എഴുത്തുകാരൻ രാജീവ് ആലുങ്കലിന് ഗുരുശ്രീ പുരസ്കാരം
Mail This Article
മുംബൈ ശ്രീനാരായണ സമിതി ഏർപ്പെടുത്തിയ ഗുരുശ്രീ പുരസ്കാരം കവിയും ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലത്തെ കലാ സാംസ്കാരിക രംഗങ്ങളിലെ സംഭാവനകളും കുമാരനാശാൻ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നൽകിയ നേതൃപാടവവും പരിഗണിച്ചാണ് അംഗീകാരം. പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാനാണ് അദ്ദേഹം ഇപ്പോൾ. സെപ്റ്റംബർ 15ന് മുംബൈ ചെമ്പൂർ ശ്രീനാരായണമന്ദിരത്തിൽ വെച്ച് ശ്രീനാരായണ ഗുരുകുലം മഠാധിപതി മുനി നാരായണ പ്രസാദ് രാജീവ് ആലുങ്കലിന് പുരസ്കാരം സമ്മാനിക്കും. അന്‍പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി ഫലകവുമടങ്ങിയതാണ് ഗുരുശ്രീ പുരസ്കാരം.
ഇരുന്നൂറിൽപ്പരം നാടകങ്ങളിലും ഇരുന്നൂറ്റിയൻപത് ആൽബങ്ങളിലും നൂറ്റിയിരുപത്തിയഞ്ചിലധികം ചലച്ചിത്രങ്ങളിലുമായി മൂവായിരത്തിലേറെ ഗാനങ്ങൾ രചിച്ച രാജീവ് ആലുങ്കലിന്റെ അഞ്ച് കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഗാനരചനാ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരത്തിന് മുപ്പത്തിയൊൻപതാം വയസിൽ രാജീവ് അർഹനായി. പ്രണയവും തത്വചിന്തകളും നിറഞ്ഞ അദ്ദേഹത്തിന്റെ കവിതകൾ പരിഗണിച്ചായിരുന്നു പുരസ്കാരം നൽകിയത്.
2003–ൽ പുറത്തിറങ്ങിയ ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെയാണ് രാജീവ് ആലുങ്കൽ സിനിമാ ഗാനരചനയ്ക്ക് തുടക്കം കുറിച്ചത്. തുടർന്ന് വെട്ടം, കനകസിംഹാസനം,അറബിയും ഒട്ടകവും പി.മാധവൻ നായരും, ചട്ടക്കാരി, മല്ലുസിങ്ങ്, റോമൻസ്, സൗണ്ട് തോമ, ഷീടാക്സി, ഹാപ്പി വെഡിംഗ്, തുടങ്ങിയ നൂറിൽ ഏറെ ചിത്രങ്ങൾക്കായി രാജീവ് ഗാനങ്ങൾ എഴുതി. ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം, ഫിലിം ക്രിട്ടിക്സ് പുരസ്കാരം, വയലാർ രാമവർമ്മ പുരസ്കാരം, തുടങ്ങിയ നിരവധി അംഗീകാരങ്ങൾ രാജീവ് ആലുങ്കലിനെ തേടിയെത്തിയിട്ടുണ്ട്.