ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കാട്. കാടിനു താഴെ മനുഷ്യൻ നട്ടുവളർത്തുന്ന ഏലക്കാട്. മലയോരത്തു വീശിയടിക്കുന്ന കാറ്റിൽ വന്യമായ മനുഷ്യചോദനകൾ. വാശിയും പ്രണയവും കാമവും ഇണചേരുന്ന ഇടം. കാടിനകത്ത് കാട്ടുപന്നിയും കടുവയും പുലിയുമുണ്ട്. അവയെ വേട്ടയാടി വേട്ടയാടി മനസ്സു തണുത്തുറഞ്ഞ കുറച്ചു മനുഷ്യർ. അവർ തോക്കിൽ തിരനിറച്ച് കാടിന്റെ ഇരുട്ടിൽ കാത്തിരിക്കുകയാണ്. കാട്ടുപന്നികളെ വേട്ടയാടി അവർ ഒടുവിൽ പരസ്പരം തോക്കുചൂണ്ടുകയാണ്. കാട്ടിലും കാൽ‌ വഴുതിപ്പോവുന്ന പാറക്കെട്ടിലും അട്ടകൾ പുളയുന്ന ചെങ്കുത്തുകളിലും മനുഷ്യർ പരസ്പരം വേട്ടയാടുകയാണ്. 

രഞ്ജൻ പ്രമോദ് എന്ന സംവിധായകൻ ആറുവർഷത്തിനു ശേഷം തിയറ്ററുകളിലേക്ക് ഒരു സിനിമയുമായി വരികയാണ്. കാട്ടിലേക്കു തുറന്നുവച്ച ക്യാമറ. കാടിന്റെ ക്രൗര്യം നിറഞ്ഞ നിശ്ശബ്ദത. ദൃശ്യംകൊണ്ടും ശബ്ദം കൊണ്ടും മനുഷ്യകാമനകളെ ആ മനുഷ്യൻ ‘ഒ.ബേബി’ എന്ന സിനിമയിൽ പകർത്തിവച്ചിരിക്കുന്നു. പശ്ചിമഘട്ടത്തോടു തൊട്ടുകിടക്കുന്ന പ്ലാന്റേഷനിലാണ് ഒ.ബേബിയുടെ കഥ നടക്കുന്നത്. കാടുകയറി ആദ്യമെത്തിയത് ദിലീഷ് പോത്തനവതരിപ്പിക്കുന്ന ഒ.ബേബിയുടെ പൂർവികരാണ്. പിന്നീട് കാടുകയറിവന്ന് പ്ലാന്റേഷൻ സ്ഥാപിച്ച പണക്കാരായ കുടുംബത്തിന്റെ കാര്യസ്ഥൻമാരായി ബേബിയുടെ പൂർവികർ മാറി. ബേബിയുടെ കൈക്കരുത്തിലാണ് ഇപ്പോൾ ആ കുടുംബം കാട് അടക്കിഭരിക്കുന്നത്. പൊലീസും നിയമവുമല്ല, കാട്ടുനീതിയാണ് അവിടെ നടപ്പാക്കപ്പെടുന്നത്. 

മൂന്നു തലമുറകളുടെ ജീവിതവും കാഴ്ചപ്പാടുമാണ് രഞ്ജൻ പ്രമോദ് പറയുന്നത്. ചെകുത്താൻ മലയെന്ന ആളുകേറാ മലയുടെ കീഴെയാണ് കഥ നടക്കുന്നത്. കാടുകയറി ആനയെ വേട്ടയാടി ആ കൊമ്പു കൊണ്ട് കസേര പണിത വല്യപ്പച്ചനും അദ്ദേഹത്തെ വീരാരാധനയോടെ കാണുന്ന മക്കളും ഇൻസ്റ്റ റീലും ട്രെക്കിങ്ങും കാടുകയറ്റവുമൊക്കെയായി നടക്കുന്ന അവരുടെ കൊച്ചുമക്കളും.

അവർ തമ്മിലുള്ളത് ഭയപ്പെടുത്തി നടപ്പാക്കിയ അച്ചടക്കത്തിന്റെ ഒത്തൊരുമയാണ്. എന്നാൽ ദലിതനായ, അടിയാളനായ ബേബിയും മകൻ ബേസിലും തമ്മിലുള്ളത് ജൈവികമായ, വളരെ അടുപ്പമുള്ള സ്നേഹബന്ധമാണ്. അപ്പൻമാർക്ക് മക്കളോട് ഒരു തരം ഓണർഷിപ് മെന്റാലിറ്റിയാണുള്ളതെന്ന് പറയുന്ന ബേസിൽ. എന്നാൽ തോട്ടത്തിലും മലയിലും എന്തുചെയ്യുമ്പോഴും വല്യമുതലാളിയുടെ അനുവാദം വാങ്ങിമാത്രം ചെയ്യുന്നയാളാണ് ബേബി. ഒരു പ്രണയത്തിന്റെ പേരിൽ തന്റെ കുടുംബത്തെ വേട്ടയാടാനൊരുങ്ങുന്ന മുതലാളിയെ എങ്ങനെയാണ് ബേബി പ്രതിരോധിക്കുന്നത്. മാവോയിസ്റ്റായി മുദ്രകുത്താനും കാട്ടിലിട്ട് വെട്ടിത്തീർക്കാനുമുള്ള ശ്രമങ്ങളെ ബേബി എങ്ങനെ പ്രതിരോധിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ നട്ടെല്ല്.

o-baby-trailer

കാടിന്റെ ഭംഗി ഒപ്പിയെടുത്ത അരുൺ ചാലിലിന്റെ ക്യാമറ. റിയലിസ്റ്റിക് ആയ ശബ്ദ മിശ്രണം. തിയറ്ററിലെ ഇരുട്ടിൽ പലപ്പോഴും കാലിൽ അട്ട കയറിയിട്ടുണ്ടോ എന്ന തോന്നലുണ്ടാക്കുന്നത്ര അനുഭൂതിയാണ് ചിത്രം പകരുന്നത്. 

പല തലങ്ങളിൽ വായിച്ചെടുക്കാവുന്ന സിനിമ കൂടിയാണ് ഒ.ബേബി. വളരെ ഗൗരവമാർന്ന തലമാണ് കാടിന്റെ വന്യതയും അതിലെ മനുഷ്യവേട്ടയുമൊക്കെ. എന്നാൽ അതിനുള്ളിൽ ഇരുണ്ട തമാശകളുടെ മറ്റൊരു ലെയർ രഞ്ജൻപ്രമോദ് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. വല്യപ്പച്ചന്റെ മുറിയിലെ ആനക്കൊമ്പ് കഥയുടെ മറ്റൊരു വേർഷൻ ബേബിയുടെ അമ്മ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്. അതിലൊന്നാണ്. തങ്ങളുടെ പൂർവികർ കൊന്ന ആനയുടെ കൊമ്പ് കാണാതായ കഥയാണത്. കണ്ണൻദേവനപ്പൂപ്പന്റെ മരുന്ന്, മതം മാറിയിട്ടും കൈവശം വന്നുചേരുന്ന പാരമ്പര്യസ്വത്തായ ഉടവാള് തുടങ്ങി ഒ.ബേബിയുടെ കഥയ്ക്ക് മറ്റൊരു തലമുണ്ട്. അതറിയണമെങ്കിൽ ഒരു തവണകൂടി ചിത്രം ശ്രദ്ധയോടെ കാണേണ്ടിവരും.

നിർമാതാവു കൂടിയായ സംവിധായകൻ ദിലീഷ് പോത്തൻ മുതൽ തിരക്കഥാകൃത്ത് രഘുനാഥ് പലേരി വരെയുള്ള അഭിനേതാക്കളെ പരമാവധി ഊറ്റിപ്പിഴിഞ്ഞെടുക്കാൻ രഞ്ജൻ പ്രമോദ് ശ്രമിച്ചിട്ടുണ്ട്. അമിതാഭിനയമല്ല, ഒരിടത്തുപോലും അഭിനയിക്കാതിരിക്കാനാണ് നടൻമാരെ രഞ്ജൻപ്രമോദ് നിയന്ത്രിച്ചിരിക്കുന്നത്. അത്രമാത്രം റിയലിസ്റ്റിക്കാണ് ഓരോ രംഗവും. 

o-baby-teaser

രക്ഷാധികാരി ബൈജു കഴിഞ്ഞ് ആറു വർഷം. അന്ന് ബൈജുവിനെ കണ്ടവർക്ക് ഓർമയുണ്ടാവും. ആദ്യദിവസങ്ങളിൽ തിയറ്റുകൾ ഒഴിഞ്ഞുകിടന്നെങ്കിലും വളരെ പതിയെ ആളുകൾ തിയറ്ററുകളിലേക്കെത്തി. അതുപോലെ കത്തിക്കയറാൻ സാധ്യതയുള്ള സിനിമയായി ‘ഒ.ബേബി’യെ പ്രതീക്ഷിക്കാം.

സംവിധായകനെന്ന നിലയിൽ രഞ്ജൻ പ്രമോദ് ചെയ്ത ആദ്യസിനിമ ഫൊട്ടോഗ്രാഫറാണ്. മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തിൽ വയനാടൻ കാടുകളുടെ കഥ പറഞ്ഞ സിനിമ. പക്ഷേ ഫൊട്ടോഗ്രഫറിൽനിന്ന് ‘ഒ.ബേബി’യിലെത്തുമ്പോൾ കാടിനെക്കുറിച്ച് രഞ്ജൻപ്രമോദിന്റെ കാഴ്ചപ്പാടുകൾ അടിമുടി മാറിയിട്ടുണ്ട്. ഈ സിനിമ തിയറ്ററിൽ കാണണം. പറ്റുമെങ്കിൽ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനമുള്ള തിയറ്ററിൽത്തന്നെ കാണണം. കാടിനകത്ത് അകപ്പെട്ടുപോയ പ്രതീതി. തിയറ്ററിനുമാത്രം തരാനാവുന്ന അനുഭൂതിയാണ് സിനിമയെന്ന് അനുഭവിച്ചറിയാം.  

പരന്നുകിടക്കുന്ന കാടിനെ അകലെനിന്ന് നോക്കുകയല്ല ഇത്തവണ. സംവിധായകനും പ്രേക്ഷകരും കാട്ടിനുള്ളിൽ നിലയുറപ്പിച്ചുകൊണ്ട് കാട് കണ്ടറിയുകയാണ്.  ഇതു കാടാണ്. ഒ.ബേബിയുടെ മനസ്സിൽ കെട്ടുപിണഞ്ഞുകിടക്കുന്ന ചിന്തകളുടെ കാട്. മനുഷ്യമനസ്സിലെ ക്രൂരതകൾ നിറഞ്ഞ ചിന്തകളുടെ കാട്. 

English Summary: O Baby Malayalam Movie Review

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com