ADVERTISEMENT

യൗവ്വനത്തില്‍ തീയായി മാറുന്ന പ്രണയം. അതൊരു ആഘോഷമാണ് പലര്‍ക്കും. ആ ആഘോഷത്തിന്റെ ഇടനാഴിയിലൂടെയുള്ള സഞ്ചാരമാണ് അഭിഷേക് കെ.എസ്. സംവിധാനം ചെയ്ത ‘ഓ മേരി ലൈല’ ക്യാംപസും പ്രണയവും പാട്ടും ആട്ടവുമൊക്കെയായി മുഷിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം. ആന്റണി പെപ്പെയുടെ അടിയും ഇടിയും പ്രതീക്ഷിച്ചു പോകുന്നവര്‍ക്ക് മൊത്തത്തില്‍ രസിച്ചുവരാമെന്ന് ചുരുക്കം.

 

ക്യാംപസ് ചിത്രങ്ങള്‍ എല്ലാ കാലത്തും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. അവിടെ പ്രണയവും വിരഹവും രാഷ്ട്രീയവുമൊക്കെ സ്ഥിരം കാഴ്ചകളുമാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളിലെ കാലോചിതമായ മാറ്റങ്ങളും അവതരണത്തിലെ പുതുമയുമൊക്കെയാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നത്. ഓ മേരി ലൈലയെ ആകര്‍ഷമാക്കുന്നതും ഇതുതന്നെ. പുത്തന്‍ കാലത്തെ പ്രണയവും വഴികളും ചിന്തകളുമൊക്കെയാണ് സിനിമ സമ്മാനിക്കുന്നത്. ഇവയിലൊക്കെ തമാശയുടെ രസക്കൂട്ടു കൂടി ചേര്‍ത്തതോടെ ആസ്വദിച്ചിരുന്നു കാണാനുമാകും. സംഗീതത്തിനും പ്രാധാന്യം നല്‍കിയതുകൊണ്ടു സിനിമ മൊത്തത്തില്‍ കളറെന്നു പറയാതെ വയ്യ. ഏറേ നാളുകള്‍ക്കു ശേഷം എത്തുന്ന മികച്ച ക്യാംപസ് പ്രണയച്ചിത്രം കൂടിയാണിത്.

 

നായക കഥാപാത്രമായ ലൈലാസുരന്‍ പേരുകൊണ്ടു തന്നെ വ്യത്യസ്തനാണ്. അയാളുടെ ജീവിതവും അങ്ങനെ തന്നെ. പേരുകേട്ടവരൊക്കെ ചിരിച്ചെങ്കിലും ലൈലാസുരന്‍ എപ്പോഴും പരിചിതര്‍ക്കിടയില്‍ ശ്രദ്ധേയനായി. നല്ലൊരു പെണ്ണിനെ കണ്ടെത്തി പ്രണയിക്കാനുള്ള കൊതി എല്ലാ ചെറുപ്പക്കാരേയും പോലെ അയാള്‍ക്കുമുണ്ട്. ബിരുദത്തിന് ഒന്നാം വര്‍ഷം കോളജിലേക്ക് എത്തിയതോടെ അയാള്‍ ആ സ്വപ്‌നസുന്ദരിയെ കണ്ടെത്തുന്നു. തുടര്‍ന്ന് ക്യാംപസ് കാലത്ത് അയാളുടെ ജീവിതത്തെ സ്വാധീനിക്കുന്ന മൂന്നു പെണ്‍കുട്ടികളാണ് സരോജദേവി, ക്ലാര, മേരി. പിന്നീട് ലൈലാസുരന്റെ ജീവിതത്തിലുണ്ടാകുന്നത് അപ്രതീക്ഷിതമായ വഴിത്തിരുവുകള്‍ രസകരമായി പറയുകയാണ് ഓ മേരി ലൈല.

 

സ്ഥിരം നായകകഥാപാത്രങ്ങളെപോലെ സൂപ്പര്‍ഹീറോ പരിവേഷമൊന്നും ലൈലാസുരനില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇടയ്‌ക്കൊക്കെ അയാള്‍ക്ക് അസുരനാകേണ്ടി വരുന്നത് സ്വാഭാവികം മാത്രം. ആന്റണി പെപ്പേയുടെ വേറിട്ട പ്രകടനം കൂടിയാണ് ഈ ചിത്രം. തമാശയും വൈകാരികതയുമൊക്കെ തനിക്ക് വഴങ്ങുമെന്നും പെപ്പേ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നുണ്ട്.

 

പൊട്ടിച്ചിരിപ്പിക്കാനുള്ള വക ആവോളം സിനിമ നല്‍കുന്നുണ്ട്. തുടക്കം മുതല്‍ അവസാനം വരെ അത് നിലനിര്‍ത്താനായി എന്നതും ശ്രദ്ധേയമാണ്. നവാഗത സംവിധായകനായ അഭിഷേക് കെ.എസ്. പ്രതീക്ഷയ്ക്ക് വകയുള്ള സംവിധായകനാണെന്ന് സിനിമ വ്യക്തമാക്കി തരുന്നുണ്ട്. ക്യാംപസ്,  പ്രണയം, കുടുംബം എന്നിങ്ങനെ വ്യത്യസ്തമായ അന്തരീക്ഷങ്ങളെ കൃത്യതയോടെ അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. തിരക്കഥയിലും അഭിനയത്തിലും തിളങ്ങാന്‍ അനുരാജ് ഒ.ബി.ക്കും കഴിഞ്ഞിട്ടുണ്ട്. നായിക കഥാപാത്രമായി എത്തിയ സോന ഓലിക്കലിന്റെ ശ്രദ്ധേയമായ പ്രകടനം കയ്യടി അര്‍ഹിക്കുന്നതാണ്. ബബ്ലൂ അജുവിന്റെ ഛായാഗ്രഹണം, അങ്കിത് മേനോന്റെ സംഗീതം എന്നിവയും പ്രശംസനീയമാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com