ആത്മീയ ചൈതന്യം നിറച്ച് ‘സ്വർഗവാതിൽ’; പുത്തൻപള്ളി കൂട്ടായ്മ ഒരുക്കിയ സംഗീത ആൽബം ശ്രദ്ധ നേടുന്നു

Mail This Article
ആത്മീയ ചൈതന്യം തുളുമ്പുന്ന പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയുടെ ചരിത്രപ്രാധാന്യം ഉൾപ്പെടുത്തി വിശ്വാസദീപ്തി ഉണർത്തുന്ന ഗാനങ്ങളുമായി തൃശ്ശൂർ പുത്തൻപള്ളി കൂട്ടായ്മ. ബസിലിക്കയുടെ മനോഹാരിതയും ചരിത്രവും തൃശ്ശൂർ നഗരക്കാഴ്ചകളും ഉൾപ്പെടുത്തിയ സ്വർഗവാതിൽ മുട്ടിനിൽക്കും ദൈവാലയം, നൊവേനയ്ക്കുവേണ്ടിയുള്ള വ്യാകുലമുറിവുകൾ എന്നീ ഗാനങ്ങളടങ്ങിയ ‘സ്വർഗവാതിൽ’ എന്ന ക്രിസ്ത്യൻ സംഗീത ആൽബമാണ് പ്രേക്ഷകർക്കരിൽ എത്തിയത്.
റവ.ഡോ.ജിഫി മേക്കാട്ടുകുളം ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നു. അലൻ ജോസഫ് സിബി ആണ് സംവിധായകൻ. ക്രിസ്തീയ ഭക്തിഗാന ശാഖയിലെ ശ്രദ്ധേയ സാന്നിധ്യമായ കെസ്റ്റർ ഗാനങ്ങൾ അതിമനോഹരമായി ആലപിച്ചു. ഹരിമുരളി ചിത്രീകരണവും സച്ചിൻ സത്യ എഡിറ്റിങ്ങും നിർവഹിച്ച ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. പാട്ടുകൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു.
പുത്തൻപള്ളിയുടെ ശതാബ്ദിയാഘോഷവേളയിലാണു ഗാനങ്ങൾ ചിത്രീകരണമടക്കം നിർവഹിച്ചത്. സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്‍റെ 15-ാമതു മെത്രാഭിഷേക വാർഷികദിനത്തിൽ സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽവച്ച് മേജർ ആർച്ച്ബിഷപ്പിന് ആൽബത്തിന്‍റെ പ്രൊഡക്‌ഷൻ കോ ഒാർഡിനേറ്റർ ജോൺ വേലൂക്കാരൻ സിഡി കൈമാറി ആൽബത്തിന്‍റെ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബസിലിക്ക റെക്ടർ ഫാ.തോമസ് കാക്കശേരി തുടങ്ങിയവർ പങ്കെടുത്തു.
ഗോത്തിക് വാസ്തുശൈലിയിൽ പണിതീർത്ത പുത്തൻപള്ളിയുടെ മണിഗോപുരങ്ങളും പള്ളിക്കുള്ളിലെ ചുമർചിത്രങ്ങളും ആൽബത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നു. പള്ളിയോടു ചേർന്നുള്ള ഏഷ്യയിലെ മൂന്നാമത്തെ ഉയരം കൂടിയ കെട്ടിടമായ ബൈബിൾ ടവറിനുള്ളിൽ സൂക്ഷിച്ചിട്ടുള്ള വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, മുൾകിരീടം തുടങ്ങിയവയും ദൃശ്യങ്ങളിലുണ്ട്.