‘പൂവിളി പൂവിളി പൊന്നോണമായി’; മലയാളികള്‍ ആഘോഷിച്ച ഓണപ്പാട്ടുകളിലൂടെ

Mail This Article
വീണ്ടുമൊരോണക്കാലം. പേമാരിയും മഹാമാരിയും അവശേഷിപ്പിച്ച ദുരിതങ്ങളിലിൽ നിന്നും കരകയറിയിട്ടില്ലെങ്കിലും കാണം വിറ്റും ഓണമുണ്ണണം എന്ന പഴമൊഴിയിൽ വിശ്വസിക്കുന്ന മലയാളി ഉള്ളത് സ്വരുക്കൂട്ടി ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഓണം ഒരുമയുടെ ആഘോഷം കൂടിയാണ്. ആ ഒരുമയ്ക്ക് മാറ്റുകൂട്ടാനായി തിരഞ്ഞെത്തുന്നത് ഓണപ്പാട്ടുകളിലേക്കും. ഗൃഹാതുരത നിറഞ്ഞ ഓണകവിതകളും ഗാനങ്ങളും നിരവധിയുണ്ടെങ്കിലും നമ്മുടെ ആഘോഷങ്ങൾക്ക് മേനി പകരുന്നത് സിനിമാ ഗാനങ്ങൾ തന്നെയാണ്.
മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ ഓണപ്പാട്ട് പാടിയത് കമുകറ പുരുഷോത്തമനും ശാന്ത പി. നായരും ചേർന്നാണ്. മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രമായിരുന്ന 1955ൽ പുറത്തിറങ്ങിയ ‘ന്യൂസ്പേപ്പർ ബോയ്’ എന്ന ചിത്രത്തിലെ ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന ഗാനമാണിത്. എ. രാമചന്ദ്രനായിരുന്നു സംഗീതം. സാധാരണ ജനങ്ങളുടെ ജീവിതം പച്ചയായി ചിത്രീകരിച്ച ചിത്രമായിരുന്നു ന്യൂസ് പേപ്പർ ബോയ്.
പിന്നീട് ഇന്നോളം നിരവധി ഓണപ്പാട്ടുകളാണ് മലയാളികളുടെ ഓണത്തിന് കൂട്ടായെത്തിയത്. 1961ല്‍ പുറത്തുവന്ന ‘മുടിയനായ പുത്രൻ’ എന്ന ചിത്രത്തിൽ പി ഭാസ്കരൻ മാഷ് രചിച്ച് ബാബുരാജ് സംഗീതം പകർന്ന ‘ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി’ എന്ന ഗാനമാണ് പിന്നീട് ശ്രദ്ധാകേന്ദ്രമായത് കവിയൂർ രേവമ്മയാണ് ഈ ഗാനം പാടിയത്. തോപ്പിൽ ഭാസിയുടെ അതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ‘മുടിയനായ പുത്രൻ’.
മലയാളിയുടെ ഗൃഹാതുരതയിൽ എന്നും നിറഞ്ഞു നിൽക്കുന്ന മറ്റൊരു ഗാനമാണ് 1972ൽ ‘ചെമ്പരത്തി’ എന്ന ചിത്രത്തിൽ മാധുരിയും സംഘവും പാടിയ ‘പൂവേ പൊലി പൂവേ’ എന്ന് തുടങ്ങുന്ന ഗാനം. വയലാർ-ദേവരാജൻ കൂട്ട് കെട്ടിന്റെ മനോഹര സൃഷ്ടിയായിരുന്നു ഈ ഗാനം. തുമ്പപ്പൂവേ പൂത്തിരളേ നാളേക്കൊരുവട്ടി പൂ തരണേ' എന്ന വരികളാണ് ഈ ഗാനത്തിന്റെ നാടിഞരമ്പ്.
‘തിരുവോണപ്പുലരിതന് തിരുമുല്ക്കാഴ്ച വാങ്ങാന്’ എന്ന ഗാനം ശ്രീകുമാരൻ തമ്പിയുടെ ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ്. 1975ൽ പുറത്തിറങ്ങിയ തിരുവോണം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. പാടിയത് വാണിജയറാം ആയിരുന്നു. എത്ര കേട്ടാലും മതിവരാതെ മനസ്സിൽ ഗൃഹാതുരത്വം നിറയ്ക്കന്ന ഗാനമാണ് ‘തിരുവോണപ്പുലരിയിൽ’.
