ADVERTISEMENT

ഓണക്കാലത്ത് സർപ്രൈസ് ഹിറ്റടിച്ച ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം എന്ന ആസിഫ് അലി ചിത്രം. നവാഗതനായ ബാഹുൽ രമേഷിന്റെ തിരിക്കഥയിൽ ദിൻജിത്ത് അയ്യത്താൻ ഒരുക്കിയ മിസ്റ്ററി ത്രില്ലർ മലയാളത്തിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിച്ചു. പതിയെ തുടങ്ങി കഥ പറച്ചിലിന്റെ തുടർച്ചയിൽ പിടി മുറുക്കുന്ന കിഷ്കിന്ധാ കാണ്ഡം വേറിട്ട അനുഭവമാക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നത് അതിന്റെ പശ്ചാത്തല സംഗീതമാണ്. തികച്ചും രാജ്യാന്തരനിലവാരത്തിലൊരുക്കിയ കിഷ്കിന്ധാ കാണ്ഡത്തിന്റെ മാന്ത്രികശബ്ദലോകത്തിന് ചുക്കാൻ പിടിച്ചത് തൃശൂർക്കാരനായ മുജീബ് മജീദാണ്. ഏറെ നിരൂപകശ്രദ്ധ നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന സെന്ന ഹെഗ്ഡെ ചിത്രത്തിലൂടെ കയ്യടി നേടിയ യുവസംഗീതസംവിധായകനാണ് മുജീബ് മജീദ്. മന്ദാരം, 1744 വൈറ്റ് ആൾട്ടോ, പേരില്ലൂർ പ്രീമിയർ ലീഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ സജീവമായ മുജീബിന്റെ കരിയറിലെ തീർത്തും വ്യത്യസ്തമായ പ്രോജക്ട് ആയിരുന്നു കിഷ്കിന്ധാ കാണ്ഡം. അതിഗംഭീര അഭിപ്രായങ്ങൾ തേടിയെത്തിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി മുജീബ് മജീദ് മനോരമ ഓൺലൈനിൽ

ചെയ്തും തിരുത്തിയും ഒരുക്കിയത്

സിനിമയുടെ ഷൂട്ട് കഴിഞ്ഞ്, 70 ശതമാനം എഡിറ്റും കഴിഞ്ഞാണ് ഞാൻ ആദ്യമായി പടം കാണുന്നത്. അപ്പോഴാണ് ഞാൻ സിനിമയിലേക്ക് വരുന്നതും. പടം കണ്ടപ്പോൾ തന്നെ ഞാൻ ഹാപ്പിയായിരുന്നു. സംവിധായകൻ ദിൻജിത്ത് ആ സമയത്ത് എന്റെ കൂടെയുണ്ടായിരുന്നു. അപ്പോഴേ ഞാൻ അദ്ദേഹത്തോടു പറഞ്ഞു, 'പരിപാടി കൊള്ളാം, രസമുണ്ട്' എന്ന്! സിനിമയ്ക്കായി വലിയ തയാറെടുപ്പുകൾ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ അങ്ങനെ മുന്നൊരുക്കങ്ങൾ നടത്താറില്ല. പടം തുടങ്ങുമ്പോഴാണ് ആ സിനിമയിലേക്ക് മ്യൂസിക്കലി ഞാൻ കയറുന്നത്. ദിൻജിത്തിനും തിരക്കഥയും ക്യാമറയും ചെയ്ത ബാഹുലിനും ഈ സിനിമയ്ക്ക് എന്താണ് വേണ്ടതെന്ന വ്യക്തത ഉണ്ടായിരുന്നു. അങ്ങനെ തുടങ്ങി. ഞാൻ ചില സംഭവങ്ങൾ സ്കോർ ചെയ്തു കേൾപ്പിച്ചപ്പോൾ അവരും അതിലേക്കു കയറി. പിന്നെ, അവിടെ നിന്ന് ചെയ്തു നോക്കിയും തിരുത്തിയും വീണ്ടും ചെയ്തുമാണ് ഇപ്പോൾ സിനിമയിലുള്ള വേർഷനിലേക്ക് എത്തിയത്. സ്റ്റുഡിയോയുടെ മൂലയിൽ ഒരു സോഫയുണ്ട്. ദിൻജിത്തും ബാഹുലും വന്ന് അവിടെ കിടക്കും. അവർ കിടന്നു കിടന്ന് അതിന്റെ ഒരു വശം കുഴിഞ്ഞു പോയി. അത്രയും സമയം അവർ അവിടെ ചിലവഴിച്ചിട്ടുണ്ട്. 

