസിഫ് അലി അവതരിപ്പിക്കുന്ന ആദിശങ്കർ സിനിമയിലെ സൂപ്പർസ്റ്റാറാണ്. തുടർച്ചയായ മൂന്നു സിനിമകളും പരാജയപ്പെട്ടുനിൽക്കുകയാണ്. ഇതിനുശേഷം നാലാമതായി പുറത്തിറങ്ങുന്ന സ്വയം നിർമിച്ച സയൻസ് ഫിക്‌ഷൻ സിനിമയും തിയറ്ററിൽ കൂപ്പുകുത്തുന്നൊരു വെള്ളിയാഴ്ചയാണ് കഥ തുടങ്ങുന്നത്. സിനിമാതാരമെന്ന വെള്ളിവെളിച്ചത്തിനുപിറകിൽ അയാൾക്ക് പുറംലോകമറിയാത്ത മറ്റൊരു മുഖമുണ്ട്. കാമുകിയുണ്ട്. മറ്റൊരാളുടെ ഭാര്യയുമായി അവിഹിതമുണ്ട്. മൂക്കറ്റം കടവുമുണ്ട്. ഈ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്, ഇതൊരവസരമായി കണ്ട് മുതലെടുക്കാൻ മുന്നിട്ടിറങ്ങുകയാണ് ഷാനിയും ശരത്തും.
ജിസ് ജോയ് തന്റെ ട്രാക്ക് മാറ്റിപ്പിടിച്ചുവെന്നതുതന്നെയാണ് ഇന്നലെ വരെയുടെ ആദ്യ പ്ലസ് പോയന്റ്. ഫോൺകോളുകളും വാട്സാപ്പ് ശബ്ദസന്ദേശങ്ങളും വിദഗ്ധമായി ഉപയോഗിച്ച് കെണി ഒരുക്കുന്നതിന്റെ സാങ്കേതികത മലയാള സിനിമയിൽ പുതുമയാണ്. അധികം ബഹളങ്ങളില്ലാതെ, വൃത്തിയായി എഴുതിയ തിരക്കഥ ഒരു പരിധി വരെ സിനിമയെ സഹായിക്കുന്നുണ്ട്.
നായകനെന്നോ വില്ലനെന്നോ വേർതിരിച്ച് പറയാൻ കഴിയാത്ത വിധം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളാണ് സിനിമയിൽനിറയെ. സൂപ്പർതാരത്തിന്റെ ആരാധികയായി തുടങ്ങുകയും പതിയെപ്പതിയെ ക്രൂരതയിലേക്ക് ട്രാക്ക് മാറുകയും ഒടുവിൽ നിസ്സഹായതയിൽ ചെന്നവസാനിക്കുകയും ചെയ്യുന്ന കഥാപാത്രമായുള്ള നിമിഷ സജയന്റെ അഭിനയമാണ് ചിത്രത്തിന്റെ കരുത്ത്. ആസിഫ്അലിയുടെ കയ്യിൽ സൂപ്പർസ്റ്റാർ ആദിശങ്കർ എന്ന കഥാപാത്രം ഭദ്രമാണ്. ഇന്നലെ വരെ, കഴിഞ്ഞയാഴ്ച തിയറ്ററിലെത്തിയ കുറ്റവും ശിക്ഷയും തുടങ്ങിയ സിനിമകളിലൂടെ ആസിഫ് അലി മികച്ച അഭിനേതാവെന്ന തലത്തിലേക്ക് തന്റെ സ്ഥാനമുറപ്പിക്കുകയാണ്. രണ്ടു കഥാപാത്രങ്ങൾക്ക് പിന്തുണ നൽകുകയെന്ന ചുമതല ആന്റണി വർഗീസും വൃത്തിയായി ചെയ്യുന്നുണ്ട്. ചെറിയൊരു റോളിൽ വന്നുപോവുന്ന നന്ദുവും മനസ്സിൽ തങ്ങിനിൽക്കും.
ആവശ്യത്തിനും അനാവശ്യത്തിനും കയറിവരുന്ന പശ്ചാത്തലസംഗീതവും ആദ്യാവസാനം കാത്തുസൂക്ഷിക്കുന്ന കളർടോണുമൊക്കെ സമീപകാലത്തിറങ്ങിയ ത്രില്ലർ സിനിമയുടെ തിരിച്ചറിയൽ അടയാളങ്ങളായി മാറുന്നുണ്ട്. ആ ബാധ്യത ഈ സിനിമയ്ക്കുമുണ്ട്. കാഴ്ചക്കാർ പ്രതീക്ഷിക്കുന്ന ട്വിസ്റ്റുകളും സസ്പെൻസുകളുമാണെന്നതാണ് വെല്ലുവിളി. ബോബിസഞ്ജയ്മാർക്ക് ക്രെഡിറ്റിൽ മറ്റൊരു ത്രില്ലർ സിനിമ കൂടി എഴുതിച്ചേർക്കാം. സംഗതി ത്രില്ലറൊക്കെയാണെങ്കിലും ജിസ് ജോയ് അവസാന പത്തുനിമിഷം കഥാപാത്രങ്ങൾക്ക് വീണ്ടുവിചാരത്തിനുള്ള സമയം നൽകുന്നുണ്ട്. ലോകം നന്മയുള്ളതാണ്. ഫീൽഗുഡ്ഡിനെ അങ്ങനെയങ്ങു തള്ളിക്കളയാൻ പറ്റില്ലല്ലോ.