ADVERTISEMENT

തിരഞ്ഞെടുപ്പിനെക്കാൾ വലിയ ചൂട് ശരീരത്തിലനുഭവിക്കുകയാണ് മലയാളിയിപ്പോൾ. മാർച്ച് ആയപ്പോഴേക്കുതന്നെ കേരളം വലിയൊരു വറചട്ടിയായിരിക്കുന്നു. വിണ്ടുതുടങ്ങിയ കാലുകളോടെ നാടാകെ കൊടുംചൂടിലേക്കും കഠിനവരൾച്ചയിലേക്കും നടന്നടുക്കുമ്പോൾ ജനജീവിതം അങ്ങേയറ്റം ദുസ്സഹമായിത്തുടങ്ങി.

ജലപാഠങ്ങൾ മറന്നതുകൊണ്ടുള്ള ശിക്ഷകൂടി അനുഭവിക്കുകയാണ് കേരളമെന്നു പറയാം. കടുത്ത ജലക്ഷാമം നേരിടുന്ന ബെംഗളൂരു തരുന്ന മുന്നറിയിപ്പ് നമുക്കുകൂടിയുള്ളതാണ്. ജല ഉപയോഗം സംബന്ധിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അനുദിനം വർധിക്കുകയാണ് ബെംഗളൂരുവിലെ ജലക്ഷാമം. 40 വർഷത്തിനിടെ കർണാടക ഇത്തരമൊരു വരൾച്ചയെ നേരിട്ടിട്ടില്ലെന്നും അടുത്ത നാലു മാസം ഏറെ നിർണായകമാണെന്നും അധികൃതർ പറയുന്നു. ബെംഗളൂരു നഗരത്തിലെ 13,900 കുഴൽക്കിണറുകളിൽ പകുതിയിലേറെ പൂർണമായും വറ്റിവരണ്ടുകഴിഞ്ഞു. തമിഴ്നാട്ടിലും പല നഗരങ്ങളും രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലാണ്.

ജലസാക്ഷരത ജീവിതദൗത്യവും മുദ്രാവാക്യവുമായി ഏറ്റെടുക്കാൻ നാടാകെ കൈകോർക്കേണ്ടതുണ്ടെന്ന് ഈ വരൾച്ചക്കാലം പതിവുപോലെ കേരളത്തെ ഓർമിപ്പിക്കുന്നു.

ലഭ്യമായ മഴവെള്ളം ലാഭിച്ചെടുത്തുവയ്ക്കണമെന്ന അടിസ്ഥാന സന്ദേശം ഗൗരവത്തോടെയെടുക്കാൻ ഇനിയും വൈകിക്കൂടാ. 2018ലും പിറ്റേവർഷവും അതിതീവ്രമായ പ്രളയം നേരിട്ട കേരളം അതിനുമുൻപു നാം നേരിടേണ്ടിവന്ന വരൾച്ചകൾ മറന്നുപോകുകയും ജലസംരക്ഷണപ്രവർത്തനങ്ങൾ കൈവിട്ടുകളയുകയും ചെയ്തുവെന്നതാണു യാഥാർഥ്യം.

മാലിന്യംതള്ളലും അനിയന്ത്രിതമായ മണൽവാരലും പുഴകയ്യേറ്റവും അനധികൃത പാടംനികത്തലുമൊക്കെയായി ജലാശയങ്ങളെ കൊന്നൊടുക്കുന്ന ശീലം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വരൾച്ചയുടെ അയൽസാക്ഷ്യങ്ങൾ നമുക്കു പറഞ്ഞുതരുന്നുണ്ട്. 44 നദികളുണ്ടെന്നു നാം മേനിപറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും അവയിൽ പലതും വർഷങ്ങളായി വേനൽത്തുടക്കത്തിൽത്തന്നെ വറ്റിവരളാൻ തുടങ്ങുന്നു. ഇതോടൊപ്പമാണ് ഭൂഗർഭജലത്തിന്റെ ദൗർലഭ്യവും.