അനാവശ്യമായി സ്കോർ ചെയ്യില്ല

മ്യൂസിക് ഒരുപാട് ഹൈപ്പ് ചെയ്യരുതെന്ന ഐഡിയ എനിക്കുണ്ടായിരുന്നു. എവിടെയെങ്കിലും അറിയാതെ മ്യൂസിക് ലൗഡ് ആകുന്നുണ്ടെങ്കിൽ ബാഹുലും ദിൻജിത്തും ഇടപെടും. 'ഓവർ പവേർഡ്' ആകാത്ത പശ്ചാത്തലസംഗീതം മതിയെന്ന് അവർ പറയും. പതുക്കെ പതുക്കെ കൊണ്ടുപോയി ഒടുവിൽ വലുതാക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. പടം കാണുമ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ സംഗീതത്തിലേക്കു വരരുത് എന്നതായിരുന്നു എന്റെ പ്ലാൻ. അക്കാര്യത്തിൽ ഞാനെപ്പോഴും ജാഗ്രത പാലിച്ചിരുന്നു. അനാവശ്യമായി സ്കോർ ചെയ്യരുത് എന്നതാണ് എന്റെ പോളിസി. അതുപോലെ നിശബ്ദത ഉപയോഗപ്പെടുത്തണം. അത് എവിടെ ഉപയോഗിക്കണം എന്നത് തീരുമാനിക്കണം. കിഷ്കിന്ധാ കാണ്ഡത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭൂരിഭാഗം ശബ്ദങ്ങളും ഇലക്ട്രോണിക്കലി നിർമിക്കപ്പെട്ടിട്ടുള്ള ശബ്ദങ്ങളാണ്. വളരെ കുറച്ചു ശബ്ദങ്ങളെ ലൈവ് ഇൻസ്ട്രമെന്റ്സ് ഉപയോഗിച്ച് സൃഷ്ടിച്ചിട്ടുള്ളൂ. സിന്തസൈസ്ഡ് ശബ്ദങ്ങളാണ് കൂടുതലും ഉപയോഗിച്ചിട്ടുള്ളത്. അറ്റ്മോസ്ഫിയറിക് ഫീൽ കൊണ്ടുവരാൻ അതുപകരിച്ചു. ബാഹുലിനും ഏറെ ഇഷ്ടമുള്ള സൗണ്ട്സ്കേപ്പ് ആണ് അത്.  

മിനിമൽ മ്യൂസിക് മാജിക്

സിനിമയുടെ തുടക്കത്തിൽ വളരെ മിനിമൽ മ്യൂസിക് ആണുള്ളത്. അപ്പു പിള്ള കേൾക്കുന്ന ഒരു നോർത്ത് ഈസ്റ്റേൺ ഫോക് മ്യൂസിക് ആണ് അതിൽ അൽപമെങ്കിലും ലൗഡ് ആയി വരുന്നത്. തിരക്കഥ അത് ആവശ്യപ്പെടുന്നുണ്ട്. ആ സമയത്ത് കേൾക്കുന്ന പാട്ടിന്റെ ഈണം ഞാൻ ചെയ്തതാണ്. അതിന്റെ വരികൾ ഒരു ടിബറ്റൻ നാടോടിപാട്ടിന്റേതാണ്. ഈ സിനിമയ്ക്കു വേണ്ടി ആ വരികൾക്ക് വേറെ ഈണം നൽകി. ജമൈമ എന്ന മലയാളി ഗായികയാണ് അതു പാടിയത്. ആദ്യം നോർത്ത് ഈസ്റ്റിൽ നിന്നുള്ള ഗായികയെക്കൊണ്ടു പാടിച്ചാലോ എന്ന് ആലോചിച്ചിരുന്നു. അതൊന്നും വർക്ക് ആയില്ല. ജമൈമയുടെ ശബ്ദമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. 

