ADVERTISEMENT

ന്യൂഡൽഹി ∙ മണിപ്പുരിലെ ബിജെപി സർക്കാരിനോട് ജനങ്ങൾക്ക് കടുത്ത രോഷമാണെന്നു തുറന്നുപറഞ്ഞ് പാർട്ടി സംസ്ഥാന നേതൃത്വം ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കു കത്തയച്ചു. മാസങ്ങളായി തുടരുന്ന കലാപം അമർച്ച ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം 2 മെയ്തെയ് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷ എ.ശാരദാദേവിയുടെ വീടിനും മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ കുടുംബ വീടിനും നേരെ ആക്രമണമുണ്ടായിരുന്നു. ഒരു ബിജെപി ഓഫിസ് കത്തിക്കുകയും ചെയ്തു. ആറാം തവണയാണ് ബിജെപി പ്രസിഡന്റിന്റെ വീടിനു നേരെ ആക്രമണമുണ്ടാവുന്നത്. അതിനു ശേഷമാണ് ശാരദാദേവി, വൈസ് പ്രസിഡന്റ് ചിദാനന്ദ സിങ് എന്നിവരും മറ്റ് 6 മുതിർന്ന നേതാക്കളും ഒപ്പിട്ട കത്ത് നഡ്ഡയ്ക്ക് അയച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. വീടു വിട്ടോടിയ ജനങ്ങളെ പുനരധിവസിപ്പിക്കുക, നഷ്ടപ്പെട്ട സ്വത്തിനും ജീവനും മതിയായ നഷ്ടപരിഹാരം നൽകുക, സേനകളുടെ നിയന്ത്രണാധികാരം ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരിനു നൽകുക, കലാപശ്രമങ്ങളെ തീവ്രവാദമായി കണ്ടു നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തിലുണ്ട്. സംസ്ഥാന സർക്കാ‍രും പാർട്ടി സംസ്ഥാന ഘടകവും രാപകൽ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലിക്കുന്നില്ലെന്ന് കത്തിൽ പറഞ്ഞു. കത്തിനെക്കുറിച്ചു പ്രതികരിക്കാൻ ബിജെപി ദേശീയ നേതൃത്വം തയാറായിട്ടില്ല. 

ഗൂഢാലോചന: 2 പേർ അറസ്റ്റിൽ

ഇംഫാൽ ∙ മണിപ്പുരിലെ കലാപം മുതലെടുത്ത് രാജ്യത്ത് സംഘർഷം സൃഷ്ടിക്കാൻ രാജ്യാന്തര ഗൂഢാലോചന നടത്തിയ സംഘത്തിലെ രണ്ടാമത്തെയാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ചുരാചന്ദ്പുരിലെ സെയ്മിൻലൻ ഗാഗ്തെയെ ആണ് മ്യാൻമറും ബംഗ്ലദേശും അടക്കമുള്ള രാജ്യങ്ങളിലെ ഭീകരസംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ പിടികൂടിയത്. 

വിദ്യാർഥികളുടെ മരണം: മെയ്തെയ് വിഭാഗവും മുഖ്യമന്ത്രിക്കെതിരെ

കൊൽക്കത്ത ∙ മണിപ്പുരിൽ 2 വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റവാളികൾ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. മെയ്തെയ് വിഭാഗത്തിന്റെ രോഷം മുഖ്യമന്ത്രിക്കു നേരെ തിരിഞ്ഞതിനു തൊട്ടുപിന്നാലെയായിരുന്നു ബിരേൻ സിങ്ങിന്റെ പ്രതികരണം.

ഇംഫാലിൽ കഴിഞ്ഞ ദിവസവും ജനങ്ങൾ തെരുവിലിറങ്ങി. ഇതിനിടെ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോൽ ഇന്നലെ ഇംഫാലിൽ റാലി നടത്തി. കലാപത്തിന്റെ ആദ്യനാളുകളിൽ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത് ആരംഭായ് തെംഗോൽ ആയിരുന്നുവെന്നാണ് കുക്കി ഗോത്ര വിഭാഗക്കാർ ആരോപിച്ചിരുന്നത്.

ഇത്ര വെറുപ്പ് ഇതാദ്യം: സംസ്ഥാന അധ്യക്ഷ

30 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് ഒരു പാർട്ടിയോട് ജനങ്ങൾക്ക് ഇത്രയും വെറുപ്പു കണ്ടിട്ടില്ലെന്ന് മണിപ്പുർ ബിജെപി സംസ്ഥാന അധ്യക്ഷ എ.ശാരദാദേവി മാധ്യമങ്ങളോടു പറ‍ഞ്ഞു. പ്രശ്നങ്ങൾ പറയാൻ വരുന്നവർക്ക് രോഷമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇതുപോലൊരു വിദ്വേഷം കണ്ടിട്ടില്ല. സാധാരണ ജീവിതം നഷ്ടപ്പെട്ടതിൽ ജനങ്ങൾക്ക് വലിയ ദേഷ്യമുണ്ടെന്നും അവർ പറഞ്ഞു.

English Summary: Manipur BJP has sent a letter to the leadership saying people hate the state government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com