സിനിമാക്കഥകൾ ബിസിനസ്മയം

Mail This Article
സിനിമക്കാർക്കൊരു വഴി തുറന്നു കിട്ടിയതുപോലുണ്ട്. അധോലോക കഥകളിൽ നിന്നൊരു മോചനം. ബിസിനസ് ആകുന്നു പുതിയ പ്രമേയം! നായകനും വില്ലനുമെല്ലാം ബിസിനസുകാർ. അവരുടെ കിടമൽസരങ്ങളും കുടിപ്പകകളും വെട്ടിപ്പിടിത്തങ്ങളുമെല്ലാം ചേരുമ്പോൾ ഹിറ്റ് പടത്തിനുള്ള മസാലകളെല്ലാം തികഞ്ഞു.
അടുത്തകാലത്തെ സൂപ്പർ ഹിറ്റുകളെ നോക്കിയേ–കന്നഡ പടമായ കെജിഎഫിൽ കോലാർ സ്വർണഖനിയിലെ ഖനന ഗ്രൂപ്പുകളുടെ കുടിലതന്ത്രങ്ങളാണു വിഷയം. അല്ലു അർജുന്റെ തെലുങ്ക് പടം പുഷ്പയിൽ രക്തചന്ദനം കാട്ടിൽ നിന്നു വെട്ടലും, തുറമുഖത്ത് എത്തിച്ച് കണ്ടെയ്നറുകൾ വഴി കടത്തുമാണു വിഷയം. ഇതു ചെയ്യുന്നവരെയെല്ലാം വെട്ടി നായകൻ പുഷ്പ ആധിപത്യം സ്ഥാപിക്കുന്നു.
പളപളപ്പുള്ള കമ്പനി ഹെഡ് ഓഫിസ്, ഓഹരി ഉടമകളുടെ യോഗം, ബോർഡ് യോഗം, ചെയർമാന്റെ ഓഫിസ്, കോട്ടിട്ട എക്സിക്യൂട്ടീവുകൾ, ആഡംബരകാറുകൾ, പ്രൈവറ്റ് ജറ്റുകൾ...ഇമ്മാതിരി കോർപറേറ്റ് ചേരുവകളെല്ലാം ഇത്തരം പടങ്ങളിലുണ്ട്. സൂപ്പർ സ്റ്റാറുകൾക്ക് പലതരം മിടുക്കുകൾ കാണിക്കാനുള്ള വേദിയാക്കി മാറ്റുകയാണ് ബിസിനസ് ലോകത്തെയാകെ. പൊങ്കലിന് ഇറങ്ങിയ തമിഴ് പടങ്ങളായ തുനിവും വാരിസും ഉദാഹരണം.
തുനിവിൽ ബാങ്ക് കൊള്ളയും വെടിവയ്പുമായി തല അജിത് മുന്നേറുമ്പോൾ ബാങ്കിന്റെ മ്യൂച്വൽ ഫണ്ട്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ ഓരോന്നായി പുറത്തു വരുന്നു. തട്ടിപ്പ് മ്യൂച്വൽ ഫണ്ട് ഇറക്കി വിറ്റ് 25000 കോടി തട്ടിച്ചത്രെ. ഇതൊക്കെ വെറും സിനിമാക്കഥയല്ലേ എന്നു പറഞ്ഞു തള്ളാനാവാത്തവിധം കുറേ വസ്തുതകളുണ്ട്.
ദളപതി വിജയിന്റെ വാരിസ് ബിസിനസ് കുടുംബ കഥയാണ്. വാരിസ് എന്നാൽ അവകാശി. പുറപ്പെട്ടു പോയ മുടിയനായ ഇളയ പുത്രൻ മടങ്ങി വരുമ്പോൾ കമ്പനി ആകെ കുളമാണ്. പയ്യൻ ഹാർവഡ് എംബിഎക്കാരനാണ്. സ്റ്റാർട്ടപ് കമ്പനി തുടങ്ങി ഉലകം ചുറ്റി നടക്കുകയാണ്. കുട്ടനാട്ടിലും വരുന്നുണ്ട്. യഥാർഥ ജീവിതത്തിലും ഇമ്മാതിരി കഥാപാത്രങ്ങളേറെയുണ്ടിപ്പോൾ.
ഖനന ബിസിനസിന്റെ നൂലാമാലകളാണു പിന്നെ. ചെയർമാനായ അച്ഛൻ ചേട്ടൻമാരെ തഴഞ്ഞ് ഇളയ മകനെ അവകാശിയാക്കുന്നു. ഗുണ്ടകളെ ഇടിച്ചു പറത്തുന്നതിനൊപ്പം ബോർഡ് റൂം ഡ്രാമയുമുണ്ട്. വിജയ് ഒടുവിൽ എല്ലാം ‘കോംപ്ലിമെന്റ്സാക്കും’ എന്നു പ്രത്യേകം പറയേണ്ടല്ലോ.
മലയാളത്തിലും ബിസിനസ് സിനിമകളുണ്ട്– ജയസൂര്യയുടെ പുണ്യാളൻ അഗർബത്തീസ് ഉദാഹരണം. ആനപ്പിണ്ടത്തിൽ നിന്ന് അഗർബത്തീസ് ഉണ്ടാക്കുന്ന ചെറുകിട വ്യവസായമാണ്. ബിസിനസ് കുടുംബത്തിലെ പ്രതിസന്ധികളാണ് ജേക്കബിന്റെ സ്വർഗരാജ്യം, ജോമോന്റെ സുവിശേഷം എന്നീ സത്യൻ അന്തിക്കാട് പടങ്ങളിൽ. പഴയ കാലത്ത് വെള്ളാനകളുടെ നാടിലും വരവേൽപ്പിലും മലയാളി സംരംഭകന്റെ പങ്കപ്പാടുകൾ അവതരിപ്പിച്ചത് പ്രശസ്തം.
ഒടുവിലാൻ∙സാക്ഷാൽ അംബാനിയുടെ കുടുംബത്തിന്റെ കഥ മണിരത്നം സിനിമയാക്കിയതാണ് ഗുരു. എംഡിയുടെ സെക്രട്ടറി മോണിക്ക കള്ളഗർഭം പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യുന്നതാണ് ഹിന്ദി പടം മോണിക്ക മൈ ഡാർലിങ്!