ADVERTISEMENT

ന്യൂഡൽഹി∙ ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ് തുടങ്ങിയവയ്ക്കു ബദലായി ഇന്ത്യ തദ്ദേശീയമായ വെബ് ബ്രൗസർ വികസിപ്പിക്കുന്നു. അടുത്ത വർഷം അവസാനത്തോടെ യാഥാർഥ്യമാകും. കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിൽ ബെംഗളൂരു സി–ഡാക് ആണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. പൗരന്മാരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനാണ് നീക്കം. വെബ്സൈറ്റുകൾ തുറക്കാനായി മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവയിലടക്കം ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറാണ് വെബ് ബ്രൗസർ.

എല്ലാ പ്രാദേശിക ഭാഷകളെയും ഇന്ത്യൻ ബ്രൗസർ പിന്തുണയ്ക്കും. ബ്രൗസർ വികസിപ്പിക്കാനായി സ്റ്റാർട്ടപ്പുകൾ, കമ്പനികൾ, വ്യക്തികൾ തുടങ്ങിയവർക്കായി കേന്ദ്രം വെബ് ബ്രൗസർ ചാലഞ്ച് ആരംഭിച്ചു. ഒന്നാമതെത്തുന്ന ടീമിന് ഒരു കോടി രൂപയാണ് സമ്മാനം.

രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 75 ലക്ഷം, 50 ലക്ഷം രൂപ എന്നിങ്ങനെ ലഭിക്കും. ക്രിപ്റ്റോ ടോക്കൺ ഉപയോഗിച്ച് ഡോക്യുമെന്റുകളിൽ ഡിജിറ്റൽ സൈൻ ചെയ്യാനും സൗകര്യമുണ്ടാകും. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന പേരന്റൽ കൺട്രോൾ വെബ് ഫിൽറ്റർ, കുട്ടികൾക്ക് അനുയോജ്യമായ ചൈൽഡ് ഫ്രെൻഡ്‍ലി ബ്രൗസിങ് അടക്കമുള്ള സൗകര്യങ്ങളുണ്ടാകും.

 ഐഡിയ രൂപപ്പെടുന്ന ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 18 ടീമുകൾക്ക് 2 ലക്ഷം രൂപ വീതവും പ്രാഥമിക രൂപ (പ്രോട്ടോടൈപ്പ്) വികസിപ്പിക്കുമ്പോൾ 8 ടീമുകൾക്ക് 10 ലക്ഷം രൂപ വീതവും നൽകും. 

പങ്കെടുക്കാൻ: pkiindia.in/iwbdc/

പ്രതിരോധ മന്ത്രാലയം ‘മായ’യിലേക്ക്

ന്യൂഡൽഹി∙ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എല്ലാ കംപ്യൂട്ടറുകളും ഇക്കൊല്ലം അവസാനത്തോടെ വിൻഡോസിനു പകരം പ്രാദേശികമായി വികസിപ്പിച്ച മായ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് (ഒഎസ്) മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ (ലിനക്സ്) പരിഷ്കരിച്ച പതിപ്പാണ് മായ ഒഎസ്.

Content Highlight: India to develop an indigenous web browser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com