ചിരിയുടെ 'ലവ് ലൈൻ' : പൈങ്കിളി റിവ്യു

Mail This Article
പ്രണയത്തിൽ ഒരു മുഴുനീള ‘പൈങ്കിളി’യാണ് സുകു സുജിത് കുമാർ. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ക്രിഞ്ച് പോസ്റ്റുകള്‍ ഇട്ട് സ്വയം ആവേശം കൊള്ളുന്ന ഒരു 90സ് കിഡ് വസന്തം. സുകുവിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ഷീബ ബേബി എന്ന ജെൻ സി പെൺകുട്ടി. വീട്ടുകാർ ഉറപ്പിക്കുന്ന വിവാഹാലോചനകളിൽ നിന്നും രക്ഷപ്പെടാൻ സ്വയം ‘ഒളിച്ചോടി’ക്കൊണ്ടിരിക്കുന്ന ഷീബയ്ക്ക് അങ്ങനെ ആരോടും വലിയ കടപ്പാടൊന്നുമില്ല. രണ്ടിനും അൽപം ‘വട്ടുണ്ടെന്നു’ തോന്നിയാലും സംശയിക്കാനില്ല, അങ്ങനെ ഇരുവർക്കുമിടയിൽ സംഭവിക്കുന്ന ‘ഭ്രാന്തൻ തമാശകളാണ്’ ‘പൈങ്കിളി’ എന്ന സിനിമ പറയുന്നത്.
സജിൻ ഗോപു പടമെന്ന് ‘പൈങ്കിളി’യെ വിശേഷിപ്പിക്കാം, ‘ആവേശ’ത്തിൽ അമ്പാനായി എത്തിയ സജിൻ ഗോപുവിന്റെ വൺ മാൻ ഷോ. അസാധാരണമായ ടൈമിങുകൊണ്ടും അതിശയകരമായ പ്രകടനം കൊണ്ടും സുകുവിനെ തന്റെ കരിയർ ബെസ്റ്റ് കഥാപാത്രമാക്കി മാറ്റി. സ്ക്രീൻ പ്രസൻസിലും എനർജി പെർഫോമൻസിലും എന്നത്തെയുംപോലെ അനശ്വരയും ഷീബ ബേബിയെ മനോഹരമാക്കി.
ആര് എന്തു പറഞ്ഞാലും വിശ്വസിക്കുന്ന, ഒരു അന്തവും കുന്തവുമില്ലാത്ത പൊട്ടിപ്പെണ്ണാണ് ഷീബ. പ്രണയിച്ച് വിവാഹം ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിലും അതൊന്നും നടന്നില്ല. വീട്ടുകാർ വിവാഹം ഉറപ്പിച്ചാൽ അതിന്റെ തലേ ദിവസം സ്വയം ഒളിച്ചോടുന്നൊരു പതിവ് ഷീബയ്ക്കുണ്ട്. പക്ഷേ വീട്ടുകാരെ പേടിച്ച് അതുപോലെ തന്നെ ഷീബ തിരിച്ചെത്തുകയും ചെയ്യും. അങ്ങനെയൊരു കല്യാണ ദിവസം ഷീബ ബേബി വീണ്ടും വീടുവിട്ടറങ്ങുന്നു, ആ ഒളിച്ചോട്ടം ചെന്നെത്തുന്നത് സുകുവിന്റെ അടുത്തേക്കും.
ഇനി സുകുവിനെ പരിചയപ്പെടാം, ആള് പൈങ്കിളിയാണെങ്കിലും നാട്ടുകാർക്കൊക്കെ ഉപകാരിയാണ്. വീട്ടുകാർക്ക് ആള് ഇപ്പോഴും കൊച്ചു കുഞ്ഞാണ്. അതുകൊണ്ട് തന്നെ മോനെ വല്ലാണ്ട് ഓമനിച്ചാണ് അമ്മയും അമ്മൂമ്മയുമൊക്കെ കൊണ്ടുനടക്കുന്നത്. അച്ഛൻ സുജിത് കുമാർ ആള് അൽപം കിളി പോയ കൂട്ടത്തിലാണ്. കക്ഷി പറയുന്നതിന് നേർ വിപരീതമേ നടക്കൂ. കുഞ്ഞായിയും പാച്ചനുമാണ് സുകുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. സുകുവിന് കവലയിൽ സ്റ്റിക്കർ കടയാണ്, അതിന്റെ ഒരാവശ്യത്തിന് പാച്ചനെയും കൂട്ടി കൊയമ്പത്തൂര് പോകുന്നു. ആ യാത്രയിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവ വികാസങ്ങൾ സുകുവിന്റെ അന്നേവരെയുള്ള ജീവിതം മാറ്റി മറിക്കുന്നു.
ജീവിതത്തിൽ ആദ്യമായി പിടിക്കുന്നൊരു വള്ളിയിൽ നിന്നും സുകു പിന്നീട് പിടിക്കുന്നത് തുടർച്ചയായ വള്ളികളാണ്. അതിനിടയിേലക്കാണ് മറ്റൊരു വലിയ വള്ളിയുമായി ഷീബ ബേബി സുകുവിന്റെ ജീവിതത്തിലേക്കെത്തുന്നത്.
ഇതിലുള്ള കഥാപാത്രങ്ങളെല്ലാം കുറച്ച് ‘ഓവർ’ അല്ലെ എന്നു നമുക്കു തോന്നിപ്പോകും. അങ്ങനെയാണ് അവരുടെയെല്ലാം കഥാപാത്രരൂപീകരണം. അൺ റിയലസ്റ്റിക്ക് ആയ സംഭവങ്ങളും കഥാ സാഹചര്യവും കഥാപാത്രങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള അവതരണ ശൈലിയാണ് സിനിമയുടേത്. ‘ബ്രെയ്ൻലെസ്’ കോമഡികൾ എന്നു വിശേഷിപ്പിക്കാവുന്ന ചിരി നിമിഷങ്ങളുടെ നീണ്ട നിര സിനിമയിലുണ്ട്. ലോജിക്കുകൾ മാറ്റിവച്ച് ആസ്വദിക്കാവുന്ന മുഴുനീള കോമഡി ചിത്രം. അതുകൊണ്ട് തന്നെ ഈ സിനിമയുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കി സിനിമ കണ്ടില്ലെങ്കിൽ പല കോമഡികളും കല്ലുകടികളാകും. സിനിമയിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച തങ്കൻ കൊച്ചച്ചൻ പറയുന്നതുപോലെ സംഗതി അൽപം ക്ലീഷേ ആണെങ്കിലും പ്രമേയത്തിലും അവതരണത്തിലും അവസാനംവരെ ഒരു ഫ്രഷ്നസ് നിലനിർത്താനും സംവിധായകനും തിരക്കഥാകൃത്തിനു കഴിഞ്ഞു.
കണ്ടു പരിചയമില്ലാത്ത താരങ്ങളാണെങ്കിൽ കൂടി വന്നവരും പോകുന്നവരുമെല്ലാം നിരനിരയായി കൗണ്ടറടിച്ചു പോകുകയാണ്. ഒരു തമാശ ആസ്വദിച്ചു തീരുന്നതിനു മുമ്പേ അടുത്തത് വന്നിരിക്കും. ഒരു മൂലയിൽ ഇരുന്ന് കൗണ്ടറടിക്കുന്ന സുകുവിന്റെ അമ്മൂമ്മ മുതൽ പെങ്ങളുടെ മകൻ വരെ ഒരേ പൊളി. സുകുവിന്റെ കൂട്ടുകാരൻ സുകുമാരന്റെ പെങ്ങളായി എത്തുന്ന സുമയെ അവതരിപ്പിച്ചത് ‘പുതുമുഖം’ ജിസ്മ വിമൽ ആണ്. റീൽസ് താരമായ ജിസ്മയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം മോശമാക്കിയില്ലെന്നു മാത്രമല്ല പ്രേക്ഷകരിൽ ചിരി പടർത്താനും കഴിഞ്ഞു. സുകുവിന്റെ അച്ഛനായി എത്തുന്ന അബു സലീമിന്റെ വേറിട്ട വേഷവും ശ്രദ്ധേയമായി. ചന്തു സലിംകുമാറും റോഷൻ ഷാനവാസുമാണ് കുഞ്ഞായിയും പാച്ചനുമായെത്തുന്നത്. ‘ആവേശ’ത്തിൽ ശാന്തനെന്ന കഥാപാത്രമായി തിളങ്ങിയ റോഷന്റെ മറ്റൊരു മികച്ച പ്രകടനമാണ് ‘പൈങ്കിളി’യിലേത്. എന്നാൽ റിയാസ് ഖാനെ വേണ്ട വിധത്തിൽ ഉപയോഗിക്കാനായില്ല.
