‘ഉള്ളിൽ ഒരു വല്ലായ്മ, ശ്വാസം ഉള്ളിടത്തോളം കാലം മറക്കാനാവില്ല’; വേദനയോടെ സിതാര

Mail This Article
സംഗീതസംവിധായകൻ എൻ.പി.പ്രഭാകരന്റെ അപ്രതീക്ഷിത വേർപാടിൽ വേദനിച്ച് ഗായിക സിതാര കൃഷ്ണകുമാർ. ഒരുപാട് അറിവുകൾ പകർന്നു നൽകിയ ആളാണ് അദ്ദേഹമെന്നും ഒരിക്കലും മറക്കാനാകില്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘എന്ത് എങ്ങനെ എഴുതണം എന്നുപോലും മനസ്സിലാകുന്നില്ല! പകർന്നു തന്ന ഒരു കുന്ന് അറിവിന്, അനുഗ്രഹങ്ങൾക്ക്, തിരുത്തലുകൾക്ക്, ഓർമകൾക്ക്, പാഠങ്ങൾക്ക്.... ശ്വാസം ഉള്ളിടത്തോളം കാലം മറക്കാനാവാത്ത അത്രയും സ്നേഹം, കടപ്പാട്, ബഹുമാനം! ഉള്ളിൽ വല്ലാത്തൊരു വല്ലായ്മ. പ്രണാമം’ എന്നാണ് സിതാര സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ഇന്നലെയാണ് പ്രശസ്ത സംഗീത സംവിധായകനും കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ എൻ.പി.പ്രഭാകരൻ അന്തരിച്ചത്. ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്നായിരുന്നു അന്ത്യം. സിതാര അടക്കം ഒട്ടേറെപ്പേർക്ക് സംഗീത ലോകത്തേക്കു വഴികാട്ടിയത് അദ്ദേഹമാണ്. പൂനിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ്മ, ഇവൾ ദ്രൗപദി, അനുയാത്ര തുടങ്ങിയ സിനിമകൾക്കു വേണ്ടി സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.