1978ൽ പുറത്തിറങ്ങിയ ‘ഈ ഗാനം മറക്കുമോ’ എന്ന സിനിമയിലെ മനോഹരമായാ ഓണപ്പാട്ടാണ് ‘ഓണപൂവേ ഓമൽപ്പൂവേ...’. നിത്യഹരിത നായകൻ പ്രേം നസീർ നായകനായെത്തിയ ഗാനത്തിന് ഈണം പകർന്നത് സലിൽ ചൗധരിയാണ് ഒ.എൻ.വി.കുറുപ്പാണ് വരികളൊരുക്കിയത്. പ്രേംനസീർ കുട്ടനാടന്‍ കായലിലൂടെ ബോട്ടില് പാടിവരുന്ന സീൻ ഇല്ലാതെ ഈ പാട്ട് ഓർക്കാൻ കഴിയില്ല. കേരളക്കരയുടെ തനിമ വിളിച്ചറിയിക്കുന്ന ഈ ഗാനം ഇന്നും മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്നു.
ഇന്നത്തെ തലമുറക്ക് പരിചയമുള്ള ഓണപ്പാട്ടുകളിൽ ഒന്നാമത്തേത് ഓഎൻവി രചിച്ച് സലിൽ ചൗധരി സംഗീതം പകർന്നു യേശുദാസ് ആലപിച്ച ‘ഓണപ്പൂവേ ഓണപ്പൂവേ’ എന്ന ഗാനമാണ്.
സലിൽ ചൗധരിയുടെ മറ്റൊരു ഗാനമായ ‘പൂവിളി പൂവിളി പൊന്നോണമായി’ എന്ന ഗാനം ഇന്നും ഹിറ്റാണ്. ശ്രീകുമാരന്‍ തമ്പിയാണ് ഗാനരചന നിർവ്വഹിച്ചത്. വിഷുക്കണി എന്ന ചിത്രത്തിലെത്താന് ഈ ഗാനം.
പിൽക്കാലത്ത് തരംഗിണിയാണ് ഓണപ്പാട്ടുകൾ ജനപ്രിയമാക്കിയത്. തരംഗിണിയുടെ ആദ്യ ആൽബം മലയാളി രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഒ.എന്‍.വി രചിച്ച് ആലപ്പി രംഗനാഥിന്റെ സംഗീതത്തിലാണ് ആദ്യ ആൽബം പുറത്തിറങ്ങിയത്. പിന്നെ തരംഗിണിയുടെ ഓണപ്പാട്ടുകൾക്കായി കേരളം കാത്തിരിക്കാൻ തുടങ്ങി. നിറയോ നിറനിറയോ’, ‘നാലുമണിപ്പൂവേ’, തുടങ്ങിയ ഗാനങ്ങള്‍ ഏവർക്കും പ്രിയങ്കരങ്ങളാണ്. ‘ഉത്രാടപ്പൂനിലാവേ വാ’, ‘എന്നും ചിരിക്കുന്ന സൂര്യനെ ചെങ്കതിർ’, എന്നുള്ള തരംഗിണിയുടെ ഗാനങ്ങൾ വൻ ഹിറ്റുകളാണ്.
ഒ.എന്‍.വി കുറുപ്പിന്റെ വരികൾക്ക് ജോൺസൺ മാഷ് ഈണം പകർന്നു യേശുദാസ് ആലപിച്ച ‘പൂവേണം പൂപ്പടവേണം’ എന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ ഗാനം വളരെയേറെ ജനപ്രിയമാണ്. ശാരദയും നെടുമുടി വേണുവും പാർവതിയും മത്സരിച്ചഭിനയിച്ച ഗാനമായിരുന്നു ഇത്.
1991 ൽ പുറത്തിറങ്ങിയ ജയറാം അഭിനയിച്ച ‘മുഖച്ചിത്രം’ എന്ന സിനിമയിലെ ‘പൊന്നാവണിവെട്ടം തിരുമുറ്റം മെഴുകുന്നു’ എന്ന ഗാനവും മറ്റൊരു ജനപ്രിയ ഗാനമാണ്, ഒ.എൻ.വി എഴുതി മോഹൻ സിത്താര സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം പാടിയത് യേശുദാസാണ്. തിരുമുറ്റം മെഴുകുന്ന ആവണിവെട്ടവും കളംവരക്കുന്ന മന്ദാരനിഴലും കാറ്റിലിളകുന്ന കരിമ്പിൻ തണ്ടുകളും പൂവും പൂന്തുമ്പികളും പുതിയ കാവും കതിരോലകളും ചേർന്ന ഒ.എൻ.വിയുടെ തനത് ഓണ ബിംബങ്ങൾ നിറഞ്ഞതാണ് ഈ ഗാനം.
