‘തണ്ടൊടിഞ്ഞ താമര’യുമായി സയനോര: ‘ആഹാ’ വിഡിയോ ഗാനം

Mail This Article
ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടം വലി പ്രമേയമായ ‘ആഹാ’യിലെ പ്രണയഗാനം റിലീസ് ചെയ്തു. ഗായികയായ സയനോര ഫിലിപ് സംഗീതം നൽകിയ ‘തണ്ടൊടിഞ്ഞ താമര’ എന്ന ഗാനമാണ് അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്. വിജയ് യേശുദാസും സയനോരയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സയനോര തന്നെയാണ് വരികൾ എഴുതിയിരിക്കുന്നതും.
ഇന്ദ്രജിത്തും ശാന്തി ബാലചന്ദ്രനുമാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ എത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾക്ക് ഇൗണം പകർന്നിരിക്കുന്നതും സയനോര തന്നെ. സയനോര സംഗീതസംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
വ്യത്യസ്ത തരത്തിലുള്ള നാല് പാട്ടുകളാണ് ആഹായിൽ ഉള്ളത്. അഹായുടെ തീം സോങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു.
സാസാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ചിത്രമാണ് ആഹാ. കേരളത്തിന്റെ തനതു കായിക വിനോദമായ വടംവലിയെ ആധാരമാക്കി സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരാണ് ‘ആഹാ’യിലെ മറ്റു പ്രധാന താരങ്ങൾ.