‘ആ വരി ബിജിയേട്ടൻ പാടിയപ്പോൾ കണ്ണ് നിറഞ്ഞു’, ചങ്കുലയ്ക്കുന്ന പാട്ടിനു പിന്നിൽ; ജയഹരി പറയുന്നു
Mail This Article
‘മുളപൊട്ടി ചീന്തണപോലെൻ ചങ്കു ചിലമ്പണ് തേൻ കനിയെ’ ഡോക്ടർ സഖിൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കാടകലം’ എന്ന സിനിമയിലെ ‘കനിയേ’ എന്നു തുടങ്ങുന്ന ഈ പാട്ടിന് ഒരു പ്രത്യേകതയുണ്ട്. പ്രശസ്ത സംഗീതസംവിധായകൻ ബിജിബാൽ ആണ് ഈ പാട്ടു പാടിയിരിക്കുന്നത്. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മറ്റൊരു സംഗീതസംവിധായകൻ പി എസ് ജയഹരിയും. ജയഹരിയുടെ സംഗീതത്തിൽ ബിജിബാലിന്റെ ആലാപനം കൂടി ചേർന്നപ്പോൾ സൂപ്പർഹിറ്റാകാൻ പോകുന്ന മറ്റൊരു പാട്ടാണ് പിറന്നിരിക്കുന്നത്. കാടിന്റെ മക്കളുടെ കഥപറയുന്ന ഈ ചിത്രത്തിന് സംഗീതം നിർവ്വഹിക്കാൻ കഴിഞ്ഞതും ജ്യേഷ്ഠസഹോദരനെപ്പോലെ കാണുന്ന ബിജിബാലിനെകൊണ്ട് തന്റെ പാട്ട് പാടിക്കാൻ കഴിഞ്ഞതും വലിയ ഭാഗ്യമാണെന്ന് ജയഹരി മനോരമ ഓൺലൈനിനോട് പറഞ്ഞു
കാടിന്റെ മണവും ചുവയുമുള്ള വരികൾ
ബി.കെ ഹരിനാരായണന്റെ വരികളാണ് ഈ പാട്ടിന്റെ ജീവൻ എന്നാണ് ഞാൻ പറയുക. ഒരു ആദിവാസി കുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുട്ടി കാട്ടിൽ നിന്നും നാട്ടിലേക്ക് പഠിക്കാൻ പോകുന്നതാണ് രംഗം. ഒരിക്കലും പിരിഞ്ഞിരിക്കാത്ത അച്ഛനും മകനും ആദ്യമായി പിരിയാൻ പോകുന്നതിന്റെ വ്യഥയും ആധിയും നിറഞ്ഞ വരികൾ ആയിരുന്നു പാട്ടിന് ആവശ്യം. സിനിമയുടെ കാതലായ പാട്ടാണിത്. സംവിധായകൻ കഥ പറഞ്ഞു കൊടുത്തത് വളരെ നന്നായി ഗ്രഹിച്ചിട്ട് ഹരിയേട്ടൻ 24 മണിക്കൂറിനകം ആദ്യത്തെ അഞ്ചുവരി എഴുതി അയച്ചു. വരികൾക്ക് വളരെ പ്രാധാന്യം കൊടുക്കേണ്ട ഒരു പാട്ടായതുകൊണ്ടു വരികള്‍ എഴുതിയതിനു ശേഷം ട്യൂൺ ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു. ഹരിയേട്ടന്റെ വരികൾ കണ്ടപ്പോൾ അത് വളരെ നല്ല തീരുമാനമായിരുന്നു എന്നു മനസ്സിലായി. കൃത്യമായ മീറ്ററിൽ അർത്ഥവത്തായി എഴുതിയിരിക്കുന്ന ആ വരികൾ ഇല്ലെങ്കിൽ ഈ ട്യൂണ്‍ ജനിക്കില്ലായിരുന്നു. അതിന്റെ മുഴുവൻ ക്രെഡിറ്റും ഹരിയേട്ടനാണ്. ഹരിയേട്ടൻ എഴുതിയ വരികളിൽ ഒരു വാക്കുപോലും മാറ്റാൻ ഉണ്ടായിരുന്നില്ല. അത്ര അസാധ്യമായി അദ്ദേഹം എഴുതി. വരികളുടെ ഭംഗി കളയുന്ന ഒരു ഈണം പോലും ഇതിൽ കൊണ്ടുവന്നിട്ടില്ല.
പിന്നണിയിലെ ബിജിയേട്ടന്‍
ഒരു സംഗീതസംവിധായകൻ തന്നെ ഈ പാട്ടു പാടണം എന്നൊന്നും വിചാരിച്ചു ചെയ്തതല്ല. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പാട്ടു ചെയ്തത്. ട്യൂൺ ചെയ്തിട്ടാണ് സാധാരണ പാട്ട് ചെയ്യാറുള്ളത്. വരികൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു ആലാപനശൈലി ആണ് ഈ പാട്ടിനു വേണ്ടത് എന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. നമ്മൾ കേട്ട് പരിചയിക്കാത്ത ഒരു ശബ്ദം ഈ പാട്ടിനു വേണമെന്നു തോന്നി. അപ്പോൾ ഉടനെ മനസ്സിൽ വന്നത് ബിജിബാൽ ഏട്ടന്റെ ശബ്ദമായിരുന്നു. അദ്ദേഹം മുൻപ് പാടിയിട്ടുള്ള "മലമേലെ തിരിവച്ച്" എന്ന മഹേഷിന്റെ പ്രതികാരത്തിലെ പാട്ട്, പാലേരി മാണിക്യത്തിലെ ടൈറ്റിൽ സോങ് ഒക്കെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ ആരാധകനാണ് ഞാൻ. അങ്ങനെയാണ് ബിജിയേട്ടനെ കൊണ്ടു പാടിച്ചാലോ എന്നു ഹരിയേട്ടനോടു ചോദിച്ചത്. അദ്ദേഹം പറഞ്ഞു ജയഹരി തന്നെ ചോദിച്ചോളൂ എന്ന്. ബിജിയേട്ടനെ പരിചയം ഉണ്ടെങ്കിലും എനിക്ക് നേരിട്ട് ചോദിക്കാൻ ഒരു വിഷമം തോന്നി. ബിജിയേട്ടന്റെ വളരെ അടുത്ത സുഹൃത്തും ജോജിയുടെ ഒക്കെ സംഗീത സംവിധായകനുമായ ജസ്റ്റിൻ വർഗീസിനെ ഞാൻ വിളിച്ചു ചോദിച്ചു. ‘ബ്രോ ചുമ്മാ വിളിച്ചോളൂ ഒരു കുഴപ്പവുമില്ല’ എന്ന് പറഞ്ഞ് ജസ്റ്റിൻ എനിക്കു ധൈര്യം തന്നു. അങ്ങനെ ഞാൻ ബിജിയേട്ടന് ഒരു വോയിസ് മെസ്സേജ് അയച്ചു ചോദിക്കുകയായിരുന്നു. പാട്ട് അയച്ചു തരൂ പറ്റുന്നതാണെങ്കിൽ പാടാം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഞാൻ അയച്ചു കൊടുത്തു, കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും പാടാം എന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് ബിജിയേട്ടൻ ഈ പാട്ട് പാടാൻ ഇടയായത്.
സംഗീതസംവിധായകൻ ഗായകനായപ്പോൾ
ബിജിയേട്ടൻ കഴിവ് തെളിയിച്ച സംഗീതസംവിധായകനാണ്. അദ്ദേഹത്തിന്റെ ബോധി സൈലന്റ് സ്‌കേപ്പ് എന്ന സ്റ്റുഡിയോയിൽ ആണ് ഞങ്ങൾ ഈ പാട്ട് റെക്കോർഡ് ചെയ്തത്. റെക്കോർഡിങ്ങിനു വേണ്ടി അവിടെ എത്തിയപ്പോഴേയ്ക്കും അദ്ദേഹം ഈ പാട്ട് പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരക്കുകൾക്കിടയിലും അതിനു വേണ്ടി സമയം കണ്ടെത്തി. എനിക്ക് ഒന്നും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. അദ്ദേഹം ഒരു മികച്ച സംഗീതസംവിധായകനായതു കൊണ്ട് തന്നെ ഈ പാട്ട് എങ്ങനെ പാടണമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ബിജിയേട്ടൻ പാടിയത് ഞാൻ ഒരു ശ്രോതാവായി കേട്ടിരുന്ന് ആസ്വദിച്ചു. ജയഹരി ഇത് ഓക്കേ ആണോ എന്ന് അദ്ദേഹം വിളിച്ചു ചോദിക്കുമ്പോൾ ഞാൻ ഞെട്ടിയുണർന്ന് ഓക്കേ ആണ് ചേട്ടാ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ആലാപനത്തിൽ ഞാൻ അത്രകണ്ട് മുഴുകിയിരിക്കുകയായിരുന്നു. പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം "മുളപൊട്ടി ചീന്തണപോലെൻ ചങ്കു ചിലമ്പണ് തേൻ കനിയെ" ആണ് അത് ബിജിച്ചേട്ടൻ പാടിയപ്പോൾ ശരിക്കും എന്റെ കണ്ണ് നിറഞ്ഞു. ചിത്രത്തിന്റെ സംവിധായകനും അവിടെയുണ്ടായിരുന്നു അദ്ദേഹത്തിനും ആ ഭാഗം വളരെയധികം ഫീൽ ചെയ്തു.
പാട്ടിലെത്തിയ വഴി
എന്റെ സുഹൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ വിനു ജനാർദ്ദനൻ വഴിയാണ് ഞാൻ ഈ പാട്ടിലേയ്ക്ക് എത്തിയത്. ഞങ്ങൾ ഒരു ദിവസം കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എന്നോട് ഇങ്ങനെ ഒരു സിനിമയുണ്ട് എന്ന് പറഞ്ഞിരുന്നു. അതിനു ശേഷം സംവിധായകന് സഖിൽ എന്നെ വിളിച്ചു. അദ്ദേഹം ഒരു ഡോക്ടർ ആണ്. ആ സമയത്ത് സിനിമയുടെ ഷൂട്ട് നടക്കുകയായിരുന്നു. അതിന്റെ ഏതാനും ചില രംഗങ്ങൾ എനിക്ക് അയച്ചു തന്നു. അത് കണ്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി. അങ്ങനെയാണ് ഈ പ്രോജക്ടിലേക്ക് ഞാൻ എത്തിയത്. ആ സമയത്ത് ബാക്ക്ഗ്രൗണ്ട് സ്കോർ മാത്രമേ ആലോചിച്ചിരുന്നുള്ളൂ. പിന്നീടാണ് ഈ പാട്ട് ചെയ്യാൻ തീരുമാനിച്ചത്. പാട്ട് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ വളരെ സംതൃപ്തി തോന്നി. നെഞ്ചിൽ തറയ്ക്കുന്ന ഹരിയേട്ടന്റെ വരികളും ബിജിയേട്ടന്റെ ആലാപനവുമാണ് ഈ പാട്ടിന്റെ ഭംഗി. ചാരു ഹരിഹരൻ ആണ് പെർക്കഷൻ വായിച്ചിരുന്നത്. എബിൻ പോൾ മിക്സിങ് നിർവഹിച്ചു. പാട്ടിന്റെ ജീവൻ ചോരാത്ത രീതിയിലുള്ള ഇൻസ്‌ട്രമെന്റേഷൻ ആണ് ഉപയോഗിച്ചിട്ടുള്ളത്. എന്തുകൊണ്ടും വളരെ സംതൃപ്തി തന്ന ഒരു വർക്ക് ആണിത്. പ്രിയപ്പെട്ട ആസ്വാദകർക്കും ഇഷ്ടമാകുമെന്നു കരുതുന്നു.