1997ലെ ‘സൂപ്പർമാൻ’ എന്ന സിനിമയിലെ ‘ഓണത്തുമ്പീ പാടൂ’ എന്ന ഗാനം മറ്റൊരു ജനപ്രിയ ഓണപ്പാട്ടാണ്. എസ്. രമേശൻ നായരുടെ രചനയിൽ എസ്. പി. വെങ്കിടേഷ് ഈണം നൽകിയ ഗാനം പാടിയത് യേശുദാസ് ആണ്.
‘ഓണപ്പാട്ടിൽ താളം തുള്ളും തുമ്പപ്പൂവേ...’ പുതിയ കാലത്തിന്റെ ചടുലതയും ഉത്സാഹവും നിറഞ്ഞു നിൽക്കുന്ന പാട്ടാണ് 2004ൽ പുറത്തിറങ്ങിയ ക്വട്ടേഷൻ എന്ന ചിത്രത്തിലെ ഈ ഗാനം ബ്രജേഷ് രാമചന്ദ്രന്റെ വരികൾക്ക് സബീഷ് ജോർജ് സംഗീതം പകർന്ന് സബീഷ് ജോർജ്ജ് തന്നെ ആലപിച്ച ഗാനമാണിത്. തുമ്പപ്പൂവും ഓണക്കോടിയും ഓണസദ്യയും എന്നുവേണ്ട ഓണത്തിന്റെ എല്ലാ ആരവങ്ങളും നിറഞ ഒരു ഗാനമായിരുന്നു ഇത്.
ന്യൂ ജനറേഷനും ഓണപ്പാട്ടുകൾ ആവേശത്തോടെ വരവേൽക്കുന്നുണ്ടെന്നതിന്റെ തെളിവാണ് 2016ൽ റിലീസായ ‘ജേക്കബിന്റെ സ്വർഗരാജ്യം’ എന്ന സിനിമയിലെ ‘തിരുവാവണി രാവ്’ എന്നു തുടങ്ങുന്ന ഗാനം. യുവ ഗാനരചയിതാക്കളിൽ ശ്രദ്ധേയനായ മനു മഞ്ജിത്ത് എഴുതി ഷാൻ റഹ്മാൻ സംഗീതം പകർന്ന് ഉണ്ണി മേനോനും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രവാസികളുടെ ഓണപ്പാട്ടാണ് തിരുവാവണി രാവ്. നാടും വീടും വിട്ട് അന്യ നാട്ടിൽ കഷ്ടപ്പെടുന്ന മലയാളികൾ തിരുവോണ ദിവസം എല്ലാ പ്രയാസങ്ങളും മറന്ന് ഓണം ആഘോഷിക്കാറുണ്ട് അങ്ങനെ ഒരു ഓണാഘോഷം സംഘടിപ്പിക്കുന്നതിനിടയിൽ പാടുന്ന പാട്ടായിട്ടാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടുത്തോളം ഓണപ്പാട്ടില്ലാതെ ഓണം പൂർണ്ണമാകില്ല. ഇന്ന് ആഘോഷങ്ങളും ഉത്സവങ്ങളും പേരിനു മാത്രമായെങ്കിലും ഓണമാകുമ്പോൾ ഓണപ്പുടവയും പൂക്കളവും ഓണസദ്യയുമായി ഓണം ആഘോഷിക്കാൻ മലയാളി മുമ്പിലുണ്ടാകും. ഏതു നാട്ടിലായാലും തിരുവോണ ദിവസം ഒരു ചെറിയ സദ്യ ഒരുക്കാൻ മറക്കാത്ത മലയാളിക്ക് ഓണാഘോഷങ്ങൾ പൂർണമാകണമെങ്കിൽ ഓണപ്പാട്ടുകൾ കൂടിയേ തീരു. ഓണപ്പാട്ടുകളിൽ ഇന്നും പ്രിയമേറുന്നത് പഴയകാല ഓണപ്പാട്ടുകൾ തന്നെയാണ്.