തന്നെ പഠിച്ചെടുത്ത ടെക്നിക്

ഒരു മ്യൂസിക് ഡയറക്ടർ ആകണം എന്നുള്ളത് ഒൻപതാം ക്ലാസ് മുതലുള്ള ആഗ്രഹമാണ്. സംഗീതത്തിന്റെ മാന്ത്രികതയും കരുത്തുമാണ് എന്നെ ഇതിൽ തന്നെ ഉറപ്പിച്ചു നിറുത്തിയത്. പല ഘട്ടങ്ങളിലും ഇതെല്ലാം ഉപേക്ഷിച്ചു പോയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെ ഞാൻ പിടിച്ചു നിന്നു. പല കാരണങ്ങൾ കൊണ്ട് എന്നെ പ്രപഞ്ചം മ്യൂസിക്കിലേക്ക് തന്നെ പിടിച്ചു കൊണ്ടിടുകയായിരുന്നു. ഈ ഉയർച്ച താഴ്ചകളാണ് കലയ്ക്ക് പ്രചോദനമാകുന്നതും. വളരെ ചെറുപ്പം മുതൽ പാട്ടുകൾ ധാരാളം കേൾക്കുമായിരുന്നു. എ.ആർ.റഹ്മാന്റെ ഗാനങ്ങൾ ഹരം പോലെയാണ്. സ്കൂളിലൊക്കെ 'റഹ്മാൻ ഭ്രാന്തൻ' എന്ന പേരിലാണ് ഞാൻ അറിയപ്പെട്ടിരുന്നതു തന്നെ. തുടക്കകാലത്തെ പഠനം പാട്ടുകൾ കേൾക്കലായിരുന്നു. പ്ലസ്ടു ആയപ്പോൾ കംപ്യൂട്ടറുകൾ സജീവമാകാൻ തുടങ്ങി. എന്റെ കസിൻ ഒരു കംപ്യൂട്ടർ വാങ്ങി. അതിലാണ് എന്റെ പരീക്ഷണങ്ങൾ തുടങ്ങുന്നത്. പത്തു കഴിഞ്ഞ് ഓഡിയോ എൻജിനീയറിങ് പഠിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, വീട്ടുകാർ പറഞ്ഞു, പ്ലസ്ടു കഴിഞ്ഞിട്ടു നോക്കാമെന്ന്. അതു കഴിഞ്ഞപ്പോൾ പറഞ്ഞു, ഡിഗ്രി കഴിഞ്ഞിട്ടു പോകാമെന്ന്. അങ്ങനെ ഞാൻ കൊമേഴ്സിലാണ് ഡിഗ്രി ചെയ്തത്. പക്ഷേ, സമാന്തരമായി മ്യൂസിക് പ്രൊഡക്‌ഷനിൽ സ്വതന്ത്രമായ അന്വേഷണങ്ങൾ തുടർന്നു. ചുരുക്കത്തിൽ വീട്ടുകാരെ പറ്റിക്കാൻ ബി.കോമിനു പോയി. ആ സമയത്തു തന്നെ ഞാനൊരു റെക്കോർഡിങ് സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്നു. സംഗീതവുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകളെ പരിചയപ്പെട്ടു. അവരിലൂടെയാണ് ഞാൻ പല കാര്യങ്ങളും പഠിച്ചെടുത്തത്. കീബോർഡ് പോലും സാങ്കേതികമായി പഠിച്ചിട്ടില്ല. 

