രക്തം കൊണ്ടെഴുതപ്പെട്ട സർവൈവൽ റിവഞ്ച് ഡ്രാമ: രുധിരം റിവ്യു
Mail This Article
The axe forgets but the tree remembers!
‘വെട്ടിയത് മഴു മറന്നാലും മരം ഓർക്കും’, എന്നർഥം വരുന്ന ആഫ്രിക്കൻ പഴഞ്ചൊല്ലാണ് സിനിമ തുടങ്ങുമ്പോൾ ആദ്യം സ്ക്രീനിൽ തെളിയുന്നത്. രുധിരം എന്ന സിനിമയുടെ പ്രമേയത്തെ ഒരു കടങ്കഥ പോലെ അവതരിപ്പിക്കുകയാണ് ആ വരികളെന്ന് സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്കു ബോധ്യപ്പെടും. എന്നാൽ, ആരാണ് മഴു? ആരാണ് മരം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന രുധിരം എന്ന സിനിമ. ഒരു സർവൈവൽ ത്രില്ലറിന്റെ സൂചനകൾ നൽകി മുന്നേറുന്ന സിനിമ ഒരു റിവഞ്ച് ഡ്രാമയുടെ ആവേശവും പിരിമുറുക്കവും കൂടി പ്രേക്ഷകർക്കു സമ്മാനിക്കുന്നു.
രണ്ട് വലിയ ആർടിസ്റ്റുകളുടെ കരുത്തുറ്റ പ്രകടനമാണ് രുധിരം എന്നായിരുന്നു സംവിധായകൻ സിനിമയെക്കുറിച്ച് ആമുഖമായി പറഞ്ഞത്. അതു സത്യമാണെന്ന് സിനിമ തെളിയിക്കുന്നു. രാജ് ബി.ഷെട്ടി, അപർണ ബാലമുരളി എന്നിവരുടെ അതിഗംഭീര പ്രകടനങ്ങളാണ് സിനിമയെ മികച്ച കാഴ്ചാനുഭവമാക്കുന്നത്. എന്തിനെന്നു പോലും അറിയാതെ ഒരു മുറിയിൽ ബന്ദിയാക്കപ്പെടുകയാണ് അപർണയുടെ സ്വാതി എന്ന കഥാപാത്രം. മാനസികമായും ശാരീരികമായും ഭയാനകമായ പീഡനങ്ങളിലൂടെ കടന്നു പോകുന്ന സ്വാതി മനോധൈര്യം കൊണ്ടു മാത്രമാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്. ജീവിക്കാനുള്ള അവളുടെ പ്രേരണയ്ക്ക് കരുത്തു നൽകുന്നത് അവളുടെ വളർത്തുനായ പീക്കുവിന്റെ സാന്നിധ്യമാണ്. മറുവശത്ത് നിഗൂഢതകളുള്ള ഡോ.മാത്യു റോസിയായി ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് രാജ് ബി.ഷെട്ടി കാഴ്ച വയ്ക്കുന്നത്. അലിവും അറിവുമുള്ള ഡോക്ടറായാണ് രാജ് ബി.ഷെട്ടി പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ കഥാപാത്രത്തെ സംശയത്തിന്റെ നിഴലിൽ നിറുത്തുന്നുണ്ട് സംവിധായകൻ.
സസ്പെൻസ് നിലനിറുത്തിയാണ് സിനിമ മുന്നേറുന്നത്. എന്തുകൊണ്ട് ഇവയെല്ലാം സംഭവിക്കുന്നു എന്നതിനുള്ള ഉത്തരം ഒരു പുകമറയ്ക്കപ്പുറം നിൽക്കുമ്പോഴും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തുന്ന രീതിയിലാണ് മേക്കിങ്. കഥാപാത്രങ്ങളുടെ ഭൂതകാലത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രേക്ഷകർക്കു വിട്ട് അവരുടെ വർത്തമാനകാലത്തിലെ പ്രതിസന്ധികൾക്കാണ് സിനിമ ഊന്നൽ നൽകുന്നത്. അതാണ് സിനിമയെ വ്യത്യസ്തമാക്കുന്നതും. ആരാണ് ശരി? ആരാണ് തെറ്റ് എന്നതിന്റെ ന്യായവിധി പ്രഖ്യാപിക്കാൻ സംവിധായകൻ ശ്രമിക്കുന്നില്ല. മറിച്ച്, ആ കഥാപാത്രങ്ങളുടെ വർത്തമാന ജീവിതത്തിലൂടെ അവരുടെ ഭൂതകാലത്തെക്കുറിച്ചുള്ള സൂചനകൾ നൽകുകയാണ്. ഈ സൂചനകളെ ഗംഭീരമായി എഡിറ്റർ ബവൻ ശ്രീകുമാർ തുന്നിച്ചേർത്തിട്ടുണ്ട്. സിനിമയുടെ ദുരൂഹതയും നിഗൂഢതയും അപ്പാടെ ആവാഹിക്കുന്നുണ്ട്് ഫോർ മ്യൂസിക്സിന്റെ പശ്ചാത്തലസംഗീതം. ശബ്ദത്തെ ബ്രില്യന്റ് ആയി ഉപയോഗിക്കുന്ന ഒന്നു രണ്ടു സീനുകൾ പ്രേക്ഷകരെ ശരിക്കും അസ്വസ്ഥമാക്കും. ആ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ‘ടോർച്ചർ’ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആ സൗണ്ട് ട്രാക്കിനു കഴിയുന്നുണ്ട്.