വേനൽച്ചൂടിനെയും വരൾച്ചക്കെടുതികളെയും അകറ്റിനിർത്താനുള്ള മാർഗങ്ങൾ നമ്മുടെ ജലസാക്ഷരതയ്‌ക്കു പറഞ്ഞുതരാനാവും. കേരളത്തിന്റെ ജലസമൃദ്ധി തിരിച്ചുപിടിക്കുക എന്നതുതന്നെയാണു നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജലസംഭരണത്തിനും സംരക്ഷണത്തിനുമായി നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. നിയന്ത്രിച്ചുമാത്രം വെള്ളം ഉപയോഗിക്കേണ്ടതിന്റെയും ജലസംരക്ഷണത്തിന്റെയും പാഠങ്ങൾ കുട്ടികളിലേക്കും വിദ്യാലയങ്ങളിലേക്കും എത്തിക്കുകയുംവേണം. ജലത്തിന്റെ മിതമായ ഉപയോഗം, ജലസ്രോതസ്സുകളുടെ സംരക്ഷണം, മഴവെള്ള സംഭരണം, പരിസ്ഥിതി സംരക്ഷണം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കാനും കർമപഥത്തിലെത്തിക്കാനും 2004ലെ കൊടുംവേനലിൽ മലയാള മനോരമ ആരംഭിച്ച ‘പലതുള്ളി’ എന്ന ഉദ്യമം ജലദിശയിലുള്ള ജനകീയമുന്നേറ്റമായിരുന്നു.

ജലസംരക്ഷണത്തിലൂടെയും മഴവെള്ള സംഭരണത്തിലൂടെയും ഇതിനകം ജലലഭ്യത ഉറപ്പുവരുത്തിയ പല പഞ്ചായത്തുകളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. വ്യക്തികളും കുടുംബങ്ങളും വിദ്യാലയങ്ങളും വീട്ടുകൂട്ടായ്മകളും ജലസംരക്ഷണമെന്ന ആശയം ഏറ്റെടുത്തു നടപ്പാക്കുന്നത് ശുഭപ്രതീക്ഷയിലേക്കു ചാലു കീറുകയും ചെയ്യുന്നു. ജനകീയ മുന്നേറ്റങ്ങളുടെ പല വിജയകഥകളും ഇന്നു സംസ്ഥാനത്തിനു പറയാനുണ്ട്. ഈ ജലവിജയങ്ങൾ കേരളമാകെ നിറയണമെന്ന ലക്ഷ്യത്തോടെയാണ് നാം മുന്നോട്ടുനീങ്ങേണ്ടത്.

കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാൻ നമുക്കാവില്ലെങ്കിലും വറചട്ടിക്കു സമാനമായ തീച്ചൂടിന്റെ ആഘാതം കുറയ്ക്കാനെങ്കിലും സർക്കാരും സമൂഹവും ഒത്തുചേർന്നു വിചാരിച്ചാൽ കഴിയുമെന്നു തീർച്ച. അടുത്ത കാലവർഷത്തെ സ്വാഗതം ചെയ്യുമ്പോഴെങ്കിലും ജലസംഭരണത്തിനും ഭൂജലപരിപോഷണത്തിനും പൂർണമനസ്സോടെ നാം തയാറാകേണ്ടതുണ്ട്. കുളങ്ങൾ ജലസംഭരണത്തിന് ഉപയുക്തമാക്കുന്നതും കിണറ്റിലേക്കു മഴവെള്ളമിറക്കി റീചാർജ് ചെയ്യുന്നതുമെല്ലാം വ്യാപകമാക്കേണ്ടതുണ്ട്. എല്ലാ കെട്ടിടങ്ങളിലും പുരപ്പുറ ജലസംഭരണം നടക്കേണ്ടതുണ്ടെന്നും അതെക്കുറിച്ചുള്ള നാടുണർത്തൽ നിരന്തരം ഉണ്ടാകണമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പൊതുസമൂഹത്തിന്റെ ജല–പരിസ്ഥിതി അവബോധത്തിനപ്പുറം തദ്ദേശസ്ഥാപനങ്ങളുടെ മുഖ്യ അജൻഡയിലേക്കു ജലസ്രോതസ്സുകളുടെ ശുദ്ധി ഉറപ്പാക്കലും സംരക്ഷണവും പുനരുജ്ജീവനവും കടന്നുവരികയുംവേണം.

English Summary:

Editorial about water crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com