ദക്ഷിണേന്ത്യ പിടിക്കാൻ മോദിയുടെ നിർദേശം; ‘കേരളമടക്കം ഭരിക്കുന്ന കാലം വിദൂരമല്ല’

Mail This Article
ഹൈദരാബാദ്∙ ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായും പാർട്ടി വ്യാപനം ലക്ഷ്യമിട്ടും ബിജെപി മതസാഹോദര്യ ‘സ്നേഹ യാത്ര’കൾ നടത്തും. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഇതര പിന്നാക്ക വിഭാഗങ്ങളെയും പാർട്ടിയോട് അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഹിന്ദുക്കളല്ലാത്തവരിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി നേതാക്കളോടു ദേശീയ നിർവാഹക സമിതിയിൽ ആവശ്യപ്പെട്ടതായാണു വിവരം. സ്നേഹയാത്രയും മോദിയുടെ നിർദേശമാണ്.
അടുത്തകാലത്തു രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടായ വർഗീയസംഘർഷങ്ങൾ പ്രതിഛായയെ ബാധിച്ചുവെന്ന ആശങ്കയും പുതിയ നീക്കത്തിനു പിന്നിലുണ്ട്. ദേശീയ എക്സിക്യൂട്ടീവ് ഇക്കാര്യം ചർച്ച ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളെ കൂടെ നിർത്താൻ കുറച്ചു കാലമായി പാർട്ടി ശ്രദ്ധിക്കുന്നുണ്ട്. പി.സി.ജോർജിന്റേത് അടക്കമുള്ള വിഷയങ്ങളിൽ ബിജെപി എടുത്ത നിലപാടുകൾ അതിനനുസരിച്ചാണ്. ഉത്തരേന്ത്യയിൽ മുസ്‌ലിംകളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ ഉത്തർപ്രദേശിൽ വിജയം കണ്ടുവെന്നാണു ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ബിജെപിയുടെ വളർച്ചയുടെ രണ്ടാം ഘട്ടം ദക്ഷിണേന്ത്യയിൽ നിന്നായിരിക്കണമെന്നും ഉത്തരേന്ത്യയിൽനിന്നു വ്യത്യസ്തമായ സമീപനം ഇവിടെ വേണമെന്നുമാണു നേതൃത്വം കരുതുന്നതെന്നു ദേശീയ നേതാക്കളിലൊരാൾ ‘മനോരമ’യോടു പറഞ്ഞു. ഹൈന്ദവ ഇതര സമുദായങ്ങളിൽ പിന്നാക്കം നിൽക്കുന്നവരെയാണു പാർട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്. യുപിയിൽ ഈ തന്ത്രം വിജയിച്ചിരുന്നു.
മുത്തലാഖ് നിരോധനം പോലുള്ള വിഷയങ്ങളിൽ പാവപ്പെട്ട മുസ്‌ലിം വനിതകൾ ബിജെപിയോട് അനുകൂല നിലപാടെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവുമൊടുവിൽ യുപിയിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള അസംഗഡിലും റാംപുരിലും ബിജെപി ഉജ്വല വിജയം നേടി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്രഹിന്ദുത്വത്തെക്കാൾ മൃദുസമീപനത്തിനാണു പ്രസക്തിയെന്നു ചൂണ്ടിക്കാണിക്കപ്പെട്ടതായും അറിയുന്നു.
അടുത്ത 30–40 വർഷം ബിജെപി തന്നെ രാഷ്ട്രീയ പ്രമേയത്തിൽ; അമിത് ഷാ
കേരളമടക്കം സംസ്ഥാനങ്ങൾ ബിജെപി ഭരിക്കുന്ന കാലം വിദൂരമല്ലെന്നു ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം പറയുന്നു. അടുത്ത 30–40 വർഷം ബിജെപിയുടേതാണെന്നു പ്രമേയം അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യ വിശ്വഗുരുവാകുന്ന നാളുകളാണു വരാൻ പോകുന്നത്.
കേരളം, തെലങ്കാന, തമിഴ്നാട്, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലും ബിജെപി അധികാരത്തിലെത്തും. ദക്ഷിണേന്ത്യയാണു ബിജെപിയുടെ വളർച്ചയുടെ അടുത്ത ഘട്ടം. കോൺഗ്രസിന് ‘മോദി ഫോബിയ’ ബാധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
കുടുംബാധിപത്യത്തിന്റെയും ജാതിവാദത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും കാലം കഴിഞ്ഞെന്നും മികച്ച പ്രകടനത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തിനാണ് ഇനി സ്ഥാനമെന്നും ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം പറയുന്നു.
English Summary: BJP Sneh Yatra