ഗരുഡ ഗമന ഋഷബ വാഹന, ടർബോ തുടങ്ങിയ സിനിമകളിൽ കണ്ടിട്ടുള്ള രാജ് ബി.ഷെട്ടിയുടെ പ്രകടനത്തേക്കാൾ ഒരു പടി മുൻപിലാണ് രുധിരത്തിലേത്. ഡോ.മാത്യു റോസിയുടെ കഥാപാത്രത്തോട് പ്രേക്ഷകർക്കു തോന്നുന്നത് വെറുപ്പോ ഭയമോ അല്ല. ആ കഥാപാത്രത്തിന് ഒരു ഭൂതകാലമുണ്ടെന്നും ആ കാലമാണ് യഥാർഥ വില്ലനെന്നും പ്രേക്ഷകരെ അനുഭവിപ്പിക്കുന്ന പ്രകടനമാണ് രാജ് ബി. ഷെട്ടി കാഴ്ച വയ്ക്കുന്നത്. ഒരു നടനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിഭയെ അടിമുടി പ്രയോജനപ്പെടുത്തുന്നുണ്ട് സിനിമ.
അപർണ ബാലമുരളി, രാജ് ബി.ഷെട്ടി എന്നിവർക്കൊപ്പം പ്രേക്ഷകരുടെ മനസ്സു കീഴടക്കുന്ന രണ്ടു പേർ കൂടിയുണ്ട് സിനിമയിൽ. ഒരു കുഞ്ഞനെലിയും പീക്കൂ എന്ന വളർത്തുനായയുമാണ് ആ രണ്ടു പേർ. ഒരു നോട്ടം കൊണ്ടു പോലും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് ഇരുവരും കാഴ്ച വയ്ക്കുന്നത്. കുഞ്ഞനെലിയുടെ കഥാപാത്രത്തെ അത്രയും മികവോടെ സ്ക്രീനിൽ കൊണ്ടു വന്നതിന് പിന്നിൽ പ്രവർത്തിച്ച വിഎഫ്എക്സ് ടീം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. മെമ്പർ വർഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുമാരദാസും പ്രത്യേക കയ്യടി അർഹിക്കുന്നുണ്ട്. കൊച്ചുവേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായ ഉമ കെ.പിയുടെ ഏറ്റവും മികച്ച ചില അഭിനയ നിമിഷങ്ങളും രുധിരത്തിലുണ്ട്. സജാദ് കാക്കുവാണ് ചിത്രത്തിന്റെ ക്യാമറ. ഭൂതകാലത്തിന്റെ അടരുകൾ പേറുന്ന ഫ്രെയിമുകളെ കാവ്യഭംഗിയോടെ സ്ക്രീനിലെത്തിച്ചിട്ടുണ്ട് സജാദ്.
നവാഗത സംവിധായകൻ എന്ന നിലയിൽ പ്രതീക്ഷ നൽകുന്ന തുടക്കമാണ് രുധിരത്തിലൂടെ ജിഷോ ലോൺ ആന്റണി കാഴ്ച വയ്ക്കുന്നത്. സംവിധായകനും ജോസഫ് കിരൺ ജോർജും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദ്യപകുതിയുടെ ബ്രില്യൻസും പിരിമുറുക്കവും രണ്ടാം പകുതിയിൽ ചിലയിടങ്ങളിൽ നഷ്ടമാകുന്നതൊഴിച്ചാൽ തിരയെഴുത്തിൽ ഗംഭീര തുടക്കമാണ് ഇരുവരും ഈ സിനിമയിലൂടെ നടത്തുന്നത്. അതീജിവനത്തിനായി നടത്തുന്ന സംഘട്ടനങ്ങളിൽ പലതും പ്രേക്ഷകരെ ഭയപ്പെടുത്തും. പലതും അത്രയ്ക്ക് പച്ചയായാണ് സ്ക്രീനിൽ ആവിഷ്കരിച്ചിരിക്കുന്നത്. അതുണ്ടാക്കുന്ന ഞെട്ടലും പകപ്പും ചെറുതല്ല. പേരു സൂചിപ്പിക്കുന്നതു പോലെ രക്തം കൊണ്ടെഴുതപ്പെട്ട സർവൈവൽ റിവഞ്ച് ഡ്രാമയാണ് രുധിരം.