സ്ഥലംമാറ്റ പരാതികൾ തള്ളി സുപ്രീം കോടതി കൊളീജിയം

Mail This Article
ന്യൂഡൽഹി ∙ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ ജഡ്ജി അമിത് റാവലിനെ കേരള ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റാനുള്ള ശുപാർശ ആവർത്തിച്ച് സുപ്രീം കോടതി കൊളീജിയം. ഓഗസ്റ്റ് 28 ന്റെ ശുപാർശയ്ക്കെതിരെ ജസ്റ്റിസ് അമിത് റാവൽ ചീഫ് ജസ്റ്റിസിനു നിവേദനം നൽകിയിരുന്നു. ഈ ആവശ്യം തള്ളിയാണ് ചൊവ്വാഴ്ച ചേർന്ന കൊളീജിയം ശുപാർശ ആവർത്തിക്കാൻ തീരുമാനിച്ചത്. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ആയിരുന്ന അമിത് റാവലിനെ 2014 സെപ്റ്റംബറിലാണ് ജഡ്ജിയായി നിയമിച്ചത്.
അതേസമയം, പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലേക്ക് തെലങ്കാന ഹൈക്കോടതിയിലെ ജസ്റ്റിസ് പി വി സഞ്ജയ് കുമാറിനെ സ്ഥലം മാറ്റിയതിനെതിരെ തെലങ്കാനയിലെ അഭിഭാഷകർ ഒരാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചു. സഞ്ജയ് കുമാറിന് ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം നൽകണം എന്നാണ് ആവശ്യം.
തമിഴ്നാട്ടിലെ ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽ രമണിയെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റിയതും വിവാദമായി. 75 ജഡ്ജിമാരുള്ള മദ്രാസ് ഹൈക്കോടതിയിലെ സീനിയറായ ചീഫ് ജസ്റ്റിസ് പോകുന്നത് 3 ജഡ്ജിമാർ മാത്രമുള്ള മേഘാലയയിലേക്കാണ്. മേഘാലയ ചീഫ് ജസ്റ്റിസ് എ.കെ. മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്കു മാറ്റുകയും ചെയ്തു. സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വിജയ രമണി നൽകിയ നിവേദനവും കൊളീജിയം തള്ളി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളുടെയും ശിക്ഷ ശരിവച്ച ജസ്റ്റിസാണ് രമണി.