നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ അന്തരിച്ചു

Mail This Article
അഹമ്മദാബാദ് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ (99) അന്തരിച്ചു. ബുധനാഴ്ച മുതൽ യുഎൻ മേത്ത കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്ന ഹീര ബെൻ ഇന്നലെ പുലർച്ചെ 3.30നാണ് അന്ത്യശ്വാസം വലിച്ചത്. തുടർന്ന് മൃതദേഹം ഗാന്ധിനഗറിലെ രായ്സെൻ ഗ്രാമത്തിലുള്ള മകൻ പങ്കജ് മോദിയുടെ വസതിയിലെത്തിച്ചു. രാവിലെ 9.30ന് ഗാന്ധിനഗർ ശ്മശാനത്തിൽ സംസ്കാരം നടത്തി. നരേന്ദ്രമോദിയും സഹോദരങ്ങളും അന്ത്യകർമങ്ങൾ നിർവഹിച്ചു.
പുലർച്ചെ ഡൽഹിയിൽനിന്നെത്തിയ പ്രധാനമന്ത്രി അമ്മയുടെ കാൽക്കൽ പുഷ്പചക്രം സമർപ്പിച്ചശേഷം നമസ്കരിച്ചു. തുടർന്ന് സഹോദരന്മാരോടൊപ്പം മാതൃദേഹം വഹിച്ച മഞ്ചൽ ചുമലിൽ വച്ച് വാനിൽ കയറ്റി. ശ്മശാനംവരെ അദ്ദേഹവും അതേ വാനിൽ ഒപ്പം സഞ്ചരിച്ചു.
അമ്മയുടെ വിയോഗത്തോടെ 100 വർഷത്തെ മഹത്തായ യാത്ര അവസാനിച്ചെന്നു ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി തുടർന്ന് ഔദ്യോഗിക പരിപാടികളിൽ സജീവമായി. കൊൽക്കത്ത മെട്രോ, ഹൗറ-ന്യൂ ജൽപായ്ഗുഡി വന്ദേ ഭാരത് എക്‌സ്പ്രസ് തുടങ്ങിയവയുടെ ഉദ്ഘാടനത്തിന് ബംഗാളിലേക്കു പോകാനിരുന്ന അദ്ദേഹം യാത്ര റദ്ദാക്കി ഗാന്ധിനഗറിലെ രാജ്ഭവനിൽ നിന്നു വിഡിയോ കോൺഫറൻസിങ്ങിലൂടെ ചടങ്ങ് നിർവഹിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മുൻ മുഖ്യമന്ത്രിമാരായ വിജയ് രൂപാണി, ശങ്കർസിങ് വഗേല, വ്യവസായ പ്രമുഖൻ ഗൗതം അദാനി തുടങ്ങിയ ഒട്ടേറെ പേർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. 1923 ജൂൺ 18ന് ഉത്തര ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീര ബെൻ ജനിച്ചത്. ഭർത്താവ് പരേതനായ ദാമോദർദാസ് മൂൽചന്ദ് മോദി. 6 മക്കളിൽ മൂന്നാമനാണു നരേന്ദ്ര മോദി. മറ്റു മക്കൾ: സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി, വാസന്തി ബെൻ
English Summary: Heeraben Modi passes away