‘ആവേശം’ സിനിമയിൽ ഹോസ്റ്റൽ വാർഡനായെത്തിയ ശ്രീജിത്ത് ബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. കഥ, തിരക്കഥ, സംഭാഷണം ‘ആവേശം’ സംവിധാകനായ ജിത്തു മാധവനും. അങ്ങനെ മൊത്തത്തിൽ ‘ഒരാവേശം’ സിനിമയുെട തിരക്കഥയിലും സംവിധാനത്തിലുമുണ്ട്. േപരിനോടും സിനിമയുടെ തിരക്കഥയോടും പൂർണമായും നീതിപുലർത്തുന്ന സംവിധാനമാണ് ശ്രീജിത്തിന്റേത്. എല്ലാത്തരം പ്രേക്ഷകരെയും കണക്ട് ചെയ്യുന്ന ബ്രില്യന്റ് ആയ തിരക്കഥയാണ് പ്രധാന സവിശേഷത. ദ്വയാർഥ പ്രയോഗങ്ങളോ വൾഗർ ആയിട്ടുള്ള രംഗങ്ങളോ കടന്നുവരാത്ത സിറ്റുവേഷനൽ കോമഡികളാണ് ‘പൈങ്കിളി’യെ പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടതാക്കുന്നത്. ഈ സീനിൽ ഒരു കോമഡിക്കു സാധ്യതയുണ്ടോ എന്ന് സംശയിച്ചു പോകുന്ന രംഗങ്ങളിൽപോലും ‘ഇടിവെട്ട്’ തമാശ നിറച്ചു വയ്ക്കുന്നു. അങ്ങനെയുള്ള സർപ്രൈസ് രംഗങ്ങൾ നിരവധിയുണ്ട് സിനിമയിൽ.
ജസ്റ്റിൻ വർഗീസിന്റെ സംഗീതവും അർജുൻ സേതുവിന്റെ ഛായാഗ്രഹണവും കിരൺ ദാസിന്റെ എഡിറ്റിങും സിനിമയുടെ മുതൽക്കൂട്ടാണ്. സ്പൂഫ് രംഗങ്ങളിൽ വരുന്ന പശ്ചാത്തല സംഗീതവും പ്രത്യേകിച്ചും കൊയമ്പത്തൂർ സീക്വൻസിൽ വരുന്ന ഗാനവുമൊക്കെ സിനിമയുടെ മൂഡ് നിലനിർത്തുന്ന പ്രധാന ഘടകങ്ങളാണ്.
‘ബി എ പാസ്സായാലും എം എ പാസ്സായാലും എൻ എ മറക്കല്ല്’, ‘വിശാല മനസ്സേ വിരോധമരുേത, വിധിയുണ്ടെങ്കിൽ വിവാഹ നാളിൽ വീണ്ടും കാണാം’, സ്കൂളിൽ പഠിക്കുമ്പോൾ പണ്ടെഴുതിയ ഓട്ടോഗ്രാഫ് എഴുത്തുകളെക്കുറിച്ച് ഓര്‍ത്തുനോക്കിയാൽ ‘ക്രിഞ്ച്’ അടിക്കില്ലേ, അതേ ‘ക്രിഞ്ചിൽ’ ചാലിച്ചെടുത്ത നോൺ സ്റ്റോപ്പ് കോമഡി എന്റർടെയ്നറാണ് ‘പൈങ്കിളി’.