ADVERTISEMENT

കൊറോണ വൈറസ് പടരുന്നതു മൂലം ഗൾഫ് രാജ്യങ്ങളിൽ നിരവധി മലയാളികളാണ് വീടുകളിൽ കഴിയുന്നത്. ആശങ്കകളും ആകുലതകളും ഉണ്ടെങ്കിലും ഈ വീട്ടിലിരിപ്പു സമയം ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന തിരക്കിലാണ് ഒരു കൂട്ടം പ്രവാസി സുഹൃത്തുക്കൾ. അകലങ്ങളിലിരുന്നും സൗഹൃദവും ആഘോഷങ്ങളും സാധ്യമാണെന്ന് ഇവർ നിർമ്മിച്ച 'ഒരു കൊറോണ കാലത്തെ ബിരിയാണി കഥ' എന്ന ഹ്രസ്വചിത്രം പറഞ്ഞു തരും. 

 

തൃശൂരിലെ വിദ്യ എൻജിനീയറിങ് കോളജിലെ സഹപാഠികളായ ഏഴു പേരാണ് ഈ ചിത്രത്തിന് പിന്നിൽ. അദ്നാൻ മുഹമ്മദ്, വിമൽ മാധവൻ (അബുദാബി), അരുൺ മാർട്ടിൻ, ഹെൽവിൻ കുര്യൻ, പ്രഭാത് ബാലൻ, ഷീദ് അസീസ്, സുജിത് സിദ്ധാർത്ഥൻ (ദുബായ്) എന്നിവർ ഒത്തുചേർന്നപ്പോൾ രസകരമായ ബിരിയാണി കഥ തയ്യാർ. ഇവരിൽ പ്രഭാത് ഒഴികെ മറ്റെല്ലാവരും വിദ്യ എൻജിനീയറിങ് കോളജിലെ ആദ്യ ബാച്ചിലെ സഹപാഠികളാണ്. രണ്ടാം ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു പ്രഭാത്. എല്ലാവരും കുടുംബത്തോടൊപ്പം ദുബായിലും അബുദാബിയിലുമാണ് താമസം. എല്ലാ മാസവും ഒരിക്കലെങ്കിലും എല്ലാവരും കുടുംബത്തിനൊപ്പം ഒത്തുചേരാറുണ്ടായിരുന്നു. എന്നാൽ, കോവിഡ് പടരുന്ന സാഹചര്യത്തിൽ യു‌.എ.ഇയിലും കർശനനിയന്ത്രണങ്ങളാണ് നിലവിലുള്ളത്. അതിനാൽ, കൊറോണക്കാലത്തെ ഒത്തുചേരൽ ഓൺലൈനിൽ ആക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. 

 

ഇന്ത്യൻ ചലച്ചിത്രലോകത്തെ പ്രതിഭകൾ കൈകോർത്ത 'ഫാമിലി' എന്ന ചിത്രമായിരുന്നു ഇവർക്ക് പ്രചോദനമായത്. ഓരോരുത്തരും അവരവരുടെ വീടുകളിലിരുന്ന് ബിരിയാണി ഉണ്ടാക്കി. രസകരമായ സംഭാഷണങ്ങളിലൂടെയാണ് ഇവരുടെ പാചകം പുരോഗമിക്കുന്നത്. 'ഞങ്ങൾ അഭിനേതാക്കൾ അല്ല' എന്ന ആമുഖത്തോടെയാണ് ചിത്രം തുടങ്ങുന്നതെങ്കിലും സ്വാഭാവികമായ നർമമുഹൂർത്തങ്ങളും സംഭാഷണങ്ങളും മികച്ച നിലവാരം പുലർത്തുന്നു. നാട്ടിലെ കുടുംബത്തെയും ആഘോഷങ്ങളെയും മിസ് ചെയ്യുന്നുണ്ടെങ്കിലും ഈ വർഷം പതിവിൽ നിന്നു വ്യത്യസ്തമായി വീടുകളിലിരുന്ന് ആഘോഷിക്കാമെന്ന സന്ദേശം പങ്കുവച്ചാണ് വിഡിയോ അവസാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com