ADVERTISEMENT

കളിക്കാരനായി വിരമിച്ച ശേഷമായിരിക്കും പൊതുവേ എല്ലാവരും അംപയറുടെ വേഷം സ്വീകരിക്കുക. ടിക്കാറാം മീണയുടെ കാര്യത്തിൽ ഇതു നേരെ തിരിച്ചാണ്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി പക്ഷംപിടിക്കാതെ തീരുമാനങ്ങളെടുത്ത അദ്ദേഹം വിരമിച്ചശേഷം രാജസ്ഥാൻ രാഷ്ട്രീയത്തിൽ കളിക്കാരനായി ഇറങ്ങി. അതും കോൺഗ്രസിന്റെ പക്ഷം ചേർന്ന്. ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ആമസോണിലല്ല, രാജസ്ഥാനിലാണെന്ന് കോൺഗ്രസിന്റെ പ്രകടപത്രിക വന്നപ്പോൾ എല്ലാവരും മനസ്സിലാക്കിയിരിക്കും. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, ഗൃഹനാഥയ്ക്ക് പ്രതിവർഷം 10,000 രൂപ എന്നിങ്ങനെ കണ്ണുതള്ളിപ്പോകുന്ന വാഗ്ദാനങ്ങളാണ് കോൺഗ്രസ് ഇത്തവണ രാജസ്ഥാനിൽ  മുന്നോട്ടുവയ്ക്കുന്നത്. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ– കൺവീനറാണ് ടിക്കാറാം മീണ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിനൊപ്പം സ്വന്തം വീടുപണിയുടെ ഓട്ടപ്പാച്ചലിൽക്കൂടിയാണ് അദ്ദേഹം.

വിരമിച്ച ശേഷമാണ് നാട്ടിൽ സ്വന്തമായി ഒരു വീടു വേണമെന്നു തോന്നിയത്. ജയ്പുരിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ സീതാപുര കർണിവിഹാറിൽ ഇപ്പോൾ  വീടുപണി അവസാനഘട്ടത്തിലെത്തി നിൽക്കുന്നു. വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ പ്രധാനഹാളിൽത്തന്നെയുണ്ട് ഏകദേശം ആൾപ്പൊക്കത്തിലുള്ള നിലവിളക്ക്. തൃശൂർ കലക്ടറായിരിക്കെ ഗുരുവായൂരിൽനിന്നു വാങ്ങിയത്. ഒപ്പം സദാ പുഞ്ചിരിക്കുന്ന മീണയുടെ മുഖവും പറയുന്ന തെളിമലയാളവും കൂടിയാകുമ്പോൾ രാജസ്ഥാനിലെ കേരളഹൗസായി ഈ വീട് മാറുന്നു. പണിക്കാർ വീട്ടുസാധനങ്ങൾ ഒരുക്കിവയ്ക്കുന്നതിനിടെ കേരളത്തിന്റെ മുൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായ ടിക്കാറാം മീണ രാജസ്ഥാൻ തിരഞ്ഞെടുപ്പിനെക്കുറിച്ച് മനോരമയോടു സംസാരിച്ചപ്പോൾ.

മൂന്നു പതിറ്റാണ്ടിനിടെ ഒരു പാർട്ടിക്കും ഭരണത്തുടർച്ച കിട്ടിയിട്ടില്ല. അങ്ങനെ വരുമ്പോൾ ട്രെൻഡിന് വിപരീതമായി പുതിയൊരു വീടുപണിയാനാണ് കോൺഗ്രസിന്റെ ശ്രമം. പൂർത്തിയാക്കാനാകുമോ?

∙ ഇത്തവണ ആ ട്രെൻഡിന് മാറ്റം തീർച്ചയായും ഉണ്ടാകും. കാരണം അത്രയേറെ ക്ഷേമപദ്ധതികളാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഭരണം ലഭിച്ചാൽ ഭാവിയിൽ നടപ്പാക്കാൻ പോകുന്നത്. ഗൃഹനാഥയ്ക്ക് വർഷത്തിൽ 10000 രൂപ വീതം, കോളജ് വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്, സൗജന്യ ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസം, പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കൽ, പ്രകൃതിദുരന്തത്തിൽ നിന്നു സാമ്പത്തിക സുരക്ഷ നൽകാൻ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് എന്നിങ്ങനെ ജനങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളാണ് കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളത്. പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന പല ക്ഷേമപദ്ധതികളും ഈ കോൺഗ്രസ് സർക്കാർ നടപ്പാക്കിത്തുടങ്ങിയിട്ടുള്ളതാണ്. അവയുടെ തുടക്കം നേരത്തേയുണ്ടായി. പ്രകടനപത്രികയിൽ ഇപ്പോൾ അക്കാര്യങ്ങൾ ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു എന്നു മാത്രം. ഈ ക്ഷേമപദ്ധതികളുടെ ഫലം തീർച്ചയായും കോൺഗ്രസിനുണ്ടാകും. കേരളം മുൻപു കാണിച്ചുതന്ന മാതൃക രാജസ്ഥാനിലെ ഇപ്പറഞ്ഞ പല ക്ഷേമപദ്ധതികളുടെ പിന്നിലും കാണാം.‌

പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ തീരുമാനിച്ചതെങ്ങനെയാണ്?

