‘ഇതിന്റെ പകുതിയെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ’: മോഹൻലാലിന്റെ ഡാൻസിനെ പുകഴ്ത്തി ഷാറുഖ്

Mail This Article
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന്റെ ചടുലനൃത്തച്ചുവടുകളെ പ്രശംസിച്ച് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ. വനിത ഫിലിം അവാർഡ്സ് വേദിയിൽ മോഹൻലാൽ അവതരിപ്പിച്ച നൃത്തത്തിന്റെ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചുകൊണ്ടാണ് ഷാറുഖിന്റെ അഭിനന്ദനക്കുറിപ്പ്. ഷാറുഖ് നായകനായ ജവാൻ എന്ന സിനിമയിലെ ‘സിന്ദ ബാന്ദ’പാട്ടിനൊപ്പമായിരുന്നു മോഹൻലാലിന്റെ തകർപ്പൻ പ്രകടനം.
‘നന്ദി മോഹൻലാൽ സർ, ഈ ഗാനം എനിക്ക് ഏറ്റവും സ്‌പെഷൽ ആക്കിത്തന്നതിന്. താങ്കൾ ചെയ്തിന്റെ പകുതിയെങ്കിലും നന്നായി എനിക്കു ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. ലവ് യു സർ. വീട്ടിൽ ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു’ ഷാറുഖ് കുറിച്ചു.
അറ്റ്ലീ സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ജവാൻ’. ചിത്രത്തിലെ ‘സിന്ദ ബാന്ദ’ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ കോടിക്കണക്കിനു പ്രേക്ഷകർ കണ്ടിരുന്നു. അടിമുടി ഷാറുഖ് തരംഗം നിറയുന്ന ഗാനം ഈണം പകർന്നാലപിച്ചത് അനിരുദ്ധ് രവിചന്ദർ ആണ്. ഇർഷാദ് കാമിൽ പാട്ടിനു വരികളെഴുതി.
‘സിന്ദ ബാന്ദ’യ്ക്കൊപ്പമുള്ള മോഹൻലാലിന്റെ തകർപ്പൻ ചുവടുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ അസാമാന്യ ചുവടുകൾ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ. മോഹൻലാലിന്റെ മെയ്‌വഴക്കവും പ്രായത്തെ തോൽപ്പിക്കും നാട്യവൈഭവവും പ്രേക്ഷകരെ അതിശയിപ്പിക്കുന്നു. പരിപാടിയിൽ ‘ജയിലര്‍’ എന്ന രജനികാന്ത് ചിത്രത്തിലെ ‘ഹുകും’ പാട്ടിനൊപ്പവും മോഹൻലാൽ ചുവടുവച്ചു.