കൂട്ടുകാർ തന്ന 'ബ്രേക്ക്'

തുടക്കത്തിൽ എനിക്ക് സ്വന്തമായി ഒരു കീബോർഡ് പോലും ഉണ്ടായിരുന്നില്ല. എന്റെ സുഹൃത്ത് അനൂപിന്റെ കീബോർഡിലാണ് ഞാൻ വർക്ക് ചെയ്തു തുടങ്ങുന്നത്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിലെ 'ഹൃദയരാഗം' എന്ന പരിപാടിക്കു വേണ്ടിയാണ് ഞാനാദ്യം ടൈറ്റിൽ ട്രാക്ക് ചെയ്യുന്നത്. എന്റെ സുഹൃത്ത് ആശ.ജി.മേനോനാണ് അത് അവതരിപ്പിച്ചിരുന്നത്. അവർ വഴിയാണ് അതിന്റെ ടൈറ്റിൽ ട്രാക്ക് ചെയ്യാൻ അവസരം ലഭിച്ചത്. പിന്നെയും കുറെ വർക്കുകൾ ചെയ്തു. അതൊന്നും പുറത്തു വന്നില്ല. പിന്നെ ആളുകൾ കേട്ട വർക്ക് 'തവിടുപൊടി ജീവിതം' എന്ന ഷോർട്ട്ഫിലിം ആണ്. അതിലൂടെയാണ് ബാഹുലിനെ പരിചയപ്പെടുന്നത്. അതു കഴിഞ്ഞ് 'ഗ്രേസ് വില്ല' എന്ന ഹ്രസ്വചിത്രം ചെയ്തു. അതു വലിയ ചർച്ചയായി. അങ്ങനെയാണ് പതിയെ നല്ല വർക്കുകൾ വന്നു തുടങ്ങിയത്. ആദ്യമായി ചെയ്ത സിനിമ ആസിഫ് അലി നായകനായ 'മന്ദാരം' ആണ്. കട്ടയ്ക്ക് നിൽക്കുന്ന കൂട്ടുകാരുടെ ഒരു സർക്കിളുണ്ട് എനിക്ക്. അവരാണ് എന്റെ കരുത്തും ഭാഗ്യവും. അതിലൊരാളാണ് ശബരീഷ് വർമ. പ്രേമം സിനിമയിൽ അഭിനയിച്ച് അത്യാവശ്യം തിളങ്ങി നിൽക്കുന്ന സമയമാണ്. അദ്ദേഹമാണ് എന്നെ മന്ദാരം സിനിമയുടെ സംവിധായകൻ വിജേഷ് വിജയ്ന് പരിചയപ്പെടുത്തുന്നത്. അദ്ദേഹം ഡെമോ ഒന്നും ചോദിച്ചില്ല. ഒരു സിറ്റുവേഷൻ പറഞ്ഞു തന്നു. അതിനു വേണ്ടിയൊരു പാട്ട് ചെയ്യാമോ എന്നു ചോദിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയാണ് സിനിമയിലെത്തുന്നത്. 

