പാർലമെന്റ് ആക്രമിക്കും; ഭീഷണിയുമായി സിഖ് ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നു

Mail This Article
ന്യൂയോർക്ക് ∙ ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ആക്രമിക്കുമെന്ന് സിഖ് ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നു ഭീഷണി മുഴക്കി. യു എസിൽ വച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും അതിനു പ്രതികാരമായി ഈ മാസം 13ന് പാർലമെന്റ് ആക്രമിക്കുമെന്നുമാണ് വിഡിയോയിലൂടെയുള്ള ഭീഷണി. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനമാണ് ഡിസംബർ 13. ഖലിസ്ഥാൻ ഹിതപരിശോധന നടത്തിയതിന്റെ പേരിൽ മോദി സർക്കാർ തന്നെ കൊലപ്പെടുത്താൻ ആളെ ഏർപ്പാടു ചെയ്തതായി പന്നു ആരോപിച്ചു.
നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനാണ് പന്നു. 2020 ജൂലൈയിൽ ഇയാളെ ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ചു. പന്നുവിന്റെ ഭീഷണിയെപ്പറ്റി ഇന്ത്യ പ്രതികരിച്ചിട്ടില്ല. എന്നാൽ ഭീഷണി ഗൗരവത്തിലെടുത്ത് സുരക്ഷാ ഏജൻസികൾ ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചു.