അണുബാധയ്ക്ക് കാരണമെന്ന് സംശയം; ചീറ്റകളുടെ റേഡിയോ കോളറുകൾ നീക്കം ചെയ്യും
Mail This Article
ന്യൂഡൽഹി ∙ കുനോ ദേശീയോദ്യാനത്തിലെ 10 ചീറ്റകളുടെ റേഡിയോ കോളറുകൾ നീക്കം ചെയ്യും. ആഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തതിനു പിന്നാലെയാണു നടപടി. റേഡിയോ കോളറിൽ നിന്ന് അണുബാധയേറ്റായിരിക്കാം ചീറ്റകളുടെ മരണമെന്ന നിഗമനമാണ് ഇതിനു കാരണം. എന്നാൽ, ഈ വാദത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതികരണം. ചീറ്റ പദ്ധതി വിജയമോ പരാജയമോ എന്നു നിർണയിക്കാനുള്ള സമയമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ, റേഡിയോ കോളർ ഉരഞ്ഞുണ്ടായ മുറിവിലൂടെ രക്തത്തിൽ അണുബാധയുണ്ടായതാകാം ചീറ്റകളുടെ മരണകാരണമെന്നാണു പ്രൊജക്ട് ചീറ്റയുടെ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷൻ രാജേഷ് ഗോപാൽ പറഞ്ഞത്. സമാന അഭിപ്രായമാണ് മധ്യപ്രദേശ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജെ.എസ്.ചൗഹാനും പങ്കുവച്ചത്. അതേസമയം, ഇതു മാത്രമായിരിക്കില്ല കാരണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച 2 ചീറ്റകളുടെയും വൃക്കകൾക്കും മറ്റ് ആന്തരാവയങ്ങൾക്കും കേടുണ്ടായിരുന്നു.
നമീബിയിൽ നിന്നെത്തിയ ഇരട്ടകളായ ചീറ്റകൾക്കു കൂടി രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണു റേഡിയോ കോളർ മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ 4 മാസത്തിനുള്ളിൽ 8 ചീറ്റകളാണ് ചത്തത്. അതിനിടെ, ചീറ്റകൾ ചത്തതിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു കോൺഗ്രസ് രംഗത്തെത്തി. ചീറ്റകളുടേതു സ്വാഭാവിക മരണമാണെന്ന ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രേരണ കൊണ്ടു മാത്രമാണെന്നു കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.
English Summary: Radio collars to go off from Cheetah at Kuno national park after 3 deaths