എത്രകാലം ഞങ്ങളെ തെരുവിൽ നിർത്താനാകും?

Mail This Article
തിരുവനന്തപുരം നെട്ടയം സ്വദേശിയും വട്ടിയൂർക്കാവ് പിഎച്ച്സിയിലെ ആശാ പ്രവർത്തകയുമായ എസ്.കെ.സുജ (49) തന്റെ തീക്ഷ്ണമായ ജീവിതസാഹചര്യങ്ങളെ നേരിട്ടാണ് സമരത്തിൽ പങ്കെടുക്കുന്നത്. രണ്ടു മക്കളും രോഗികളായ മാതാപിതാക്കളും തളർന്നു കിടക്കുന്ന സഹോദരന്റെ കുടുംബവും സുജയുടെ സംരക്ഷണയിലാണ്. ഓണറേറിയവും ഇൻസെന്റീവും തടഞ്ഞതോടെ മുന്നോട്ടുപോകാനാകാതെ എല്ലാ വഴികളും അടഞ്ഞു.
സുജയുടെ വാക്കുകൾ:
ഞങ്ങൾ സമരം ചെയ്യുന്ന ആശമാർ ഉച്ചയ്ക്കു കഴിക്കുന്നത് കഞ്ഞിയാണ്. എല്ലാവരും ചേർന്ന് ഉണ്ടാക്കും. ചുട്ടുപൊള്ളുന്ന ചൂടായിരിക്കും. കൂടെ ചമ്മന്തി അല്ലെങ്കിൽ അച്ചാർ. അതു കഴിക്കുമ്പോൾ എന്റെ ഉള്ളാകെ പൊള്ളും. വീട്ടിൽ മക്കൾ കാത്തിരിപ്പുണ്ട്. അവരൊന്നും കഴിച്ചുകാണില്ല. രാവിലെ ഒരു കട്ടനിട്ടു കൊടുത്തിട്ടാണ് മിക്കവാറും ഇറങ്ങുന്നത്. രണ്ടു മാസമായി കയ്യിൽ പണമില്ല. വീട് എങ്ങനെയൊക്കെയോ കഴിഞ്ഞു പോകുന്നു. പ്രായം ചെന്ന മാതാപിതാക്കളും സഹോദരനും അടുത്താണ് താമസം. എന്റെ ചെറിയ വേതനത്തിലായിരുന്നു അവരുടെ കാര്യങ്ങളും നടന്നിരുന്നത്. മരുന്നും പലചരക്കും വാങ്ങണം. സഹോദരന്റെ വീട്ടിലെ കാര്യങ്ങൾക്കു സഹായിക്കണം. കിട്ടുന്നത് ഇതിനു ചെലവഴിച്ചാൽ നീക്കിയിരിപ്പു കാണില്ല. ആസ്മയും തൈറോയ്ഡും എന്നെ അലട്ടുന്നുണ്ട്. കൃത്യമായി മരുന്നു കഴിക്കണമെന്നു നിർദേശമുണ്ട്. പക്ഷേ, മരുന്ന് അടുത്ത മാസമാകട്ടെയെന്നു കരുതും. ഒരിക്കലും വാങ്ങാൻ പറ്റാറില്ല.
ഒരുപാടു വീടുകളിൽ പോകേണ്ടതുണ്ട്. ഞാൻ പോയിരുന്ന വീട്ടുകാരെല്ലാം സമരം തുടങ്ങിയതിൽപിന്നെ സഹതാപത്തോടെയാണ് നോക്കുന്നത്. സുജ ഇത്ര കുറഞ്ഞ വേതനത്തിലാണോ കഴിഞ്ഞിരുന്നതെന്നു ചോദിക്കും. വർഷങ്ങളായി ആശാ പ്രവർത്തകയായി പണിയെടുക്കുന്നു. കയ്യിൽ സമ്പാദ്യമില്ല.
