ADVERTISEMENT

താരങ്ങളും ആരാധകരും ഒന്നിച്ചുതീർക്കുന്ന ആവേശത്തിരയാണു കായികമത്സരങ്ങൾ. കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മലയാള മനോരമ സ്പോർട്സ് അവാർഡുകളുടെ ഉന്നതമായ ലക്ഷ്യവും ഈ കൈകോർക്കൽ തന്നെ. പോയ വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച കായിക താരത്തെ വോട്ടെടുപ്പിലൂടെ ആരാധകർതന്നെ തിരഞ്ഞെടുക്കുകയാണ്. കായികതാരങ്ങളും പരിശീലകരും ഉൾപ്പെടുന്ന വിദഗ്ധസമിതിയുടെ നിർദേശങ്ങളും വിലയിരുത്തലും ആ തിരഞ്ഞെടുപ്പിനു വഴികാട്ടിയാകുന്നു. ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിന്റെ സാന്നിധ്യം പകിട്ടേകിയ ഇത്തവണത്തെ മനോരമ സ്പോർട്സ് അവാർഡും ഇതിനു സാക്ഷ്യമാകുന്നു.

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ വെങ്കലമെഡൽ    നേട്ടത്തിനു കാവലാളായ മലയാളി ഗോൾകീപ്പർ പി.ആർ.ശ്രീജേഷിനാണ് മനോരമ സ്പോർട്സ് സ്റ്റാർ 2020–21 പുരസ്കാരം. രാജ്യത്തിനു നൽകിയ ഹർഷോന്മാദത്തിന് കായികകേരളം ശ്രീജേഷിനു തിരിച്ചു നൽകുന്ന കടപ്പാടാണ് ഈ പുരസ്കാരം. സമീപകാലത്ത് കേരള വനിതാ വോളിബോൾ‌ ടീം കൈവരിച്ച നേട്ടങ്ങളിലെല്ലാം പങ്കാളിയായ എസ്.സൂര്യ, ദേശീയതലത്തിൽ വനിതാ ഫുട്ബോളിൽ കേരളത്തിന്റെ അഭിമാനസാന്നിധ്യമായ കെ.വി.അതുല്യ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. 2 വനിതാ താരങ്ങൾ ഇത്തവണ പുരസ്കാരത്തിന്റെ ഫൈനലിലെത്തി എന്നതും പ്രചോദനാത്മകമായ കാര്യമാണ്. മുഖ്യാതിഥിയായ വിശ്വനാഥൻ ആനന്ദ് പറഞ്ഞതുപോലെ, പി.ടി.ഉഷയിലൂടെയും അഞ്ജു ബോബി ജോർജിലൂടെയും മുന്നേറിയ കേരളത്തിന്റെ കായികരംഗത്തെ വനിതാതിളക്കം മങ്ങിപ്പോകുന്നില്ല എന്നതിന്റെ മുദ്രയാണിത്.  

കായികതാരങ്ങൾക്ക് അംഗീകാരങ്ങൾ ലഭിക്കുമ്പോഴും പലപ്പോഴും വിസ്മരിക്കപ്പെട്ടു പോകുന്നവയാണ് അവരെ വളർത്തി വലുതാക്കിയ ക്ലബ്ബുകളും അക്കാദമികളും. ഇതിനുള്ള പരിഹാരം എന്ന രീതിയിലാണ് സ്പോർട്സ് സ്റ്റാർ പുരസ്കാരത്തോടൊപ്പം സ്പോർട്സ് ക്ലബ് പുരസ്കാരങ്ങളും മനോരമ ഏർ‌പ്പെടുത്തിയത്. നീന്തൽ, വാട്ടർപോളോ തുടങ്ങിയ ഇനങ്ങളിൽ ഒട്ടേറെ ദേശീയ, രാജ്യാന്തര താരങ്ങളെ സൃഷ്ടിച്ച തിരുവനന്തപുരം തിരുവല്ലത്തെ യങ് മെൻസ് അസോസിയേഷനാണ് 2020–21 വർഷങ്ങളിൽ കേരളത്തിലെ മികച്ച സ്പോർട്സ് ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടത്. ഫുട്ബോൾ അക്കാദമികളായ തൃശൂരിലെ പറപ്പൂർ എഫ്സി, പാലക്കാട് എടത്തനാട്ടുകരയിലെ ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഈ മൂന്നു ക്ലബ്ബുകളും ഗ്രാമീണ മേഖലയിൽ നിന്നുള്ളതാണെന്നതാണ് എടുത്തുപറയേണ്ട കാര്യം. നമ്മുടെ നാട്ടിൻപുറങ്ങളിലെ കായികോർജം ഇനിയും ചോർന്നു പോയിട്ടില്ല എന്നതിന്റെ തെളിവാണിത്. 

കായികതാരങ്ങൾക്ക് അഭിമാനനേട്ടങ്ങളിലേക്ക് പ്രോത്സാഹനമാവുക എന്ന ലക്ഷ്യത്തോടെയാണ് സാന്റ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മനോരമ ഈ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. നാലാം പതിപ്പ് പിന്നിടുമ്പോൾ ഈ ദൗത്യത്തിനു ലഭിക്കുന്ന പിന്തുണ കേരളത്തിന്റെ കായികാവേശത്തിനു തുടർതെളിവു നൽകുന്നു. എന്നാൽ, ഇത്തരം പ്രോത്സാഹനങ്ങൾക്കൊപ്പം കളിക്കാർക്കു വളർന്നുവരാനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കടുത്ത മത്സരം നിലനിൽക്കുന്ന രാജ്യാന്തര കായികവേദികളിൽ നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ താരങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചാൽ മാത്രം പോരാ, തികച്ചും ആധുനികമായ സൗകര്യങ്ങളും പ്രഫഷനലായ സാഹചര്യങ്ങളും തന്നെ കിട്ടണം. സർക്കാരും കായികസംഘാടകരുമെല്ലാം ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയൂന്നേണ്ടതുണ്ട്. 

ഒളിംപിക്സ് മെഡൽ പോഡിയത്തിലേക്കു നടന്നുകയറിയ പി.ആർ.ശ്രീജേഷിനുള്ള അംഗീകാരം എന്നതിനൊപ്പം, കേരളത്തിലെ ഭാവിതാരങ്ങളിലുള്ള പ്രതീക്ഷയുടെ അടയാളം കൂടിയാണ് മനോരമ സമർപ്പിക്കുന്ന ഈ കായിക പുരസ്കാരങ്ങൾ; ശ്രീജേഷിനെപ്പോലുള്ള താരങ്ങളെ വളർത്തിയെടുക്കുന്ന നമ്മുടെ കളിക്കൂട്ടങ്ങൾക്കുള്ള കയ്യടിയും.

 

English Summary: Manorama sports awards

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com