വഴിത്തിരിവായ സെന്ന ഹെഗ്ഡെ പടം

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയാണ് ഇൻഡസ്ട്രിയിൽ വലിയൊരു വഴിത്തിരിവ് തന്നത്. ആ പടത്തിന്റെ പിന്നിലും വലിയൊരു കഥയുണ്ട്. ഞാൻ അന്ന് ബെംഗളൂരുവിലാണ്. തിങ്കളാഴ്ച നിശ്ചയത്തിന്റെ കാസ്റ്റിങ് ഡയറക്ടർ വിനീത് (പൂവൻ സിനിമയുടെ സംവിധായകൻ) ആയിരുന്നു. സെന്നയുടെ കന്നട പടം ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മലയാളചിത്രത്തിന്റെ പ്രഖ്യാപനം വന്നപ്പോൾ ആ പോസ്റ്റർ ഞാൻ ശ്രദ്ധിച്ചു. അതിൽ മ്യൂസിക് ഡയറക്ടറുടെ പേര് ഉണ്ടായിരുന്നില്ല. വിനീത് എന്റെ സുഹൃത്ത് ആയതിനാൽ ഞാൻ അദ്ദേഹത്തെ വിളിച്ചു. ഈ സിനിമയുടെ മ്യൂസിക് ഡയറക്ടർ ആരാണെന്നു ചോദിച്ചു. അവർ അതു ഉറപ്പിച്ചിരുന്നില്ല. ആ സിനിമയുടെ ക്യാമറമാൻ ശ്രീരാജും എന്റെ സുഹൃത്താണ്. വിനീത് അവരുടെ ടീമിനോട് എന്റെ കാര്യം പറഞ്ഞതും അവർ ഓകെ ആയിരുന്നു. അങ്ങനെയാണ് ആ സിനിമയുടെ ഭാഗമാകുന്നത്. സത്യത്തിൽ അവസരം ചോദിക്കുന്നതിൽ ഞാൻ വളരെ മോശമാണ്. പക്ഷേ, വിനീതും ശ്രീരാജുമൊക്കെ സുഹൃത്തുക്കൾ ആയതുകൊണ്ടാണ് അങ്ങനെയൊരു കാര്യത്തിന് സമീപിച്ചതു തന്നെ. പൊതുവെ എനിക്ക് അത്തരം കാര്യങ്ങൾക്ക് മടിയാണ്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ കരിയറിൽ ഒരുപാടു വർക്കുകൾ നേടിത്തന്ന സിനിമയാണ്. അതു കണ്ടിട്ടാണ് മറാത്തിയിൽ നിന്നും ഹിന്ദിയിൽ നിന്നും എന്നെത്തേടി അവസരങ്ങൾ വന്നത്. 

പരിശ്രമം ഒറിജിനൽ ആകാൻ

ഞാനെന്താണ് ചെയ്യുന്നത് എന്ന് വീട്ടുകാർക്ക് കൃത്യമായ അറിവുണ്ടായിരുന്നില്ല. ഉപ്പയുമായി ഇടയ്ക്ക് ചില സംഘർഷങ്ങൾ ഉണ്ടാകും. റസൂൽ പൂക്കുട്ടിയും എ.ആർ.റഹ്മാനും ഓസ്കർ നേടിയപ്പോഴാണ് ഈ പരിപാടി അത്ര മോശമല്ലെന്ന് വീട്ടുകാർ തിരിച്ചറിയുന്നതു തന്നെ. ഇപ്പോൾ കുറച്ചെങ്കിലും അവർക്ക് മനസ്സിലാവുന്നുണ്ടെന്നു തോന്നുന്നു. എന്റെ സഹപാഠികൾക്ക് ഞാൻ എന്നെങ്കിലും ഈ മേഖലയിൽ വരുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് അവർക്ക് വലിയ സർപ്രൈസ് ഒന്നുമില്ല. സിനിമ കണ്ട് നിരവധി പേർ വിളിച്ച് അഭിനന്ദിച്ചിരുന്നു. ജസ്റ്റിൻ വർഗീസ്, ക്രിസ്റ്റോ സേവ്യർ, ജയഹരി അങ്ങനെ നിരവധി പേർ. ഒറിജിനൽ ആയി ഇരിക്കുക എന്നതാണ് ലക്ഷ്യം. അതിനാണ് പരിശ്രമിക്കുന്നതും.

English Summary:

Interview with Kishkindha Kaandam Music Director Mujeeb Majeed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com