മൂന്നു വർഷം മുൻപു ഭർത്താവ് മരിച്ചതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. നെട്ടയത്തുനിന്നു സെക്രട്ടേറിയറ്റിനു മുന്നിലെത്താൻ ബസിലും ഓട്ടോറിക്ഷയിലുമായി 100 രൂപയെങ്കിലും വേണ്ടിവരും. പലപ്പോഴും കടം വാങ്ങും. ഇവിടെ മറ്റ് ആശമാർക്കൊപ്പം വന്നിരിക്കുമ്പോൾ പലപ്പോഴും കരച്ചിൽ വരും.
വലിയ കാശൊന്നും ഞങ്ങൾ ചോദിക്കുന്നില്ലല്ലോ. തുച്ഛമായ വേതനം വർധിപ്പിച്ചു തരണം. അതുപോലും നൽകാൻ സർക്കാർ തയാറല്ല. പ്രശ്നങ്ങൾ കേൾക്കാൻപോലും മനസ്സു കാണിക്കുന്നില്ല.
കൊല്ലം സ്വദേശിയായ ഒരു ആശയുടെ മകൻ നട്ടെല്ലിനു പരുക്കേറ്റു തളർന്നു കിടക്കുകയാണ്. ആ മോനെ രാവിലെ കുളിപ്പിച്ചൊരുക്കി ഭക്ഷണം വാരിക്കൊടുത്താണ് അവർ മിക്ക ദിവസവും സമരത്തിനു വരുന്നത്. 50– 55 വയസ്സുള്ള ആശമാരെ കാണുന്നുണ്ടല്ലോ. അവരുടെ ഭർത്താക്കന്മാർ നിത്യരോഗികളാണ്. സമരം ചെയ്ത ഒരു ആശയെ രാത്രിയിൽ ഒപ്പംകൂട്ടി മടങ്ങുന്നതിനിടെ ഭർത്താവ് ഹൃദയാഘാതംമൂലം മരിച്ചതു മറക്കാനാവില്ല. മറ്റൊരാളുടെ ഭർത്താവിനു വൃക്കയ്ക്കു തകരാറാണ്. ഡയാലിസിസ് ചെയ്തു തിരികെ വീട്ടിലെത്തിച്ചാണ് സമരത്തിനു വരുന്നത്. അവരുടെ അമ്മ കാൻസർ രോഗിയാണ്. മിക്കവർക്കും പഠിക്കുന്ന കുട്ടികളുണ്ട്, വിവാഹം കഴിപ്പിച്ച് അയയ്ക്കേണ്ട പെൺകുട്ടികളുള്ളവരുണ്ട്. നിരാഹാരം അനുഷ്ഠിച്ച അനിതയുടെ വീട് ജപ്തിയുടെ വക്കിലായിരുന്നു. കിടപ്പാടം പോലുമില്ലാത്തവരും ഒട്ടേറെയാണ്.
ഹൃദയം പിളരുന്ന വേദനയോടെയാണ് ആശമാർ സമരമുഖത്തു പിടിച്ചുനിൽക്കുന്നത്. പലരെയും പാർട്ടിക്കാരും ഉദ്യോഗസ്ഥരും സമ്മർദത്തിലാക്കുന്നുണ്ട്. ഒന്നിലും തളരില്ല. ഇതു ജീവിക്കണം എന്ന ഞങ്ങളുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. സമൂഹത്തിലെ ഏറ്റവും നിസ്വരും അബലകളുമായ ഏതാനും സ്ത്രീകൾ നടത്തുന്ന ഈ സമരത്തെ അവഗണിച്ചും അവഹേളിച്ചുമാണ് അധികൃതർ മുന്നോട്ടുപോകുന്നത്. അത് കടുത്തനിന്ദയാണ്, അനീതിയാണ്. ഈ സർക്കാരിന് എത്രകാലം ഞങ്ങളെ തെരുവിൽ നിർത്താനാകും?