∙ 21 അംഗ കമ്മിറ്റിയാണ് ഇതിനായി നിയോഗിക്കപ്പെട്ടത്. അതിന്റെ കോ–കൺവീനറായിരുന്നു ഞാൻ. ‘മിഷൻ 2030’ ക്യാംപെയ്നിന്റെ ഭാഗമായി ജനങ്ങളിൽനിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും രാജസ്ഥാൻ സർക്കാർ നേരത്തേ തന്നെ സ്വരൂപിച്ചു തുടങ്ങിയിരുന്നു. ഏകദേശം 2.5 കോടി നിർദേശങ്ങളാണ് ഓൺലൈനായി ലഭിച്ചത്. ഇതിൽനിന്ന് മാനിഫെസ്റ്റോ കമ്മിറ്റി പലതവണ ചർച്ച ചെയ്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തി.

സൗജന്യങ്ങൾ വാരിക്കോരി നൽകുക മാത്രമാണ് ചെയ്യുന്നത്. കൂടുതൽ വ്യവസായങ്ങളും സംരംഭങ്ങളും കൊണ്ടുവന്ന് തൊഴിലവസരം സൃഷ്ടിക്കാൻ ശ്രമിക്കുന്നില്ല എന്ന് ബിജെപി പറയുന്നുണ്ടല്ലോ?

∙ ബിജെപി എന്താണ് ചെയ്യുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവൻ സ്വകാര്യവ്യക്തികൾക്കു വിറ്റഴിക്കുന്നു. വ്യവസായികൾക്കായി സൗജന്യങ്ങൾ നൽകുകയും അവർ വലിയ തുക ബാങ്കുകളിൽ വായ്പയെടുത്തശേഷം മുങ്ങുകയും ചെയ്യുന്നു. പക്ഷേ, കോൺഗ്രസ് നടപ്പാക്കുന്ന ക്ഷേമപദ്ധതികളെല്ലാം നേരിട്ട് സാധാരണക്കാരുടെ കയ്യിലേക്കെത്തുന്നതാണ്. അതിന്റെ വ്യത്യാസം വിപണിയിലും ജനങ്ങളുടെ ജീവിത നിലവാരത്തിലും കാണാനുമുണ്ട്. ജിഡിപിയിൽ, ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സിലെല്ലാം രാജസ്ഥാൻ മുന്നോട്ടാണ്. ബിജെപിക്ക് അതിനു കഴിഞ്ഞില്ല. കോൺഗ്രസിനു സാധിച്ചു. അസൂയമൂത്തുള്ള ആരോപണങ്ങളാണ് ഇതെല്ലാം. 

സച്ചിൻ– ഗെലോട്ട് പ്രശ്നം കോൺഗ്രസ് പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കുമോ?

∙ തർക്കങ്ങൾ ഏതു പാർട്ടിയിലാണ് ഇല്ലാത്തത്. വസുന്ധര രാജെയ്ക്കെതിരെ നാലും അഞ്ചും ഗ്രൂപ്പുകളെത്തന്നെ ബിജെപി കേന്ദ്രനേതൃത്വം കളത്തിലിറക്കിയിട്ടില്ലേ. 2018 തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കോൺഗ്രസിനെ സച്ചിൻ പൈലറ്റ് പ്രാപ്തനാക്കി. അദ്ദേഹം ചെറുപ്പക്കാരനാണ്. സ്വാഭാവികമായും മുഖ്യമന്ത്രി പദം തനിക്കവകാശപ്പെട്ടതല്ലേയെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. അതേസമയം, ഗെലോട്ടിനെ ഒഴിവാക്കാനാകുമോ? എത്രയോ സീനിയറാണ് അദ്ദേഹം. ഒപ്പം രാജസ്ഥാൻ രാഷ്ട്രീയത്തിൽ വളരെ ശക്തനും. കോൺഗ്രസ് ഹൈക്കമാൻഡ് വളരെ പക്വമായ നിലപാട് ഇക്കാര്യത്തിലെടുത്തു. ഇവരെ ഒന്നിപ്പിച്ചു. കോൺഗ്രസ് ഒറ്റക്കെട്ടായിത്തന്നെയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 

ജാതിസർവേ നടത്തുമെന്ന പ്രഖ്യാപനത്തെക്കുറിച്ച്?

∙ നിലവിൽ ഇവിടെ തുല്യതയുണ്ടെന്ന ധാരണയാണ് ജാതിസർവേയെ സംശയത്തോടെ വീക്ഷിക്കുന്നതിനു പിന്നിൽ. അതേസമയം, ബിജെപി ഇതിനെ എതിർക്കുന്നതാകട്ടെ സവർണ മേധാവിത്വം നിലനിർത്തണമെന്ന ആശയത്തിന്റെ പുറത്തും. സംവരണം ഉണ്ടെങ്കിലും ഏറ്റവും വലിയ ഉദ്യോഗങ്ങളിൽ ഇരിക്കുന്നതാരാണെന്നു നോക്കിയിട്ടുണ്ടോ? രാഷ്ട്രീയാധികാരം കയ്യാളുന്നവർ ആരാണെന്നു നോക്കിയിട്ടുണ്ടോ? അത് സവർണരാണ്. മുന്നോക്ക വിഭാഗക്കാരാണ്. ആർഎസ്എസിന്റെ നേതൃസ്ഥാനത്തേക്ക് ഒരു ദലിതനെ കൊണ്ടുവരാൻ അവർക്കു കഴിയുമോ. ജോലി ചെയ്യുന്നതും വിയർപ്പൊഴുക്കുന്നതുമെല്ലാം ഭൂരിപക്ഷമായ പിന്നാക്കവിഭാഗക്കാരും ഫലം അനുഭവിക്കുന്നതാകട്ടെ സംഖ്യയിൽ ന്യൂനപക്ഷമായ മുന്നാക്കവിഭാഗക്കാരും. സംവരണം പൂർണമായി നിർത്തലാക്കാൻ തയാറാണ്. പകരം രാഷ്ട്രീയ അധികാരം കൈമാറാൻ മുന്നാക്കവിഭാഗക്കാർ തയാറാകുമോ? എല്ലാ പാർട്ടിയിലും ഒന്നോരണ്ടോ പിന്നാക്കവിഭാഗത്തിൽനിന്നുള്ളവർ ഉണ്ടായിരിക്കാം. പക്ഷേ, അവരുടെ ചരടിരിക്കുന്നത് സവർണരുടെയും മുന്നാക്കക്കാരുടെയും കൈകളിലാണ്. ഇതിനൊരു മാറ്റം വന്നേ പറ്റൂ. 

ഇഡി പരിശോധനകളെപ്പറ്റി

∙ കേന്ദ്ര ഏജൻസികളായ സിബിഐയും ഇഡിയുമെല്ലാം സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ചിരിക്കുന്നു. അധികാരം പിടിക്കാൻ ഇവയെ ഉപയോഗിക്കുകയാണ്. സംശയമുണ്ടെങ്കിൽ അന്വേഷണം നടത്തേണ്ടത് തിരഞ്ഞെടുപ്പിനു മുൻപു വേണമായിരുന്നു. ഇപ്പോൾ ആളുകളെ ഭീഷണിപ്പെടുത്താനായി തിരഞ്ഞെടുപ്പ് സമയത്ത് നടത്തുന്നു. അന്വേഷിക്കാനെത്തുന്നവർ തന്നെ നിങ്ങളുടെ വീട്ടിൽ പണം കൊണ്ടുവച്ചാലോ? സംശയമുണ്ടെങ്കിൽ ആദ്യം നോട്ടിസ് നൽകണം, അവർക്കു പറയാനുള്ളതു കേൾക്കണം. ഇതൊക്കെയാണ് നടപടിക്രമങ്ങൾ. അങ്ങനെയല്ലാതെ നടക്കുക ഏകാധിപത്യത്തിലും അടിയന്തരാവസ്ഥ പോലെ നിയമവാഴ്ചയില്ലാത്ത കാലത്തുമാണ്. ഇതിൽ ഏതിലാണ് നമ്മളിപ്പോൾ എന്നകാര്യം തിരിച്ചറിയണം. തിരഞ്ഞെടുപ്പ് സുതാര്യമായ പ്രക്രിയയാണ്. ഇതിൽ ഇത്തരത്തിലുള്ള ഭീഷണികൾ വന്നു ചേരാതിരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ ശ്രദ്ധ അടിയന്തരമായി വേണം. 

കോൺഗ്രസിൽ ചേരാൻ കാരണം

∙ സവായ് മാധോപൂരിൽ നല്ല ജനപിന്തുണയുള്ള കുടുംബമാണ് ഞങ്ങളുടേത്. പിതാവ് ജയറാം മീണ സ്വാതന്ത്ര്യസമരസേനാനിയും പുര ജൊലന്തയിലെ ഗ്രാമമുഖ്യനുമായിരുന്നു. കോൺഗ്രസ് അനുഭാവി കൂടിയായിരുന്നു അദ്ദേഹം. ഔദ്യോഗിക സർവീസിൽനിന്നു വിരമിച്ചതിനുശേഷം കോൺഗ്രസിൽനിന്നും ബിജെപിയിൽ നിന്നും ക്ഷണം വന്നിരുന്നു. ഞാനെന്റെ വേരുകളോർത്തു. കോൺഗ്രസിൽ ചേർന്നു.

English Summary:

Teeka Ram Meena Rajasthan Congress manifesto committee co-convenor for assembly election 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com